Latest NewsNewsIndia

ശസ്ത്രക്രിയ വിജയകരം; പുതുജീവിതത്തിലേക്ക് സയാമീസ് ഇരട്ടകള്‍

ന്യൂഡല്‍ഹി: ജഗയ്ക്കും കാലിയയ്ക്കും ഈ പുതുവര്‍ഷം പുതുജീവിതം കൂടിയാണ്. ഒന്നായി ജനിച്ചവര്‍ രണ്ടായി കഴിയാന്‍ തുടങ്ങിയതിനു ശേഷമുള്ള ആദ്യ പുതുവര്‍ഷദിനം. ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെ വേര്‍പ്പെട്ട സയാമീസ് ഇരട്ടകള്‍ പുതുജീവിതത്തിലേക്ക് പിച്ചവെച്ചു കഴിഞ്ഞു.

ഒഡിഷയിലെ കന്ദമാല്‍ സ്വദേശികളായ പുഷ്പാഞ്ജലി കന്‍ഹാറിന്റെയും ഭുയന്‍ കന്‍ഹാറിന്റെയും മക്കളായ ജഗന്നാഥും (ജഗ) ബല്‍റാമും (കാലിയ) ജനിച്ചത് ഒട്ടിച്ചേര്‍ന്ന തലകളുമായാണ്. ഇന്ത്യയില്‍ ആദ്യമായാണ് തലകള്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തിയത്. രണ്ടായുള്ള ജീവിതം ആരംഭിച്ചിട്ട് രണ്ടു മാസം തികഞ്ഞു.

അവസാന ശസ്ത്രക്രിയയ്ക്കു ശേഷം കാലിയയുടെ നില ഗുരുതരമായി തുടര്‍ന്നത് ഡോക്ടര്‍മാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്നു കാലിയ. ഇപ്പോള്‍ നില മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് എയിംസിലെ ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ട്യൂബിലൂടെയാണ് ഭക്ഷണവും വെള്ളവും കൊടുക്കുന്നത്. ഇടയ്ക്ക് കണ്ണുതുറന്ന് അച്ഛനമ്മമാരെ നോക്കി അവന്‍ പുഞ്ചിരിക്കും.

20 മണിക്കൂര്‍ നീണ്ട ആദ്യ ശസ്ത്രക്രിയയില്‍ മസ്തിഷ്‌കത്തിലെ ഞരമ്പുകള്‍ വേര്‍പ്പെടുത്തുകയാണ് ചെയ്തത്. ഒക്ടോബറില്‍ നടന്ന രണ്ടാമത്തെ ശസ്ത്രക്രിയയില്‍ തലകള്‍ പൂര്‍ണമായും വേര്‍പ്പെടുത്തി. തലകള്‍ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയയുടെ സമയത്ത് ജഗയ്ക്ക് ഹൃദയാഘാതമുണ്ടായത് വലിയ വെല്ലുവിളിയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അരമണിക്കൂര്‍ നേരം ശസ്ത്രക്രിയ നിര്‍ത്തി ഹൃദയമിടിപ്പ് നേരേയാക്കാനുള്ള ശ്രമമായിരുന്നു. ഇപ്പോള്‍ ജഗയുടെ ആരോഗ്യനില തൃപ്തികരമാണ്. എണീറ്റുനില്‍ക്കാനും പിടിച്ചുനടക്കാനും അവനാകും.

ഇരുവരുടെയും തലച്ചോറുകള്‍ക്ക് സാധാരണനിലയിലേതിനേക്കാളും ഭാരം കുറവാണ്. 700-800 ഗ്രാം തൂക്കം ഉണ്ടാകേണ്ട സ്ഥാനത്ത് 400-500 ഗ്രാം മാത്രമേയുള്ളൂ. തലയില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് പുതിയ ചര്‍മം വെച്ചുപിടിപ്പിച്ചു.

ജൂലായ് 13-നാണ് കുട്ടികളെ ആദ്യമായി എയിംസില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ചികിത്സച്ചെലവിനായി ഒഡിഷ സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കിയിരുന്നു. വിദേശികളടക്കം മുപ്പതോളം ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധസംഘമാണ് കുട്ടികളെ ചികിത്സിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button