KeralaLatest NewsNews

‘ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്‌ലാറ്റ്’ എന്ന വരിയില്‍ കൊളുത്തി വെച്ചത് ഒരു ഇരട്ടത്താപ്പ്; എം സ്വരാജിന്റെ ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ശാരദക്കുട്ടി

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനോടൊപ്പമുള്ള ചിത്രങ്ങൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എം. സ്വരാജ് എം.എൽ.എ രംഗത്തെത്തിയിരുന്നു. എന്നാൽ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്‌ലാറ്റ്’ എന്ന വരിയില്‍ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാൻ പറയുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും പരസ്പരം കാവല്‍ നില്‍ക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണെന്നും ശാരദക്കുട്ടി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സഖാവ് M സ്വരാജ് എഴുതിയ fb പോസ്റ്റ് വായിച്ചു.

സ്നേഹിതയായ ഷാനി പ്രഭാകരനു നൽകിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ഷാനി ആ ആദരവ് അർഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്‍റെ’ സുഹൃത്ത്‌ എന്നാല്‍ ‘ഞാന്‍’ തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. . അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം..

എന്നാൽ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാൻ വരുന്നവരെ നേരിടുമ്പോൾ, നമ്മുടെ ഇടതു പക്ഷ സഖാക്കൾ ഈ അർഥങ്ങൾ മറന്നു പോകുന്നതെങ്ങനെ? ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നത്!!.
AkG വിഷയത്തിൽ ബൽറാമിനെ നേരിടുമ്പോൾ സഖാക്കൾ നടത്തിയ ന്യായീകരണവാദത്തിലും ഇത് ഞാൻ സൂചിപ്പിച്ചതാണ്.

fb പോസ്റ്റിൽ “ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്” എന്ന വരിയിൽ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും പരസ്പരം കാവൽ നിൽക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭർത്താവില്ലാത്തപ്പോഴും സ്നേഹിതയെ/ സ്നേഹിതനെ ഫ്ലാറ്റിലേക്കു വിളിക്കാനും സൽക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാൻ സൗകര്യം കൊടുക്കാനും നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരർഥമുള്ള വാക്ക്. മനസ്സിന്റെയുൾപ്പെടെ എല്ലാ വാതിലുകളും നിർഭയരായി , മലർക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കൾ. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യം?

ഏതൊരു സാധാരണ മലയാളിയേയുംകാൾ അല്പം പിന്നിലാണ് ഈ വിഷയത്തിൽ ഇടതുപക്ഷ ആൺ/പെൺ സഖാക്കൾ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുoബ വ്യവഹാരത്തിനകത്ത് മെയിൽ ഷോവനിസം ഒരുറച്ച യാഥാർഥ്യമായിത്തന്നെ നിൽക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാൻ അവർക്കെന്താണ് കഴിയാതെ പോകുന്നത്?

അവൾ/ അവൻ ഞാൻ തന്നെ എന്നു പറയാൻ ധൈര്യപ്പെടുന്ന സഖാക്കൾ ഉണ്ടാവണം.

ഒരു റൂമിക്കഥ. സഖാക്കൾ വായിക്കണം

“ആരാണ്?”
അയാൾ പറഞ്ഞു ,”ഞാനാണ്”
“നമുക്ക് രണ്ടു പേർക്ക് ഈ മുറിയിൽ ഇടമില്ല” അവൾ പറഞ്ഞു
വാതിലടഞ്ഞു. ഒരു വർഷത്തെ ഏകാന്ത വാസത്തിനും വിയോഗത്തിനും ശേഷം അയാൾ വീണ്ടും വന്ന് വാതിലിൽ മുട്ടി
അവൾ ചോദിച്ചു
“ആരാണ്?”
അയാൾ പറഞ്ഞു
“ഇത് നീയാണ്”
അയാൾക്കു വേണ്ടി വാതിൽ തുറക്കപ്പെട്ടു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Tags

Related Articles

Post Your Comments


Back to top button
Close
Close