Latest NewsArticleParayathe VayyaWriters' CornerEditor's Choice

യാഥാർഥ്യം തിരിച്ചറിയാത്ത താത്വിക വിശകലനങ്ങൾ ത്രിപുരയിലെത്തുമ്പോൾ

അഞ്ജു പാർവതി പ്രഭീഷ്

ത്രിപുരയിലെ തെരഞ്ഞെടുപ്പും ജയപരാജയങ്ങളും മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങൾ അനവധിയാണ്. താത്വികമായ വിശകലനങ്ങളും അവലോകനങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും രാഷ്ട്രീയ അണിയറകളിൽ ചൂടൻ ചർച്ചകൾക്ക് വഴിമാറുമ്പോൾ യാഥാർത്ഥ്യമറിയാതെ പകച്ചു നിന്നുപോകുന്നത് ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയിലെ അണികളോ അനുയായികളോ അനുഭാവികളോ അല്ലാത്ത നിഷ്പക്ഷമതികളായ വലിയൊരു ശതമാനം സാധാരണ ജനങ്ങളാണ്.

രണ്ടര പതിറ്റാണ്ടായി ഭരിച്ചു കൊണ്ടിരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ അടിയറവ് പറയിച്ചു കൊണ്ട് ഇന്നലെ വരെ അവിടെ ഒന്നുമല്ലാതിരുന്ന കാവിക്കൊടി ആധിപത്യം നേടിയപ്പോൾ തച്ചുടയ്ക്കപ്പെട്ടത് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളും കാലാകാലങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ തത്വശാസ്ത്രവുമായിരുന്നു. ത്രിപുര തെരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ ചുവപ്പ് കോട്ടകളിൽ ഇത് വല്ലാത്ത അസ്വസ്ഥത പടർത്തിയെന്നത് പരസ്യമായ രഹസ്യം. അതോടൊപ്പം ചുവപ്പ് കോട്ടകളിലെ അകത്തളങ്ങളിൽ തല പുകഞ്ഞ ചുവപ്പ് പോരാളികൾ പരാജയ കാരണത്തിന്റെ രസതന്ത്രങ്ങൾ മെനഞ്ഞു. അവയിൽ പണാധിപത്യവും കുതിരക്കച്ചവടവും ത്രിപുരയിലെ വോട്ടർമാരുടെ പിടിപ്പുകേടും കോൺഗ്രസ്സിന്റെ വോട്ടു ശരാശരിയും ചോർച്ചയും കോൺഗ്രസ്സ് ബി ജെ പി അവിശുദ്ധ ബന്ധവും മണിക് സർക്കാരിന്റെ ലളിത ജീവിതവുമൊക്കെ ഉൾപ്പെട്ടെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഇടതുപക്ഷം ഏറെക്കുറെ നിഷ്കാസിതമായതെന്തുകൊണ്ടെന്ന ആത്മപരിശോധന മാത്രം ഉൾപ്പെട്ടില്ല.

സാക്ഷരതയിൽ മുമ്പിട്ടു നില്ക്കുന്ന ത്രിപുരയിലെ വോട്ടർമാർ പണാധിപത്യത്തിനു മുന്നിൽ ജനാധിപത്യത്തെ മറന്നുവെങ്കിൽ ആ സാക്ഷരത കൊണ്ട് അവരെന്തു നേടി?? അങ്ങനെയെങ്കിൽ സാക്ഷരത മാത്രമുളള എന്നാൽ ചിന്താശേഷി മരവിച്ച വെറുമൊരു സമൂഹം മാത്രമായി അവർ മാറിയിരുന്നോ??അത്തരത്തിൽ ചിന്താശേഷി മരവിച്ച ജനങ്ങൾ തന്നെയായിരുന്നില്ലേ കഴിഞ്ഞ 25 വർഷമായി ഇടതു പക്ഷ സർക്കാരിനെയും തെരഞ്ഞെടുത്തിരുന്നത്? അപ്പോൾ ആ 25 വർഷത്തെ തെരഞ്ഞെടുപ്പും ബുദ്ധിപരമായ ഒന്നായിരുന്നുവെന്ന് പറയാൻ കഴിയില്ലല്ലോ,അല്ലേ! വിദ്യ കൊണ്ട് പ്രബുദ്ധരാകുന്നുവെന്ന ചൊല്ല് അന്വർത്ഥമാണെങ്കിൽ ഒരു കാര്യം കൂടി ഓർമിക്കുക.ഇടതു പക്ഷ ഭരണം കൊണ്ടാണ് ത്രിപുരയിൽ ജനങ്ങൾ സാക്ഷരരായതെങ്കിൽ അതേ സാക്ഷരത കൊണ്ട് അവർ പ്രബുദ്ധരായെങ്കിൽ അവർ തള്ളേടതിനെ തളളി കൊള്ളേടണ്ടതിനെ തെരെഞ്ഞെടുത്തുവെന്നു വേണ്ടേ അനുമാനിക്കാൻ!

49 സീറ്റിൽ നിന്നും 17ലേക്കും 64 ശതമാനത്തിൽ നിന്നും 43.3 ശതമാനത്തിലേക്കും കൂപ്പുകുത്തിയ പാർട്ടി എന്തിനാണ് യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടി വസ്തുതകളെയും കണക്കുകളെയും വളച്ചൊടിക്കുന്നത്? പതിറ്റാണ്ടുകൾ ഭരിച്ച ഉറച്ച കോട്ടകൾ ഇന്നലെകളിലെ വെറും സ്വകാര്യ അഹങ്കാരമായി തീർന്ന ഇന്നിന്റെ യാഥാർത്ഥ്യം സഖാക്കൾ അംഗീകരിച്ചേ മതിയാകൂ.. ന്യായീകരണ വിപ്ലവങ്ങൾക്ക് അവധി നല്കി തോല്വിയിൽ നിന്നും പാഠമുൾക്കൊണ്ട് പാർട്ടിയെ നവീകരിക്കാൻ ഇനിയും വൈകിയാൽ ഇടതുപക്ഷമെന്നത് വെറും ചരിത്രത്താളുകളിലെ ചോര ചിന്തിയ ഒരു ഈട് മാത്രമായി തീരും.

ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ ഞെട്ടിക്കുന്ന പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് കൂടുതൽ ശക്തിയായി മുന്നോട്ട് വരാൻ ശ്രമിക്കുകയാണ് വേണ്ടത്.അല്ലാതെ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ ചുമലില്‍ വെച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമം സി.പി.എം സഖാക്കളും സൈബര്‍ ന്യായീകരണ തൊഴിലാളികളായ അണികളും കൊഴുപ്പിക്കുന്നത് കാണുന്നു. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വോട്ടു വിഹിതം 2018 തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ്, ബി.ജെ.പിക്ക് മറിഞ്ഞത് മൊത്തം കോണ്‍ഗ്രസ് വോട്ടാണെന്ന ന്യായീകരണം ചമയ്ക്കുന്നത്. എന്നാല്‍, ഏറ്റവും അവസാനമായി നടന്ന 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് 64 ശതമാനം വോട്ടു വിഹിതം ഉണ്ടായിരുന്നു എന്ന കാര്യം പലരും മനഃപൂര്‍വം മറച്ചു വെക്കുകയാണ്. നിയമസഭയില്‍ ഒറ്റയടിക്ക് 31 സീറ്റുകള്‍ നഷ്ടപ്പെട്ട് 49-ല്‍ നിന്ന് 18 സീറ്റിലേക്ക് കൂപ്പുകുത്തിയതൊന്നും വലിയ കാര്യമല്ല എന്ന മട്ടിലാണ് കോണ്‍ഗ്രസ് വിമര്‍ശനം കൊഴുക്കുന്നത്.

ഇനി സഖാക്കൾ ആരോപിക്കുന്നതു പോലെ ത്രിപുരയിൽ കോൺഗ്രസ്സ് വോട്ടുകൾ മുഴുവൻ ബി ജെ പിയിലേക്ക് ഒഴുകിയെന്നിരിക്കട്ടെ. എന്നാലും ബി ജെ പി ക്ക് അധികാരത്തിൽ വരണമെങ്കിൽ സി പി എമ്മിന്റെ വോട്ടുകൾ കൂടി ചോർന്നെങ്കിലേ കഴിയൂ.. കാരണം അവിടെ ഇടതുപക്ഷത്തിനു അമ്പത് ശതമാനത്തിലേറെ വോട്ടുകൾ ഉണ്ടല്ലോ. അതായത് ത്രിപുരയില്‍ ബിജെപി വിജയം നേടിയത് സിപിഎമ്മിന്റെ വോട്ട് കൊണ്ട് കൂടിയാണ്. സ്വന്തം പാളയത്തിലെ വോട്ടു ചോർച്ച ഫലപ്രദമായി തടയാൻ കഴിയാത്തത് ഇടതുപക്ഷത്തിന്റെ പാളിച്ച തന്നെയല്ലേ?? ഇടതുപക്ഷത്തിനു അത്രമേൽ വേരോട്ടമുളള മണ്ണിൽ താമരയ്ക്കു വിരിയാൻ കഴിഞ്ഞുവെന്നത് കാട്ടിത്തരുന്നത് കോൺഗ്രസ്സിന്റെ ബലഹീനതയല്ല മറിച്ച് ഇടതുപക്ഷത്തിന്റെ പാളിച്ച തന്നെയാണ്. എത്രമേൽ കുതിര കച്ചവടം നടന്നുവെന്ന് പറഞ്ഞാലും താമര വിരിഞ്ഞത് ഇടതു പക്ഷത്തിലെ വോട്ടുകളുടെ ചോർച്ച കൊണ്ടുകൂടിയാണ്. ത്രിപുര പോലൊരു കൊച്ചു സംസ്ഥാനത്ത് സി പി എമ്മിനു നഷ്ടമായ അറുപതിനായിരത്തിലേറെ വോട്ടുകൾ എങ്ങോട്ടു പോയി? ബംഗാൾ അല്ല ത്രിപുരയെന്ന് ഉള്ളാലെ ആശ്വസിക്കുന്നുണ്ടെങ്കിലും നിജസ്ഥിതി അത്രമേൽ സുരക്ഷിതമല്ലെന്ന് തലച്ചോർ നിങ്ങൾ സഖാക്കളോട് പറയുന്നുണ്ടാവുമെന്ന് തീർച്ച.ഇടതുപക്ഷത്തിനു ശക്തമായ അടിത്തറയുള്ളിടങ്ങളിൽ കാവിക്കൊടി പാറില്ലെന്നായിരുന്നു ഈയടുത്ത കാലം വരെ നിങ്ങൾ സഖാക്കൾ ഉറച്ചു വിശ്വസിച്ചിരുന്നത്. കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ചരിത്രം പലവട്ടം കാണിച്ചു തന്നിട്ടും പഠിക്കാത്തവരായിരുന്നു നിങ്ങൾ സഖാക്കൾ. അല്ലെങ്കിൽ അത്രമേൽ മഹത്തരമായ ആശയങ്ങൾ ഉൾക്കൊണ്ടിരുന്ന പ്രത്യയശാസ്ത്രത്തെ ലോകജനതയെന്തു കൊണ്ട് തള്ളിക്കളഞ്ഞുവെന്ന പാഠത്തിൽ നിന്നും മാറ്റങ്ങളെ ഉൾക്കൊളളാൻ നിങ്ങളുടെ നേതൃനിര ശ്രമിച്ചേനെ.35 ലേറെ വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ പ്രതിപക്ഷത്തിരിക്കാനുളള അർഹത പോലും ആ പാർട്ടിക്ക് ഇല്ലായെങ്കിൽ തോറ്റു പോയത് പാർട്ടി മാത്രമാണ്. തുടർച്ചയായി ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിൽ പാർട്ടി തോല്വി ഏറ്റു വാങ്ങുന്നുവെങ്കിൽ മാറ്റപ്പെടേണ്ടത് പാർട്ടിയുടെ നയങ്ങളാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യമെടുത്താൽ ആ പാർട്ടിയുടെ ജൈവപരമായ സ്വത്വം നിലനില്ക്കുന്നതുതന്നെ പാവപ്പെട്ടവരെ പ്രതിനിധീകരിക്കുമ്പോഴാണെന്ന യാഥാർത്ഥ്യത്തിൽ നിന്നും നേതൃത്വം മാറിയതാണ് ഇടതുപക്ഷത്തിന്റെ അപചയത്തിന്റെ മുഖ്യകാരണം. ഇടതുപക്ഷമെന്നത് വെളളക്കോളർ പാർട്ടിയായി മാറിയപ്പോൾ, പ്രത്യയശാസ്ത്രത്തിലെ പോരായ്മകൾ നവീകരിക്കാൻ പാർട്ടി വിമുഖത കാട്ടിയപ്പോൾ, ആത്മപരിശോധന നടത്താനും തെറ്റുകൾ തിരുത്താനുമുളള സന്നദ്ധത സഖാക്കളുടെ ഭാഗത്തുണ്ടാകാതിരുന്നപ്പോൾ നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയും പ്രസക്തിയും ജനപിന്തുണയുമായിരുന്നു.

ഏതൊരു രാഷ്ട്രീയ പാർട്ടിയും പാർട്ടി സംഹിതയും കാലാതീതമാകണമെങ്കിൽ മാറുന്ന കാലത്തിന്റെയും തലമുറകളുടെയും അഭിരുചി മനസ്സിലാക്കണം.ലക്ഷ്യവും മാർഗ്ഗവും സമാന്തരങ്ങളായിരിക്കണം. അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടി പാവപ്പെട്ടവർക്കൊപ്പമെന്ന മാർഗ്ഗം വാക്കിൽ മാത്രവും പ്രവൃത്തിയിൽ ഇല്ലാതാകുകയും ചെയ്തപ്പോൾ വലിയൊരു ഉളളടക്കത്തെ പ്രതിനിധീകരിച്ച പാർട്ടി ശുഷ്കമായി തീർന്നതിൽ അദ്ഭുതപ്പെടാനില്ല തന്നെ. മണിക് സർക്കാർ എന്ന സഖാവിന്റെ ക്ലീൻ ഇമേജിനെ ചുറ്റുകയായിരുന്ന പാർട്ടി അരാഷ്ട്രീയമായ വിഗ്രഹവത്ക്കരണത്തിനു മുതിർന്നപ്പോൾ ജനങ്ങളിൽ നിന്നും അകന്നു പോയി. മാത്രവുമല്ല അക്ഷരങ്ങൾ കൊണ്ട് മാത്രം വികസനം നടപ്പാക്കിയ ഭരണപക്ഷത്തിന്റെ പാളിച്ച വിളിച്ചോതുന്നുണ്ട് കഴിഞ്ഞ 25 വർഷമായിട്ടും കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയാത്ത മലനിരകളിലെ ഗതാഗത വിനിമയം. അതു കൊണ്ടു കൂടിയാണല്ലോ ദരിദ്രനായ മുഖ്യമന്ത്രി കോടികളുടെ കോപ്റ്റർ വിവാദത്തിൽ അകപ്പെട്ടത്.

ത്രിപുരയിൽ നിന്ന് പാർട്ടി പഠിക്കേണ്ട പ്രധാനപാഠം വ്യക്തികേന്ദ്രിത ‘അരാഷ്ട്രീയത’ക്ക് ഭാവിയില്ല എന്നതാണ്.  മറ്റൊന്ന്, സി പി എം വേദിയിൽ സഖാവ് യെച്ചൂരിയും സി പി ഐ വേദിയിൽ കാനവും പറഞ്ഞതാണ്: കേരളമല്ല രാജ്യം.

സഖാക്കൾ വ്യാമോഹങ്ങളുടെ ആകാശത്തിൽ നിന്നും യാഥാർഥ്യങ്ങളുടെ ഭൂമിയിലേക്കിറങ്ങി വരണം. സി പി എം ഒരു രാഷ്ട്രീയ അശ്ലീലമോ അരാഷ്ട്രീയ അഭ്യാസമോ ആയിത്തീരരുത് എന്ന് തന്നെയാണ് ആ പാർട്ടിയുടെ അന്തസത്തയും ഉള്ളടക്കവും മനസ്സിലാക്കിയ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത്..

പെറ്റമ്മ പോലും മാനഭംഗത്തിന് ഇരയാകുകയും സ്വന്തം മക്കളെപോലും വിൽക്കുകയും ചെയ്യുന്ന കേരളം ,എങ്കിലും നമുക്ക് കൊണ്ടാടാം വനിതാദിനങ്ങൾ: ലോകത്തേറ്റവും കൂടുതൽ ബാലപീഡനവും സ്ത്രീപീഡനവും നടക്കുന്ന ഈ മണ്ണുമായി അഞ്ജു പാർവതി പ്രഭീഷിന്റെ ഒരു താരതമ്യലേഖനം

Related Articles

Post Your Comments


Back to top button