KeralaLatest NewsNews

നിസാം കേസിലുള്‍പ്പെടെ കോളിളക്കമുണ്ടാക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തും : ജേക്കബ് ജോബ് ഐ.പി.എസ്

പത്തനംതിട്ട: വ്യവസായി നിസാം ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സംഭവത്തില്‍ വിവാദ നായകനായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് ഈ വരുന്ന മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നു. ഒരുപാട് കാര്യങ്ങള്‍ക്ക് മറുപടി പറയാനുണ്ട് ജേക്കബ് ജോബിന്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമുണ്ട്. വിരമിക്കുന്നതിന് മുന്നോടിയായി പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത ജേക്കബ് ജോബ് അത്തരം സൂചനകളാണ് നല്‍കിയത്.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

ആ കേസാണ് എന്നെയും എന്റെ കുടുംബത്തെയും തകര്‍ത്തത്. സമൂഹത്തിന് മുന്നില്‍ ഞങ്ങളെ അപഹാസ്യരാക്കി. എന്റെ ഡിപ്പാര്‍ട്ട്‌മെന്റിനെ ഇതുവരെ ഞാന്‍ വഞ്ചിച്ചിട്ടില്ല. പക്ഷേ, ഞാന്‍ വഞ്ചിക്കപ്പെട്ടു. മാര്‍ച്ച് 31 ന് ശേഷം ഞാനൊരു പുസ്തകമെഴുതും. പൂര്‍ണമായും സര്‍വീസ് സ്റ്റോറി ആയിരിക്കില്ല. എന്റെ ജീവിതാനുഭവങ്ങള്‍ മുഴുവന്‍ അതിലുണ്ടാകം.

അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. അവിഹിതമായ കാര്യത്തിന് വേണ്ടി ഒരാളെയും ദ്രോഹിക്കുകയോ അനാവശ്യമായി കേസെടുക്കുകയോ ചെയ്തിട്ടില്ല. അതിനായി ആരൊക്കെ എന്നോട് പിണങ്ങിയാലും തയാറായിട്ടില്ല. പലപ്പോഴും ആളുകള്‍ കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരാളെ അസസ് ചെയ്യുന്നത്. പ്രത്യേകിച്ചും മാധ്യമങ്ങള്‍ പറയുന്നതാണ് പലപ്പോഴും ആളുകള്‍ വിശ്വസിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അറിവുകള്‍ പലപ്പോഴും യഥാര്‍ഥമായിരിക്കണമെന്നില്ല. അങ്ങനെ വരുമ്‌ബോഴുണ്ടാകുന്ന ധാരണാപ്പിശക് എന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. അതിന് പ്രത്യേകിച്ച് ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.

എന്റെ ജീവിതത്തില്‍ ഏറ്റവും നെറിയോടെ നിഷ്പക്ഷമായി തന്റേടമായി ചെയ്ത ഒരു കാര്യം, അത് ലോകം മുഴുവന്‍ ശ്രദ്ധിച്ചു. ആദ്യമായി നിസാമിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എത്തിച്ചത് ഞാനാണ്. അതിന്റെ ദുരന്തഫലവും തിക്താനുഭവവും ഉണ്ടാകുമെന്ന് ഒരു ധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ, എന്നെ എല്ലാവരും ഇങ്ങനെ കൈവിടുമെന്ന് കരുതിയില്ല. ഞാന്‍ ചെയ്ത സത്യത്തെ ചിലരെങ്കിലും അംഗീകരിക്കുമെന്ന് കരുതി. അതുണ്ടായില്ല. 169 ഗുഡ്‌സര്‍വീസ് എന്‍ട്രി ലഭിച്ചയാളാണ് ഞാന്‍. അതാരുടെയും പുറകേ നടന്നു വാങ്ങിയതല്ല. എന്റെ കഴിവില്‍ ഉത്തമബോധ്യം വന്ന് തന്നതാണ്.

എന്റെ കുഞ്ഞുങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. ഒരു പപ്പടം തിന്നാനുള്ള സാഹചര്യം പോലും അവര്‍ക്കില്ലാതെ വന്നു. അന്ന് ഒരു മേലുദ്യോഗസ്ഥന്‍ എന്റെ പിന്നാലെ നടന്ന് ഉപദ്രവിച്ചിട്ടുണ്ട്. എന്നെ ഇകഴ്ത്തിയവരെല്ലാം പുകഴ്ത്തിയില്ലെങ്കിലും സത്യം തിരിച്ചറിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. മൂന്നുവര്‍ഷം ഞാന്‍ സംശയനിഴലിലായിരുന്നു. ആ കേസില്‍ മനസാക്ഷിക്ക് അനുസരിച്ച് സത്യസന്ധമായി പറയട്ടെ.. നിസാമിനെ ഞാന്‍ റിമാന്‍ഡ് ചെയ്തപ്പോള്‍ തുടങ്ങി എനിക്കെതിരേയുള്ള പീഡനം.

നിസാമിനെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിങ്ങിലുള്ള ഒരു ഉദ്യോഗസ്ഥനെ വിട്ടാണ് അറസ്റ്റ് ചെയ്തത്. അല്ലായിരുന്നുവെങ്കില്‍ അയാള്‍ മുംബൈയ്ക്കും അവിടെ നിന്ന ദുബായ്ക്കും കടന്നു കളയുമായിരുന്നു. നിസാം നാടുവിടാന്‍ പോകുന്ന വിവരം ഒരു മാധ്യമപ്രവര്‍ത്തകനാണ് എന്നെ അറിയിച്ചത്. അന്ന് കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതു കൊണ്ടാണ് നിസാമിന് രക്ഷപ്പെടാന്‍ കഴിയാതെ പോയത്. നിസാമിനെ അന്ന് വിലങ്ങു വയ്ക്കുമ്പോഴും റിമാന്‍ഡ് ചെയ്യുമ്പോഴുമൊക്കെ എനിക്കെതിരേ ഭീഷണിയുണ്ടായിരുന്നു. നിസാമിന്റെ കേസില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ച ആളുകളുണ്ട്.

കാപ്പയ്ക്ക് നിസാമിനെതിരേ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ എന്നെ അവിടുന്ന് മാറ്റാന്‍ ശ്രമം തുടങ്ങി. നിസാമിന് ജാമ്യം നിഷേധിച്ചപ്പോള്‍ എന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കരുക്കള്‍ നീക്കി. ഒരു മാധ്യമപ്രവര്‍ത്തകനെ തിരുവനന്തപുരത്ത് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ചു സംസാരിച്ച ശേഷമായിരുന്നു അത്. ഞാന്‍ പത്തനംതിട്ടയില്‍ ആദ്യം ചാര്‍ജെടുക്കാന്‍ വന്നപ്പോള്‍ എനിക്കെതിരേ ആദ്യ സ്‌ക്രോളിങ് വരുന്നത്. നിസാമുമായി ജേക്കബ് ജോബ് ഒറ്റയ്ക്ക് സംസാരിച്ചത് സംശയാസ്പദമെന്ന ആ സ്‌ക്രോളില്‍ തുടങ്ങി, പിന്നെ അതെത്രയോ വലുതാക്കിയെടുത്തുവെന്ന് നിങ്ങള്‍ക്കുമറിയാം. പക്ഷേ, അതിന്റെ സത്യാവസ്ഥ ഞാന്‍ ആരോടും പറഞ്ഞില്ല.

അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിക്കിത് പറയാന്‍ കഴിയുമായിരുന്നില്ല. എനിക്ക് പറയാന്‍ ഇനി വേദികള്‍ ഉണ്ടാകാം. എന്നാല്‍ സേനയിലിരിക്കുമ്‌ബോള്‍ അത് പറയില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ വന്ന ഒരു പ്രതിയെ മേലുദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ഏതു നിയമപുസ്തകത്തിലാണുള്ളത്? സെന്‍സേഷണലായ കേസുകള്‍ ജില്ലാ പൊലീസ് മേധാവികളാണ് നേരിട്ട് പരിശോധിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം പ്രതിയെ എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന്. അത് ഒരു പക്ഷേ പാളയം മാര്‍ക്കറ്റിലായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തതാണ് ചട്ടവിരുദ്ധമെന്ന് കാട്ടി എനിക്കെതിരേ നടപടി എടുത്തത്. അന്വേഷണ സംഘത്തിനെതിരേ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത മേലുദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിക്കുണ്ട്.

16 മണിക്കൂര്‍ അവര്‍ നിസാമിന് വഴിവിട്ട് സഹായം ചെയ്തുവെന്ന് അവരെ പിന്തുടര്‍ന്ന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ ഓഫീസില്‍ വച്ചാണ് 25 മിനുട്ട് ഞാന്‍ നിസാമിനെ ചോദ്യം ചെയ്തത്. വിലങ്ങണിയിച്ചാണ് അയാള്‍ നിന്നത്. ഇതിനിടെ നാലു തവണ എന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കയറി വന്നു. എ.സി.പി അഡ്മിനിസ്‌ട്രേഷന്‍ രണ്ടു തവണ കേറി വന്നു. അവിടുത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ മറ്റൊരാവശ്യത്തിനായി കയറി വന്നു. ഇതിനിടയ്ക്ക് കിട്ടിയ സമയത്താണ് നിസാമിനെ ചോദ്യം ചെയ്തത്. അതെങ്ങനെ അടച്ചിട്ട മുറിയിലാകും?

നിസാമുമായി ബംഗളൂരുവിലേക്ക് പോയത് ഉല്ലാസ യാത്രയായിരുന്നു. സംഘത്തിലുള്ളവര്‍ യൂണിഫോം ധരിച്ചിരുന്നില്ല. റിമാന്‍ഡില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കി എന്നിങ്ങനെ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ധാരാളം വീഴ്ചകള്‍ ഉണ്ടായിരുന്നു. അത് ആരോപണമായി വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ചുവെന്നുള്ളതാണ് ഞാന്‍ ആകെ ചെയ്ത തെറ്റ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലും കൊടുക്കാനുള്ള സാവകാശം തരാതെ പിറ്റേന്ന് എന്നെ സ്ഥലം മാറ്റുകയായിരുന്നു.

പിന്നെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ബംഗളൂരു യാത്രയില്‍ നിസാമിന് സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത അന്വേഷണ സംഘത്തിനെതിരേ പിന്നീട് ഒരു അന്വേഷണവും നടന്നിട്ടില്ല എന്നതാണ് രസകരം. മുന്‍ തീരുമാനപ്രകാരം എന്നെ അതില്‍ ഇരയാക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് എങ്ങുമില്ലാത്ത ചട്ടം എഴുതിപ്പിടിപ്പിച്ച ഐജിക്ക് കൃത്യം 28-ാമത്തെ ദിവസം പണി കിട്ടി. ഒരു യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അയാളെ ഡീബാര്‍ ചെയ്തു. ഈ ഉദ്യോഗസ്ഥനാണ് എനിക്കെതിരേ ദുരാരോപണം നടത്തിയത്.

ഞാന്‍ ആദ്യമായി നിസാമിനെ കാണുന്നത് അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ്. എന്നോടെല്ലാവരും പറഞ്ഞു ഇത് തീക്കളിയാണ്. ഞാന്‍ ഭയന്നില്ല, കാരണം അതില്‍ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. ബംഗളൂരുവിലേക്ക് പോയ ടീമിനോട് അവിടെ നിസാമിനെതിരേയുള്ള റേപ്പ് കേസിന്റെ ഡീറ്റെയ്ല്‍സ് എടുക്കണമെന്ന് പറഞ്ഞു വിട്ടിരുന്നു. എന്നാല്‍, ബംഗളൂരു പോയ ആ സിഐ ബോധപൂര്‍വം അതെടുക്കാതെ പോന്നു. ഞാന്‍ അവിടെ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ വിളിച്ചു പറഞ്ഞ് അതെടുപ്പിച്ചു. 46 കി മീറ്റര്‍ താണ്ടിയിരുന്ന അന്വേഷണ സംഘത്തെ തിരികെ അയച്ച് അത് വാങ്ങിക്കൊണ്ടു വന്നു. എന്നിട്ടാണ് അയാള്‍ക്കെതിരേ കാപ്പ കൊടുത്തത്. അതില്ലെങ്കില്‍ അയാള്‍ക്കെതിരേ കാപ്പ ചുമത്താന്‍ കഴിയുമായിരുന്നില്ല. അതിന് ശേഷം ഞാന്‍ ഐജി, എഡിജിപി, സിഐ, ഗുരുവായൂര്‍ എസിപി, സിഐ എന്നിവര്‍ക്ക് മെമോ കൊടുത്തു. അത് ഇമെയിലാണ് അയച്ചത്. അതിന് ശേഷമാണ് കാപ്പ ചുമത്തിയത്.

എന്നാല്‍, ഐജി പറഞ്ഞത് മെമോ ഇല്ലെന്നാണ്. ഡെപ്യൂട്ടി കമ്മിഷണര്‍ നിശാന്തിനിയാണ് ഞാന്‍ കാപ്പ ചുമത്താന്‍ മെമോ കൊടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്. പിന്നീട് നിസാമിനെതിരായ തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടു. നിസാമിന്റെ കോടികളൊന്നും എനിക്ക് വാങ്ങേണ്ടി വന്നിട്ടില്ല. അതു കൊണ്ട് അഭിമാനത്തോടെ റിട്ടയര്‍ ചെയ്യുന്നു. വീണ്ടും ഞാന്‍ പത്തനംതിട്ടയിലേക്ക് എസ്പിയായി വരാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം നിര്‍ണായകമായി. വിജിലന്‍സ് കുറ്റവിമുക്തനാക്കിയ ജേക്കബ് ജോബിനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിച്ചു.

ഡിജപിയും സുതാര്യമായ നിലപാട് എടുത്തു. അതു കൊണ്ടാണ് എന്നെ ആക്ഷേപിച്ച ഇറക്കി വിട്ട ഈ എസ്പി കസേരയില്‍ വീണ്ടും എത്താന്‍ കഴിഞ്ഞത്. അതിന് ആരേയും സ്വാധീനിച്ചിട്ടില്ല. ഒരാളോടും ഞാന്‍ പിന്നാലെ നടന്ന് പോസ്റ്റിങ് വാങ്ങിയിട്ടില്ല. ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ നടന്നിട്ടില്ല. അവസരങ്ങള്‍ എന്നെ തേടി വന്നതാണ്. ആറു മാസം മുന്‍പ് വരെ ഞാന്‍ പോസ്റ്റിങ് ചോദിച്ചിരുന്നു. വിരമിക്കാന്‍ മൂന്നു മാസം ബാക്കി നില്‍ക്കേ എനിക്ക് പോസ്റ്റിങ് കിട്ടിയത് ദൈവാനുഗ്രഹമാണ്.ഇനിയുള്ള കാലം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തും. – ജേക്കബ് ജോബ് പറയുന്നു.

Tags

Post Your Comments


Back to top button
Close
Close