Latest NewsWeekened GetawaysNorth IndiaIndia Tourism SpotsTravel

സഞ്ചാര വിശേഷങ്ങൾ: മോക്ഷത്തിലേക്കുള്ള വാതിൽ തുറന്ന് ഹരിദ്വാർ

ശിവാനി ശേഖര്‍

തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്നും ഏകദേശം 228 കിലോമീറ്റർ (5 മണിക്കൂർ) യാത്ര ചെയ്താൽ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഹരിദ്വാറിലെത്താം!

ശൈവരും വൈഷ്ണവരും ഒരു പോലെ തീർത്ഥാടനത്തിനെത്തുന്നതിനാൽ ഇവിടം ” ഹരി(വിഷ്ണു)ദ്വാർ” എന്നും “ഹര(ശിവൻ)ദ്വാർ എന്നും അറിയപ്പെടുന്നു. “ശക്തി”യുടെയും പിതാവ്,ദക്ഷന്റെയും നാമത്തിലുംനിരവധി കഥകൾ ഈ നഗരിയെ പാവനഭൂമിയാക്കി മാറ്റുന്നു. വിശ്വപ്രസിദ്ധമായ “ചാർധാം യാത്ര””(ഗംഗോത്രി,യമുനോത്രി, കേദാർനാഥ്, ബദരീനാഥ്)യുടെ തുടക്കം ഈ ഗംഗാതടത്തിൽ നിന്നാണ്.

പാലാഴിമഥനം നടന്നതിന് ശേഷം ലഭിച്ച അമൃതകുംഭത്തിലെ തുള്ളികൾ ഇറ്റു വീണ സ്ഥലങ്ങളിൽ ഒന്നാണ് ഹരിദ്വാർ. അസുരന്മാർ തട്ടിയെടുത്ത അമൃത് കൈക്കലാക്കി തിരിച്ചു പറന്ന ഗരുഢന്റെ കൈയിൽ നിന്നും അബദ്ധവശാൽ കുംഭത്തിലെ തുള്ളികൾ ഇറ്റു വീണെന്നു പുരാണത്തിൽ പറയുന്നു.”നാസിക്,ഉജ്ജ്യ്ൻ ,പ്രയാഗ് “എന്നിവയാണ് അമൃത് വീണ മറ്റ് സ്ഥലങ്ങൾ!ഇതിന്റെ അടിസ്ഥാനത്തിലാണ് വിശ്വപ്രസിദ്ധമായ കുംഭമേള നടക്കുന്നത്.12 വർഷത്തിലൊരിക്കലാണ് ഹരിദ്വാറിൽ കുംഭമേള നടക്കുന്നത്!

108 അടി ഉയരമുള്ള കൈലാസനാഥന്റെ മൂർത്തിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.മഴക്കാലത്ത് ഗംഗയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുമ്പോൾ ശിവഭഗവാനെ തന്റെ പുളിനങ്ങളിൽ ഒളിപ്പിക്കാറുണ്ട് ഈ പുണ്യവതി! മഞ്ഞിൻ കുളിരുള്ള ഇവളുടെ ആലിംഗനത്തിൽ മുഴുകുമ്പോൾ ഭക്തിയുടെ പാരമ്യത്തിൽ അറിയാതെ ഉൾക്കുളിരണിഞ്ഞു പോകും!

അയോധ്യ,കാശി,കാഞ്ചി, അവന്തിക,ദ്വാരക, ഹരിദ്വാർ എന്നിങ്ങനെ ഹിന്ദുമത വിശ്വാസപ്രകാരമുള്ള ഏഴ് പുണ്യസ്ഥലങ്ങളിൽ കാശി കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് ഹരിദ്വാർ. കപിലസ്ഥാൻ,മായാപുരി,ഗംഗാദ്വാർ എന്നിങ്ങനെ നിരവധി പേരുകളുണ്ട് ഈ ദേവഭൂമിയ്ക്ക്! “ഗംഗോത്രി”യിലെ “ഗോമുഖ്”ൽ നിന്നും ഉത്ഭവിക്കുന്ന ഗംഗാനദി കാതങ്ങൾ താണ്ടി വടക്കേയിന്ത്യയിലെ സമതല പ്രദേശങ്ങളിലെയ്ക്ക് പ്രവേശിക്കുന്നത് ഇവിടെ വച്ചാണ്… അതിനാലാണ്”ഗംഗാദ്വാർ” എന്ന പേര് വന്നത്.കപിലമുനിയും , അഗസ്ത്യ മുനിയും കഠിന തപസ്സനുഷ്ഠിച്ചതും മോക്ഷപ്രാപ്തി നേടിയതും ഈ ഗംഗാതീരത്താണെന്നും പറയപ്പെടുന്നു!

മോക്ഷം ലഭിക്കാതെ തല കീഴായി തൂങ്ങിക്കിടക്കുന്ന തന്റെ പൂർവ്വികരെ കപിലമുനിയുടെ ശാപത്തിൽ നിന്നും രക്ഷിക്കാനായി “ഭഗീരഥൻ”തപസ്സനുഷ്ഠിച്ചതും ഇവിടെയാണ്..അതിന്റെ ഫലമായി ഗംഗാദേവി ഭൂമിയിലേക്ക് പതിക്കുകയും അനേകായിരം വരുന്ന തന്റെ പൂർവ്വികർക്ക് പവിത്ര ഗംഗയിൽ പിതൃതർപ്പണം നടത്തുകയും അവർക്ക് ശാപമോക്ഷം ലഭിക്കുകയും ചെയ്തു! ഭാരതത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ചിതാഭസ്മമൊഴുക്കാനും പിതൃതർപ്പണത്തിനുമായെത്തുന്നത്. പണ്ടു കാലംമുതല്ക്കേ “പാണ്ടകൾ” എന്നറിയപ്പെടുന്ന പണ്ഡിത് അല്ലെങ്കിൽ പൂജാരികളാണ് ഇവിടുത്തെ പൂജകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.സായന്തനത്തിലെ “ഗംഗാ ആരതി” കണ്ട് നില്ക്കുമ്പോൾ മനസ്സ് ഏതോ മായാലോകത്തേക്ക് പിച്ച വയ്ക്കുന്നത് പോലെ.ഭക്തർ ഇലക്കുമ്പിളിൽ പുഷ്പങ്ങളും,മൺചിരാതിൽ കൊളുത്തിയ നിറദീപവുമായി ഗംഗയുടെ ഓളങ്ങളിലേയ്ക്ക് ഒഴുക്കി വിടുമ്പോൾ എന്തെന്നില്ലാത്ത ആത്മീയാനുഭൂതി നമ്മെ വലം വയ്ക്കുന്നത് പോലെ തോന്നും.ഗംഗ ഒന്നു കൂടി മനോഹരിയായത് പോലെ!

ഗംഗാസ്നാനം ചെയ്യുന്നത് ഇഹലോകപാപങ്ങളിൽ നിന്ന് മുക്തി നേടാൻ ഉത്തമമാണ്.””ബ്രഹ്മകുണ്ഡ് അഥവാ “”ഹർ കീ പോടി”” ആണ് ഇവിടുത്തെ പ്രധാനപ്പെട്ട സ്നാനഘട്ടം! “”മഹാഭാരതത്തിൽ ഈ പുണ്യ ഭൂമിയെ വർണ്ണിക്കുന്നത് ഇപ്രകാരമാണ്”” പുണ്യപ്രവാഹിനി ഭാഗീരഥി തന്റെ പാദസ്പർശത്താൽ പവിത്രമാക്കിയതും, ഗന്ധർവ്വൻമാരും, അപ്സരസ്സുകളും,യക്ഷരും രാക്ഷസരും , അതികായന്മാരായ”കിന്നരു”(ഉടൽ മനുഷ്യരുടേയും,തല കുഥിരകളുടേതുമാണ് കിന്നരുകൾക്കെന്നു വിശ്വാസം, അമാനുഷിക കഴിവുകളുള്ള ആദിവാസികളാണെന്നും പറയപ്പെടുന്നു) വസിക്കുന്ന തലയെടുപ്പുള്ള പർവ്വതനിരകളുമുള്ള , അനേകമനേകം മരുന്ന് സസ്യങ്ങൾ ലഭ്യമായതുമായ അതിമനോഹരിയാണ് ഹരിദ്വാർ” ഇപ്പോഴും ഗുരുകുല വിദ്യാഭ്യാസം തുടരുന്ന നിരവധി വിദ്യാലയങ്ങളുണ്ടിവിടെ!ഒരു കാലത്ത് കളിമൺ വസ്തുക്കളുടെ നിർമ്മാണമായിരുന്നു ഇവിടുത്തെ ജനത മുഖ്യമായും ചെയ്തിരുന്നത്…ഇന്നിപ്പോൾ വികസനത്തിന്റെ വഴിയിലാണ് ഈ പുണ്യ നഗരി! ഇവിടെ നിന്ന്,””ഋഷികേശ്”” വളരെയടുത്താണ്.വെറും 24 കിലോമീറ്റർ ദൂരം മാത്രം!

Note…
=========
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ…. ഹരിദ്വാർ ജങ്ങ്ഷൻ
ഏറ്റവും അടുത്ത എയർപോർട്ട്……. ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്,, ഡെൽഹി
ഡെറാഡൂൺ എയർപോർട്ട്
ഡൽഹിയിൽ നിന്നും ട്രെയിൻ, ബസ്, ടാക്സി സർവീസുകൾ എപ്പോഴും ലഭ്യമാണ്.
നിരവധി ഓൺലൈൻ സൈറ്റുകളിലും ബുക്കിംഗ് ലഭ്യമാണ്.
“”കങ്കൽ””ലിൽ സ്ഥിതി ചെയ്യുന്ന സ്വാമി നാരായണാനന്ദജിയുടെ ആശ്രമം മലയാളികളായ തീർത്ഥാടകർക്ക് വളരെയധികം സഹായകരമാണ്.പാലക്കാട് സ്വദേശിയായ സ്വാമിജി സ്വാപിച്ചതാണ് “അഭേദ ഗംഗാമയ്യാ ട്രസ്റ്റ്”എന്ന ആശ്രമം.അതിനോട് ചേർന്ന് തന്നെ കൃഷ്ണക്ഷേത്രവും സാധനയ്ക്കായി ഒരുക്കിയിരിക്കുന്നു.മുൻകൂട്ടി അറിയിച്ചെത്തുന്ന ഏതൊരാൾക്കും ഇവിടെ സൗജന്യഭക്ഷണവും താമസസൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.
ഫോൺ നമ്പർ::+91 ,8449673787
9410194041

അതു പോലെ തന്നെ അയ്യപ്പക്ഷേത്രവും ഭക്തർക്ക് താമസസൗകര്യം ഏർപ്പെടുത്താറുണ്ട്.1955ൽ സ്വാമി വിവേചാനന്ദ സ്ഥാപിച്ച ഈ ക്ഷേത്രം ശ്രീ അയ്യപ്പ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

പ്രധാനപ്പെട്ട സന്ദർശന സ്ഥലങ്ങൾ
=================
ഹർ കീ പോടി (ബ്രഹ്മകുണ്ഡ്
ക്ലോക്ക് ടവർ
മൻസാദേവി ക്ഷേത്രം..
ചണ്ഡീദേവി ക്ഷേത്രം
പ്രധാന സ്നാനഘട്ടങ്ങൾ
==============
ഗംഗാദ്വാർ
കുശാവർത്ത്
ബില്വതീർത്ഥം(മൻസാ ദേവി)
നീലപർവതം(ചണ്ഡീ ദേവി)

അടുത്ത ലക്കം””സഞ്ചാരവിശേഷങ്ങളിൽ ‘”ഋഷികേശ്”

Tags

Post Your Comments

Related Articles


Back to top button
Close
Close