KeralaLatest NewsNews

ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി

തിരുവനന്തപുരം•ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി. 2018 ഏപ്രില്‍ 21 ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ പെരും നുണകള്‍ മാത്രം മെനെഞ്ഞെടുത്ത വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടരി കെ.എ. ഷഫീഖ്.

ഏപ്രില്‍ 16 ന് സോഷ്യല്‍ മീഡിയയിലൂടെ കഠ്വയില്‍ പിഞ്ചു ബാലികയെ സംഘ്പരിവാര്‍ ഭീകരര്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിന്റെ പ്രതികരണമെന്നോണം ആരോ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്നുള്ള സംഭവങ്ങളില്‍ അതില്‍ കക്ഷിയല്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കവര്‍‌സ്റ്റോറിയിലൂടെ ശ്രമിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഭവങ്ങളില്‍ പലപ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടിക്കു പങ്കുണ്ട് എന്ന പച്ചനുണയോടെയാണ് ഹര്‍ത്താലിനോടനുബന്ധിച്ച സംഭവങ്ങളെ കവര്‍സ്‌റ്റോറി നിരൂപണം ചെയ്തു തുടങ്ങുന്നത്. യാതൊരു വസ്തുതയുടെയും പിന്‍ബലമില്ലാതെ എതിരാളികള്‍ പോലും പറയാറില്ലാത്ത ആരോപണം ഒരു ദൃശ്യമീഡിയയില്‍ നിന്നുണ്ടാകുന്നത് അത്യന്തം ജുഗുപസാവഹമാണെന്നും അദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റില്‍ ആരോപിച്ചു.

ഏപ്രില്‍ 21 ന് രാത്രി ഈ പരിപാടി സംപ്രേഷണം ചെയ്യുമ്പോള്‍ ഹര്‍ത്താലിന്റെ ഉറവിടമായ 5 സംഘ്പരിവാര്‍ ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു. എന്നുമാത്രമല്ല ആയിരത്തോളം പേരെ പല അക്രമ സംഭവങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലെ ഒരാള്‍ പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൂടുതലും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരാണ് എന്ന് അസന്നിഗ്ധമായാണ് കവര്‍ സ്റ്റോറി അവതാരക സിന്ധു സൂര്യകുമാര്‍ പ്രഖ്യാപിക്കുന്നത്. ഒരിക്കലല്ല ഒന്നിലധികം തവണ അവര്‍ ആരോപണം ആവര്‍ത്തിക്കുന്നുണ്ട്. ഏത് ഔദ്യോഗിക സോഴ്‌സില്‍ നിന്നാണ് അവര്‍ക്ക് ആ കണക്ക് ലഭിച്ചത് എന്ന് പറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. അത്തരമൊരു സംഭവം ഇല്ലെന്നിരിക്കെ അതിന് അവര്‍ക്കാവില്ല. മനോധര്‍മമനുസരിച്ച് ഭാവനയില്‍ സൃഷ്ടിച്ചെടുത്ത കാര്യമാണ് കവര്‍ സ്‌റ്റോറിയിലൂടെ അവര്‍ പ്രഖ്യാപിച്ചത്. പോലീസിന് സംശയിമില്ല വരുന്ന തെളിവുകളും അതു തന്നെ എന്നൊക്കെ അതില്‍ അവര്‍ പറയുന്നുണ്ട്. നാളിതുവരെ പോലീസ് അങ്ങനെ പറയുകയോ ഒരു മീഡിയകളുടെ ക്യാമറകളിലോ സിസി ടി,വികളിലോ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ അക്രമം കാട്ടിയതായി കാണുകയോ ചെയ്തിട്ടില്ല. ദൃക്‌സാക്ഷികളുമില്ല. പകരം മതേതര പാര്‍ട്ടികളെന്നു, പറയപ്പെടുന്ന മറ്റ് പല പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതായി ദൃശ്യങ്ങള്‍ തെളിഞ്ഞിട്ടുണ്ടുതാനും. വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ എന്ത് തെളിവും വിവരങ്ങളും സിന്ധു സൂര്യകുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കും ഏഷ്യാനെറ്റ് എന്ന മാധ്യമ സ്ഥാപനത്തിനും ലഭിച്ചതെന്നും ഷഫീഖ് ചോദിച്ചു.

കേരളത്തില്‍ സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും അംഗങ്ങളും നേതാക്കളുമുള്ള രാഷ്ട്രീയ പാര്‍ട്ടിയായാ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ വര്‍ഗീയത ആരോപിക്കുന്നത് ഏതടിസ്ഥാനത്തിലാണ്? ഉത്തരവാദപ്പെട്ട മാധ്യമ സ്ഥാപനം എന്ന നിലയില്‍ ഏഷ്യാനെറ്റും സിന്ധു സൂര്യകുമാറും ഈ ദുരാരോപണം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരത്തിലൊരു നീക്കം സ്ഥാപനത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകയില്‍ നിന്നുമുണ്ടായില്ലെങ്കില്‍ നിയമപരമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും ഷഫീഖ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button