Travel

ഭൂട്ടാൻ യാത്ര അനുഭവങ്ങള്‍ പങ്കു വെച്ച് അഡ്വ ഹരീഷ് വാസുദേവന്‍

അഡ്വ ഹരീഷ് വാസുദേവന്‍

8 ദിവസത്തെ ഭൂട്ടാൻ യാത്ര കഴിഞ്ഞു തിരികെ മടങ്ങുമ്പോൾ നഷ്ടപെടുന്ന കണക്കിൽ പലതുമുണ്ട്. ഇവിടുത്തെ തണുപ്പ്, കാലാവസ്ഥ, ശുദ്ധവായു, ശുദ്ധജലം, വെള്ളാരം കല്ലുള്ള പുഴ, കൺകുളിർക്കുന്ന പച്ചപ്പ്, വൃത്തി, അങ്ങനെ പലതും. അതിൽപ്പലതും നമുക്ക് കേരളത്തിൽ കിഴക്കൻ പ്രദേശത്ത് കിട്ടുന്നതുമാണ്.

പക്ഷെ എനിക്ക് ഏറ്റവും വലിയ നഷ്ടമായി തോന്നുന്നത് ഇവിടുത്തെ ശബ്ദശല്യം ഇല്ലാത്ത അന്തരീക്ഷമാണ്. ഭൂട്ടാൻ എന്ന രാജ്യമാകെ ഒരു സൈലന്റ് സോൺ ആണ്. ബുദ്ധിസം അതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട് എന്ന് കരുതുന്നു. ലൗഡ്സ്പീക്കർ എന്ന സാധനമേ കണ്ടിട്ടില്ല.

ആരും അനാവശ്യമായി ഒരു ശബ്ദവുമുണ്ടാക്കുന്നില്ല. ഹോൺ അടിക്കുന്നില്ല. മനുഷ്യർ അനാവശ്യമായി ഉറക്കെ സംസാരിക്കുന്നു പോലുമില്ല. വാഹനങ്ങൾ തുലോം കുറവ്. ഉള്ളവ തന്നെ ഏറ്റവും മാന്യമായ ഡ്രൈവിങ്. കാട്ടിലൂടെ നടക്കുമ്പോൾ പോലും ആകെ ശബ്ദശല്യമുള്ളത് ഇന്ത്യൻ ടൂറിസ്റ്റുകൾ മൊബൈലിൽ പാട്ടു വെച്ച് നടക്കുന്നതാണ്. കുറച്ചുദിവസം നിശബ്ദത ആസ്വദിച്ചു കഴിഞ്ഞാൽ എത്ര ആരോചകമാണ് ശബ്ദം എന്ന് പെട്ടെന്ന് മനസിലാകും. അപ്പോൾ മൃഗങ്ങളുടെ കാര്യം ഓർത്തു നോക്കൂ. യൂറോപ്പിൽ നിന്നും മറ്റും വരുന്ന ടൂറിസ്റുകൾക്ക് ഇത് വലിയ വിഷമം ഉണ്ടാക്കുന്നത് അവരുടെ മുഖത്ത് പ്രകടമാണ്.

ഇന്ത്യ ശബ്ദശല്യത്തിൽ ഏറെ മുന്നിലാണ്. കേരളം അതിലുമേറെ. പൊതുവിടവും സ്വകാര്യ ഇടവും നമ്മൾ മലയാളികൾക്ക് ശബ്ദമുണ്ടാക്കാനുള്ള വേദിയാണ്. “പരസ്പരം സംസാരിക്കുമ്പോൾ പോലും നാം അനാവശ്യമായ ശബ്ദം എടുക്കുന്നില്ലേ, നമ്മുടെ ഗൈഡും ഡ്രൈവറും എത്ര പതിയെ ആണ് മിണ്ടുന്നത്” എന്ന് രണ്ടാം ദിനം ഭാര്യ ചോദിച്ചപ്പോഴാണ് ഞങ്ങളും പതിയെ സംസാരിക്കാൻ ശ്രമിച്ചു തുടങ്ങിയത്.

ശബ്ദശല്യ നിയന്ത്രണത്തിൽ കേരളം സമ്പൂർണ്ണ പരാജയമാണ്. വീടുകൾ മുതൽ ദേവാലയങ്ങൾ വരെ ശബ്ദശല്യത്തിന്റെ ഉറവിടങ്ങളാണ്. ഒച്ചയിട്ടാണ് നാം ആസ്വദിക്കുക, മറ്റുള്ളവരെ ദ്രോഹിക്കുന്ന, ഉപദ്രവിക്കുന്ന ശബ്ദം ഉണ്ടാക്കൽ പോലും നമുക്കിന്ന് ശീലമാണ്. കൂട്ടായി നിന്ന് നാം ആ തെറ്റിനു വേണ്ടി വാദിക്കുകയും ചെയ്യും. ശബ്ദശല്യ നിയന്ത്രണ നിയമങ്ങൾ നോക്കുകുത്തി ആണ്, പൊലീസിന് അങ്ങനെ ഒരു വകുപ്പ് തന്നെ അറിയാത്ത മട്ടാണ്. ഹൃദയ സംബന്ധിയായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് IMA മുന്നറിയിപ്പ് തന്നിട്ടും, നിശ്ശബ്ദമായ ഇടം മൗലികാവകാശമാണെന്ന പലകോടതിവിധികൾ ഉണ്ടായിട്ടും കേരളം ശബ്ദശല്യത്തിൽ തുടരാനാണ് തീരുമാനം. മറിച്ചൊരു ശ്രമം ഭരണാധികാരികളിൽ നിന്ന് കാണാനില്ല. മാലിന്യസംസ്കാരത്തെപ്പറ്റി പറയേണ്ടതില്ലല്ലോ.

എനിക്ക് ഇത്ര തോന്നുന്നുണ്ടെങ്കിൽ കേരളത്തിൽ എത്തുന്ന ഓരോ ടൂറിസ്റ്റിനും ഇത് എത്ര അരോചകമായി തോന്നുന്നുണ്ടാകും? എന്ത് ടൂറിസം സംസ്‌കാരമാണ് നാം സൂക്ഷിക്കുന്നത് എന്ന് ചിന്തിച്ചാൽ നാം ലജ്ജ കൊണ്ട് തല താഴ്ത്തും. കേരളത്തിന്റെ നാലിരട്ടി ഭൂവിസ്തൃതിയുള്ള, എന്നാൽ മുപ്പത്തിലൊന്നു പോലും മനുഷ്യരില്ലാത്ത ഭൂട്ടാനുമായി താരതമ്യം സാധ്യമല്ല എന്നറിയാം. എന്നാലും തൊട്ടടുത്ത തമിഴ്‌നാടും കർണ്ണടകയും പോലും ഇതിലും ഭേദമാണ് എന്നറിയുമ്പോഴോ? ശബ്ദശല്യം കുറയ്ക്കാൻ നാം വിചാരിച്ചാൽ കഴിയും. ഭരിക്കുന്നവരും വിചാരിക്കണം. അനാവശ്യമോ മറ്റൊരാൾക്ക് ആരോചമായതോ ആയ ശബ്ദം ഉണ്ടാക്കില്ല എന്ന് നാം തീരുമാനിക്കണം. വെല്ലുവിളിയാണ്, എന്നാലും ഞാൻ ശ്രമിക്കും.

Tags

Post Your Comments

Related Articles


Back to top button
Close
Close