NerkazhchakalWriters' CornerEditor's Choice

ഒടുവില്‍ മാണി വഞ്ചി തിരുനക്കര തന്നെ അടുപ്പിക്കുമ്പോള്‍

കയ്യാല പുറത്തെ തേങ്ങ പോലെ എല്‍ഡിഎഫിലേയ്ക്കോ യുഡിഎഫിലേയ്ക്കോ എന്ന് ഉറപ്പിക്കാതെ ചാഞ്ചാടികൊണ്ടിരുന്ന കെ എം മാണിയും കൂട്ടരും യുഡിഎഫില്‍ തന്നെ എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടെ ചെങ്ങനൂര്‍ മാണിയുമായി ചേര്‍ന്ന് പിടിച്ചെടുക്കാന്‍ ആഗ്രഹിച്ച എല്‍ഡിഎഫ് ആകെ നിരാശയിലായി. ചെങ്ങന്നൂര്‍ മാത്രമല്ല കെ.എം.മാണി എൽ‍ഡിഎഫിലേക്കു വരുന്നത് ക്രൈസ്തവ മേഖലകളിൽ ദീർ‍ഘകാലാടിസ്ഥാനത്തിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നും ചില പാര്‍ട്ടി നേതാക്കള്‍ വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ സിപിഎം വലിയ ചര്‍ച്ച നടത്തിയിരുന്നു.

എന്തായാലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്ക് ചേക്കേറുന്നു. മുന്നണിപ്രവേശം സംബന്ധിച്ചു പ്രഖ്യാപനമായില്ലെങ്കിലും, മലപ്പുറം ലോക്സഭ, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പു മാതൃകയിൽ ചെങ്ങന്നൂരിലും കോണ്‍ഗ്രസ്സിന് പിന്തുണ നൽകാനാണു ഇപ്പോഴത്തെ തീരുമാനം. മലപ്പുറത്തും വേങ്ങരയിലും യുഡിഎഫിനല്ല, മുസ്‌ലിം ലീഗിനാണു പിന്തുണയെന്നു കേരള കോൺഗ്രസ് അന്ന് നിലപാടെടുത്തിരുന്നു. കോൺഗ്രസുമായാണ് മാണിയ്ക്ക് അഭിപ്രായവ്യത്യാസം. അതുകൊണ്ടുതന്നെ ഇടതുപക്ഷവും ബിജെപിയും മാണിയ്ക്ക് നേരെ വാതിലുകൾ തുറന്നിട്ടു. എന്നാല്‍ അതെല്ലാം കൊട്ടിയടച്ച്‌, യുഡിഎഫിലേക്കു തന്നെയാണ് തന്റെ ചായ്‌വെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് മാണി. കെ.എം.മാണിയുടെ വസതിയിൽ ചേർന്ന ഉപസമിതി യോഗമാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തത്. യുഡിഎഫിലേക്കു മടങ്ങുന്നതു സംബന്ധിച്ചുള്ള ചർച്ച പിന്നീടു മതിയെന്നാണു യോഗതീരുമാനം. ഉമ്മൻ ചാണ്ടി, എം.എം.ഹസൻ, രമേശ് ചെന്നിത്തല, പി.കെ.കു​ഞ്ഞാലിക്കുട്ടി എന്നിവർ നേരിട്ടെത്തി നടത്തിയ അഭ്യർഥനയും ദേശീയതലത്തിൽ മതനിരപേക്ഷസഖ്യം രൂപീകരിക്കേണ്ട സാഹചര്യവും കണക്കിലെടുത്താണു പിന്തുണയെന്നു യോഗശേഷം കെ. എം.മാണി പറഞ്ഞു. ഉപാധികളില്ലാതെയാണു പിന്തുണ. ‘യുഡിഎഫുമായുള്ള ശത്രുത തീർന്നോ’ എന്ന ചോദ്യത്തിന് ശത്രുക്കളോടു പോലും ക്ഷമിക്കുന്നതാണു തന്റെ രീതിയെന്നു മാണി പറഞ്ഞു. ശത്രുക്കളെന്നു പറഞ്ഞതു യുഡിഎഫിലെ ആരെയും ഉദ്ദേശിച്ചല്ലെന്നും വിശദീകരിച്ചു.

ചങ്ങന്നൂര്‍ എന്ന തുറുപ്പ് ചീട്ട് ഉയര്‍ത്തികൊണ്ടു അധികാര മോഹിയായ കേരള കോൺഗ്രസിനെ എൽ‍ഡിഎഫിലെടുക്കുന്നതിനെ സിപിഎമ്മിലെ യച്ചൂരിപക്ഷവും സിപിഐയും പരസ്യമായിത്തന്നെ എതിർത്തിരുന്നു. അതുകൊണ്ട് തന്നെ മാണി യുഡിഎഫിലേയ്ക്ക് എന്ന നിലപാട് പ്രഖ്യാപിച്ചപ്പോള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശം എൽഡിഎഫ് ചർച്ച ചെയ്യണമെന്നായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപേ കേരള കോൺഗ്രസ് തീരുമാനമെടുത്തുകഴിഞ്ഞു. ഇനി എൽഡിഎഫ് എന്തു ചെയ്യാൻ ?’ കെ.എം.മാണി എപ്പോഴും യുഡിഎഫിനൊപ്പമായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നശേഷവും യുഡിഎഫുമായി ബന്ധം തുടർന്നു. അത് തന്നെയാണ് പ്രഖ്യാപനത്തിനു പിന്നിലെന്നും സുധാകർ റെഡ്ഡി പറഞ്ഞു. യുഡിഎഫിനു പിന്തുണ നൽകാനുള്ള കേരള കോൺഗ്രസ് (എം) തീരുമാനം ചെങ്ങന്നൂരിലെ എൽഡിഎഫിന്റെ ജയത്തെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് സിപിഎം . കാരണം മാണി ഉൾപ്പെട്ട യുഡിഎഫിനെ തോൽപ്പിച്ചാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിച്ചത്. അതുകൊണ്ട് തന്നെ മാണിയുടെ തീരുമാനം വിജയത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.

കേരള കോൺഗ്രസിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സിപിഎം, സിപിഐ കേന്ദ്ര നേതാക്കൾ കഴിഞ്ഞ മാർച്ചിൽ ചർച്ച നടത്തിയിരുന്നു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് സിപിഐ കെ.എം.മാണിക്കെതിരെ പരസ്യവിമർശനം ഒഴിവാക്കണമെന്ന് സിപിഎം അന്ന് അഭ്യർഥിച്ചിരുന്നു. കേന്ദ്രത്തിൽനിന്ന് അത്തരത്തിലൊരു നിർദേശം നൽകാനാവില്ലെന്നാണ് അന്നു സിപിഐ നേതാക്കൾ വ്യക്തമാക്കിയത്. എന്തായാലും ഇനി വിമര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ല. കാരണം പറഞ്ഞു പറഞ്ഞു മോഹിപ്പിച്ചിട്ട് കടന്നു കളഞ്ഞില്ലേ!!

അനിരുദ്ധന്‍

shortlink

Related Articles

Post Your Comments


Back to top button