Latest NewsInternational

ട്രംപും കിമ്മും നേര്‍ക്കുനേര്‍: അമേരിക്ക-ഉത്തരകൊറിയ ഉടമ്പടി നല്‍കുന്ന സന്ദേശം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ വി എസ് ഹരിദാസ്‌ വിശകലനം ചെയ്യുന്നു

ലോകരാഷ്ടങ്ങളും നയതന്ത്ര വിദഗ്‌ധരും പലപ്പോഴും ഭ്രാന്തന്മാരെപ്പോലെ നോക്കിക്കണ്ടിരുന്ന രണ്ട്‌ ഭരണകർത്താക്കൾ. ലോകത്തിന് എന്ത് നാശവും വിതക്കാൻ ഉതകുന്ന ശേഷി സമാഹരിച്ച രണ്ട് രാഷ്ട്രങ്ങൾ. പരസ്പരം വെല്ലുവിളിക്കുകയും തകർത്തുകളയുമെന്ന് അന്യോന്യം തുറന്നടിക്കുകയും ചെയ്തുപോന്നവർ…… രാഷ്ട്രത്തലവന്മാർ എന്നത് മറന്നുകൊണ്ട് പരസ്യ പ്രസ്താവനകൾ നടത്തിപ്പോന്നവർ……. അതെ, അവരിപ്പോൾ ഒരു വലിയ സമാധാന സന്ധിക്ക് തയ്യാറായിരിക്കുന്നു. അതിനാണ് ഇന്ന് സിംഗപ്പൂരിലെ സെന്റോസ് ദ്വീപിലെ പ്രസിദ്ധമായ കാപെല്ല ഹോട്ടൽ സാക്ഷ്യം വഹിച്ചത്. അമേരിക്കയും ഉത്തര കൊറിയയുമുണ്ടാക്കിയ ധാരണ തീർച്ചയായും ലോകസമാധാനത്തിന് കരുത്തുപകരുക ചെയ്യും. നേരത്തെ സൂചിപ്പിച്ച രാഷ്ട്രത്തലവന്മാരായ ഡൊണാൾഡ് ട്രംപും കിം ജോങ്‌ ഉന്നും അതിൽ വഹിച്ച പങ്ക് ലോകം വാഴ്ത്തിപ്പാടുകതന്നെ ചെയ്യും. എന്നാൽ ഇതൊരു തുടക്കം മാത്രമാണ് എന്നത് മറന്നുകൂടാ ……….. രണ്ടുകൂട്ടർക്കും ഇന്നിപ്പോൾ ഇതാവശ്യമായിരുന്നു; ആ ധാരണകൾ അതേപടി നടപ്പിലാക്കുക എന്നാൽ കുറെയേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. എന്നാൽ രണ്ട് ധ്രുവങ്ങളിൽ നിന്നവർ ഇത്രത്തോളമെത്തി എന്നത് കാണാതെ പോയിക്കൂടാ താനും. യുദ്ധമല്ല ഒന്നിനും പരിഹാരമെന്നും സമാധാനമാണ് വേണ്ടതെന്നും, സമാധാനമില്ലാതെ ഒരു വികസനവും നടപ്പാവില്ലെന്നും എല്ലാവരെയും ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഈ ഉച്ചകോടിയും അതിലെ തീരുമാനങ്ങളും. ഇതിന് മുൻപ് ദശാബ്ദങ്ങളായി യുദ്ധവുമായി കഴിഞ്ഞിരുന്ന ഉത്തര-ദക്ഷിണ കൊറിയകൾ സമാധാനത്തിന് സന്ധിചെയ്തതും ഓർമ്മിക്കേണ്ടതുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്നിപ്പോൾ നടന്നിട്ടുള്ള യുഎസ് – ഉത്തരകൊറിയ ഉച്ചകോടി.

ഉത്തര കൊറിയയുമായി വിധത്തിലുള്ള സമാധാനം ഉണ്ടാക്കാനാവുമെന്ന് ഒരു അമേരിക്കക്കാരനും ചിന്തിച്ചിരുന്നില്ല എന്നതോർക്കുക. ലോകരാഷ്ട്രങ്ങൾ അതാഗ്രഹിച്ചിരുന്നു എങ്കിലും ഇങ്ങനെയൊക്കെ അത് രൂപപ്പെടുമെന്ന്‌ വിചാരിച്ചവർ കുറവുതന്നെയാവും. യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ഉടനെ ട്രംപ് നടത്തിയ വിവാദ പ്രസ്താവനകളിൽ ഒന്ന് വടക്കൻ കൊറിയയെ നശിപ്പിക്കുമെന്നതാണ്. ഒരു രാഷ്ട്രത്തലവൻ അങ്ങിനെയൊക്കെ സംസാരിക്കാമോ എന്ന് അന്ന് പലരും സംശയിച്ചിരിക്കും. മാത്രമല്ല അത്രമാത്രം പ്രകോപനമാണ് അത് വടക്കൻ കൊറിയയിൽ നിന്നുമുണ്ടാക്കിയത്. അവർ നടത്തിയ തുടർച്ചയായ ആണവ മിസൈൽ പരീക്ഷണവും മറ്റും മറക്കാവതല്ലല്ലോ. അതൊക്കെ ഒരർഥത്തിൽ അമേരിക്കക്കും ട്രംപിനുമുള്ള മുന്നറിയിപ്പോ ഭീഷണിയോ ഒക്കെയായിരുന്നു. വടക്കൻ കൊറിയക്കെതിരെ എന്തിനും തയ്യാറാണ് എന്നമട്ടിൽ അമേരിക്കൻ സേന ദക്ഷിണ കൊറിയയിൽ തമ്പടിച്ചത്, ഒന്നിനൊന്ന്‌ എന്നവിധത്തിൽ പ്രസ്താവന യുദ്ധങ്ങൾ നടത്തിയത് ……….. അവിടെനിന്നുമാണ് സിംഗപ്പൂരിലേക്ക് രണ്ടുപേരെയും എത്തിച്ചത്. ആ യാത്ര ചെറുതായിരുന്നില്ല, സംശയമില്ല. ഇവിടെയും ഒരു കാര്യം കൂടി ഓർമ്മിക്കേണ്ടതുണ്ട്; സമാധാനത്തിന് വേദിയൊരുക്കാനായി തങ്ങളുടെ പക്കലുള്ള യുഎസ് തടവുകാരെ വിട്ടയക്കാനും ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാനും കിം തയ്യാറായിരുന്നു.

നയതന്ത്ര രംഗത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുമ്പോൾ നേരത്തെ നടന്ന രണ്ട്‌ കൊറിയകളുടെ സമാഗമം ഇപ്പോഴത്തെ ട്രംപ്-കിം ഒത്തുതീർപ്പിന് കാരണമായിട്ടുണ്ട്; എന്നാൽ കൊറിയകൾ ഒന്നിച്ചതിന് പിന്നിൽ അമേരിക്കയാണ് എന്നൊക്കെ വാദഗതികൾ ഉയരുന്നുവെങ്കിലും അത് എത്രമാത്രം ശരിയാണ് എന്നതിൽ സംശയമുള്ള ഒരാളാണ് ഞാൻ. അമേരിക്ക ഉയർത്തുന്ന പ്രശ്നങ്ങൾ, ഒച്ചപ്പാടുകൾ ആ ഒത്തുചേരലിന് വഴിവെച്ചിരിക്കാം; അതിനൊപ്പം ഇനിയും ഇങ്ങനെ തീരാ യുദ്ധവും ഭീഷണിയുമായി മുന്നോട്ട് പോകാനാവില്ലെന്നും ഉപരോധങ്ങൾ നീങ്ങിക്കിട്ടിയെ പറ്റൂ എന്ന കിം ഭരണകൂടത്തിന്റെ ചിന്തയും അതിന് കാരണമായിട്ടുണ്ട്. അനവധി ധാരണകൾ പലരും ഉത്തര കൊറിയയുമായി ഉണ്ടാക്കിയിരുന്നുവെങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. പലപ്പോഴും ഉത്തരകൊറിയ തന്നെയാണ് അതൊക്കെ ലംഘിച്ചത്. എന്നാലിപ്പോൾ കുറെ പാഠങ്ങൾ അവരും പഠിച്ചിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. ട്രംപ് അതിൽ ഒരു കക്ഷിയാവാം; അതുപോലെ പലതുമുണ്ടാവണം. ഏറ്റവും പ്രധാനം, ഞാൻ കരുതുന്നത്, രാജ്യത്തിൻറെ വികസനത്തിൽ കിം നേരിടുന്ന പ്രയാസങ്ങൾ തന്നെയാണ്. ഇന്നിപ്പോൾ ഉപരോധത്തെത്തുടന്ന് ലോകത്തിന്റെ ജാലകങ്ങൾ മുഴുവൻ കൊട്ടിയടക്കപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് ആ രാജ്യമെന്നതോർക്കുക. അതിന്റെയൊക്കെ അനുഭവങ്ങൾ, പ്രയാസങ്ങൾ ഒക്കെത്തന്നെ ഇപ്പോഴത്തെ യുഎസ്- ഉത്തര കൊറിയ ഉടമ്പടിക്ക് പ്രേരകമായിട്ടുണ്ട്.

ഇവിടെ നാം കാണേണ്ട മറ്റൊരു കാര്യം, ബാക്കിയുള്ള യുഎസ് തടവുകാരുടെ കൈമാറ്റം, ആണവ നിർവ്യാപനം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കുന്നു എന്നതാണ്. തടവുകാർ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ തിരിച്ചയക്കാൻ കിം ഉൻ സമ്മതയിച്ചതായി വാർത്താലേഖകരോട് ട്രംപ് പറഞ്ഞിട്ടുണ്ട്. അതേസമയം തന്നെ, ആണവായുധങ്ങളെക്കുറിച്ചും ചോദ്യമുയർന്നു. ” സാമാന്യം നല്ലനിലക്കുള്ള ആണവായുധങ്ങളുണ്ട് എന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ പക്കൽ ഇന്റലിജിൻസ് റിപ്പോർട്ടുണ്ട്. അതൊക്കെ നിർവീര്യമാക്കും എന്നാണ് ധാരണ….”. അതേസമയം തന്നെ ഉത്തരകൊറിയക്ക് ആവശ്യമുള്ള സംരക്ഷണം യുഎസ് ഉറപ്പാക്കുമെന്ന ഉറപ്പും ട്രംപ് നൽകിയിരിക്കുന്നു. ഇന്നലെവരെ നശിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്നിരുന്ന വാഷിംഗ്‌ടൺ ഇന്നിപ്പോൾ ഉത്തര കൊറിയയുടെ സംരക്ഷകരാവുന്നു.

ഇവിടെ രണ്ട് നേതാക്കൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ തീർച്ചയായും പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. യുഎസ്‌ പ്രസിഡന്റ് പറഞ്ഞത്, ” ആയുധങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സമാധാനത്തിന്റെ പാത തേടുക എന്നത് എളുപ്പമുള്ള തീരുമാനമല്ല; ആർക്കും ചിന്തിക്കാവുന്ന ഒന്നുമല്ല.എന്നാൽ കിം അതിന് സന്നദ്ധമായിരിക്കുന്നു. അതിന്റെ എല്ലാ മേന്മയും കിമ്മിന് തന്നെയാണ്. 26 -മത്തെ വയസിൽ ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായ നേതാവാണ് കിം. ഇതും വേണ്ടവിധം നടപ്പിലാക്കാൻ അദ്ദേഹത്തിനാവും……”. അതിനൊപ്പം ട്രംപ് പ്രകടിപ്പിച്ച ഒരു പ്രതീക്ഷ കൂടി വായിക്കേണ്ടതുണ്ട്. ട്രംപിന്റെ വാക്കുകൾ തന്നെ നോക്കാം. ” ആരും പ്രതീക്ഷിച്ചില്ല ഇതിങ്ങനെയാവുമെന്ന്. എന്നാൽ അത് നടക്കുന്നത് ഞങ്ങൾ ഞങ്ങളുടെ കണ്ണുകൾ കൊണ്ട് കാണുന്നു. ദക്ഷിണ -ഉത്തര കൊറിയകൾ സൗഹൃദത്തോടെയും സഹകരണത്തോടെയും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”. എന്നാൽ ഇന്നിപ്പോൾ നിലവിലുള്ള ഉപരോധങ്ങൾ ഉടനെ നീക്കുമെന്ന് പറയാൻ യുഎസ് പ്രസിഡന്റ് തയ്യാറായില്ല. അതൊക്കെ അതിന്റെ വഴിയേ നടക്കുമെന്നായിരുന്നു അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തര കൊറിയയുടെ തീരുമാനങ്ങൾ ചൈനയുടെ കൂടെ സമ്മതത്തോടെയും അറിവോടെയുമാണ് എന്നാണ് കരുതേണ്ടത്. ഇന്നലെ കിം സിംഗപ്പൂരിലെത്തിയത് ചൈനയിൽ നിന്നുമാണ് അതും ഒരു ചൈനീസ് വിമാനത്തിൽ. അതുകൊണ്ട് ചൈനയുമായി അദ്ദേഹം എല്ലാ കാര്യങ്ങളും സംസാരിച്ചിരിക്കണം. ചൈനയുടെ അടുത്ത സുഹൃത്താണ് ഇപ്പോഴും എന്നും ഉത്തര കൊറിയ. അവർക്ക് ഏറ്റവുമധികം സാമഗ്രികൾ നൽകുന്നത് ചൈനയാണ്…………2017 ലെ കണക്കുകൾ പ്രകാരം കയറ്റുമതിയുടെ ഏതാണ്ട് 82. 7 ശതമാനം ചൈനയിലേക്കാണ് . ഇന്ത്യയിലേക്കുള്ള കയറ്റുമതി വെറും 3. 5 ശതമാനമാണ്. അവർ ഇറക്കുമതി ചെയ്യുന്നത് ഏറെയും ചൈനയിൽ നിന്ന് തന്നെ; 85 ശതമാനം. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു ധാരണക്കെതിരെ നിലപാടെടുക്കാൻ ബീജിങ്ങിനും കഴിയാത്ത അവസ്ഥയായിരിക്കുന്നു. ചൈന എതിർത്തിരുന്നുവെങ്കിൽ ഒരു പക്ഷെ ഇതുപോലൊരു ധാരണക്ക് ഉത്തര കൊറിയ തയ്യാറാവുമായിരുന്നോ എന്നത് സംശയകരം തന്നെ.

shortlink

Related Articles

Post Your Comments


Back to top button