Latest NewsParayathe VayyaEditor's Choice

കാക്കിക്കുപ്പായം ദാസ്യപ്പണിയുടെ ചിഹ്നമല്ലെന്ന് അധികാരികളുടെ മുന്നില്‍ ഒരോര്‍മ്മപ്പെടുത്തല്‍

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയെന്ന സല്‍പേര് ലഭിച്ചിട്ടുള്ളവരാണ് കേരള പോലീസ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വന്ന വാര്‍ത്തകള്‍ കേരളാ പോലീസിന്റെ സല്‍പേരിനെ തന്നെ ഇല്ലാതാക്കുന്നതായി മാറി. അധികാരമെന്നത് ജനങ്ങളുടെ സേവകരാകാനുള്ളതാണെന്ന പോലീസ് മുദ്രാവാക്യം അധികാര ഗര്‍വ്വ് തലയ്ക്കുപിടിച്ച ചില ഉദ്യോഗസ്ഥര്‍ മറന്നു പോയോ എന്നുള്ളതാണ് ഇപ്പോള്‍ ജനമനസുകളില്‍ നിന്ന് ഉയരുന്ന ചോദ്യം.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് കാവല്‍ നില്‍ക്കാന്‍ കോട്ടയത്ത് ആകെയുള്ള പോലീസിന്റെ നല്ലോരു ഭാഗത്തെ വിന്യസിച്ചത് മുതല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ താഴെ തട്ടിലുള്ള പോലീസ് സേനാംഗങ്ങളെ ദാസ്യപ്പണിക്ക് ഉപയോഗിച്ചത് വരെ പോലീസ് സേനയുടെ സല്‍പേരിന് കളങ്കമേല്‍പിച്ചു കഴിഞ്ഞു. ജന്മിത്ത്വം എന്നത് ഇക്കാലത്തും പലരീതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് കീഴില്‍ കുടിയാന്മാരെ പോലെ നില്‍ക്കേണ്ട അവസ്ഥ കീഴ് ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കുമുണ്ടെന്നും തെളിയിക്കുന്നതാണ് ഇത്തരം വാര്‍ത്തകള്‍.

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറത്ത് വന്നപ്പോള്‍ വാര്‍ത്തകളില്‍ പിന്നീട് നിറഞ്ഞ വാക്കാണ് ദാസ്യപ്പണി എന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലികള്‍ ചെയ്യുന്നതിനും മകളുടെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ പരിശീലനത്തിനും വരെ പോലീസുകാരെ ഉപയോഗിക്കുകയായിരുന്നു എന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിനിടെയാണ് പോലീസ് അസോസിയേഷന്‍ അംഗങ്ങള്‍ ഇതിനെതിരെ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയത്.

സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ മറ്റൊരു എഡിജിപിയുടെ വീട്ടിലെ പട്ടിയെ ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ കുളിപ്പിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഇത് ഒരു വര്‍ഷം മുന്‍പുള്ളതാണെന്ന വിശദീകരണമുണ്ടെങ്കിലും കാലങ്ങളായി പോലീസ് സേനയില്‍ തുടരുന്ന ജന്മിത്വത്തിന്റെ ഉദാഹരണമാണിത്. അഥര്‍ ഡ്യുട്ടിയെന്ന പേരില്‍ തങ്ങള്‍ അനുഭവിക്കുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ കീഴ് തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തുറന്ന് പറയാന്‍ ധൈര്യം കാണിക്കാന്‍ കുട്ടത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേല്‍ക്കുന്ന സ്ഥിതി വരെ വന്നുവെന്നും ഓര്‍ക്കണം. ഇനി ഇത് എത്ര നാള്‍ തുടരുമെന്നതും ചോദ്യചിഹ്നമായി തന്നെ നില്‍ക്കുകയാണ്.

ഈ പരാതികള്‍ക്ക് പിന്നാലെ പുറത്ത് വരുന്ന കണക്കുകളും ഞെട്ടിക്കുന്നതാണ്. ഐപിഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കം 80 ല്‍ അധികം ആളുകളുടെ വീട്ടിലെ ജോലിക്കായി നിയോഗിച്ചിരിക്കുന്ന പോലീസുകാരുടെ പ്രതിമാസ ശമ്പളചെലവ് 8 കോടി രൂപയാണ്. 2000ല്‍ അധികം പോലീസുകാരാണ് ഇത്തരത്തില്‍ ഉന്നതരുടെ സ്വകാര്യ ആവശ്യത്തിനായി ജോലി ചെയ്യുന്നത്. ഇവരെയെല്ലാം തിരിച്ച് വിളിക്കാനാണ് ഡിജിപിയുടെ തീരുമാനമെങ്കിലും ഉന്നത തല സമ്മര്‍ദ്ദം ഇതിന് വിലങ്ങ് തടിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.

ക്യാംപിലുള്ള പോലീസുകാരെ നിയമാനുസൃതമായ ജോലികള്‍ക്ക് മാത്രമേ ഉപയോഗിക്കാവു എന്ന പ്രത്യേക നിയമമുണ്ട്. 2002 മുതല്‍ 2010 വരെ ആഭ്യന്തരവകുപ്പ് പലതവണയായി ഇത് സംബന്ധിച്ച ഉത്തരവും ഇറക്കിയിട്ടുണ്ട്. കീഴുദ്യോഗസ്ഥരെക്കൊണ്ട് സ്വകാര്യ ആവശ്യത്തിനായി ജോലികള്‍ ചെയ്യിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനായി ശമ്പളം കൊടുക്കണമെന്നും മേല്‍തട്ടില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഈ മാസം 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്പി റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇനി ഈ യോഗത്തില്‍ എന്ത് തീരുമാനവമെടുക്കുമെന്ന് കാത്തിരിക്കുകയാണ് ഏവരും.

എന്തായാലും പൊതു ജനമധ്യത്തില്‍ പോലീസ് സേനയുടെ വിശ്യാസ്യതയും ജോലിയോടും സ്ഥാനമാനങ്ങളോടുള്ള ആത്മാര്‍ഥതയേയും ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിരിക്കുന്നത്. ഇതിന് ശാശ്വതമായൊരു നടപടി എടുത്തില്ലെങ്കില്‍ പോലീസ് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും പൊതു ജനത്തിന് മുന്‍പില്‍ പ്രതിച്ഛായ നഷ്ടപ്പെടുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

ജനങ്ങളുടെ സംരക്ഷണം എന്ന ചിന്തയില്‍ ഊന്നി ജീവിക്കേണ്ട ഉദ്യോഗസ്ഥര്‍ സുഖലോലുപരായി ജീവിതം മുന്നോട്ട് നയിച്ചാല്‍ സംരക്ഷകരാകേണ്ടവര്‍ തന്നെ നാടിന്റെ അന്തകരായി തീരുന്ന സ്ഥിതിയായിരിക്കും കേരളത്തില്‍ സംഭവിക്കാന്‍ പോവുക. കീഴുദ്യോഗസ്ഥരെ അടിമകളായി കാണുന്ന ഒരു സംസ്‌കാരം നമ്മുടെ പോലീസ് സേനയില്‍ ഇനി ഉണ്ടാകാതിരിക്കട്ടെ. പോലീസ് കുപ്പായമെന്നത് സമത്വത്തിന്റെ പര്യായമാണെന്ന ബോധം ഓരോ ഉദ്യോഗസ്ഥരുടെ ഉള്ളിലും ജ്വലിക്കട്ടെ. രാജ്യത്തിനെന്നും അഭിമാനമായി നില്‍ക്കുന്ന കേരള പോലീസ് സേനക്ക് ഇനി ഇത്തരത്തിലുള്ള ഒരു കളങ്കം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button