Latest NewsParayathe VayyaEditor's Choice

ഉദ്യോഗതലത്തിലെ അഴിമതിയുടെ കോട്ടയായി മാറുന്നുവോ കേരളം: ഈ അഴിമതി കുറ്റങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉത്തരമെന്ത് ?

ഏതൊരു ഭരണ സംവിധാനത്തിലും പ്രധാനമായും വേണ്ട സംഗതിയാണ് സുതാര്യത എന്നത്. സത്യസന്ധമല്ലാത്തതും പക്ഷപാതപരവുമായ ഭരണത്തെ ജനങ്ങള്‍ എത്രത്തോളം സ്വീകരിക്കും, അതിന് എത്രനാള്‍ നില നില്‍ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഒരു നൂറു ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ജന ഹൃദയങ്ങളില്‍ സൃഷ്ടിച്ചത്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ 3000ല്‍ അധികം തസ്തികകളില്‍ അനധികൃത നിയമനം നടന്നിട്ടുള്ളതായി ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. ഇത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഭരണ സമിതികളുടെ നേതൃത്വത്തില്‍ പലപ്പോഴായി നിയമിച്ച താല്‍കാലിക ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ച് വിടാനും സഹകരണ സംഘം റജിസ്ട്രാര്‍ ഉത്തരവിട്ടു. ഇത് ഏറെ ഗുണം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ്. 2020 വരെ സഹകരണമേഖലയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും റജിസ്ട്രാറിന്റെ ഉത്തരവുണ്ട്.

എന്നാല്‍ ഉത്തരവ് പുറത്ത് വന്നെങ്കിലും റജിസ്ട്രാറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായി ജീവനക്കാര്‍ ജോലിയില്‍ തുടരുന്ന സ്ഥിതിയാണെങ്കില്‍ അവരുടെ ശമ്പളം ഭരണ സമിതിയില്‍ നിന്നും തന്നെ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് കൃത്യമായി സഹകരണ ഓഡിറ്റര്‍ഡമാര്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. നിയമവിരുദ്ധമായുള്ള നിയമനത്തിനും സ്ഥാനകയറ്റങ്ങള്‍ക്ക് വേണ്ടിയും യഥാര്‍ഥത്തില്‍ പുറത്ത് വിടേണ്ട ഒഴിവുകളുടെ എണ്ണം മറച്ച് വെച്ചതായും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളില്‍ ജൂനിയര്‍ ക്ലാര്‍ക്ക് മുതല്‍ 4255 ഒഴിവുകളാണ് ഉണ്ടായിരുന്നത്. അതില്‍ വെറും 1049 ഒഴിവുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പിന്നീട്
സംഭവിച്ചതാണ് യഥാര്‍ത്ഥത്തില്‍ നിയമ വിരുദ്ധം എന്ന് ചൂണ്ടി ക്കാട്ടാവുന്നത്. ബാക്കി വന്ന ഒഴിവുകളില്‍ തോന്നും പടി താല്‍കാലിക നിയമനം നടത്തുകയാണുണ്ടായത്. ഇത് നിയമ വിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കാന്‍ വരെ ആലോചന നടത്തിയാകാമെന്നാണ് സൂചന. എന്നാല്‍ ഉത്തരവ് വന്ന ശേഷം ഇതിനെ കോടതി വഴി അട്ടി മറിക്കാനുള്ള ശ്രമവും ഭരണ സമിതി നടത്തുന്നതായാണ് ആരോപണം. സഹകരണ സ്ഥാപനങ്ങളിലെ തസ്തികകള്‍ സഹകരണ പരീക്ഷാ ബോര്‍ഡ് വഴി തിരഞ്ഞെടുപ്പ് നടത്തി സ്ഥിര നിയമനം നല്‍കാനാണ് ഉത്തരവിലുടെ അധികൃര്‍ ശ്രമിക്കുന്നത്.

താഴെ തട്ടില്‍ പ്യൂണ്‍ അല്ലെങ്കില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ നിയമിച്ച ശേഷം കോഴ വാങ്ങി സ്ഥാനക്കയറ്റം നല്‍കാനാണ് ശ്രമവെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പ്യൂണ്‍ നിയമനത്തിനായി സഹകരണ ബാങ്കുകള്‍ 10 ലക്ഷം വരെ കോഴ വാങ്ങുന്നുവെന്ന വിവരവും മെറിറ്റ് അടിസ്ഥാനത്തില്‍ ജോലിക്ക് ശ്രമിക്കുന്ന സാധാരണക്കാരായ ആളുകളെ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ അനധികൃതമായി ജോലിയില്‍ പ്രവേശിക്കുന്ന ആളുകള്‍ക്ക് അഞ്ചു വര്‍ഷത്തിനകം സ്ഥിര നിയമന ശുപാര്‍ശ സര്‍ക്കാരിന് നല്‍കി കാര്യം സാധിക്കാനായിരുന്നു നീക്കമെന്നും സൂചനയുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത്തരത്തില്‍ പത്തില്‍ അധികം ആളുകളെ സ്ഥിരപ്പെടുത്തിയെന്നത് ഗൂഡ നീക്കം ശക്തമാണെന്നതിന്റെ തെളിവ് തന്നെയാണ്.

2009 ല്‍ അധികം ഒഴിവുകള്‍ പുറത്ത് വിടാതെ പൂഴ്ത്തി വെച്ചതും ഇതിനു തന്നെ. പൊതു സമൂഹത്തെ ഇത്രയേറെ ആശങ്കയിലാക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നതും ഈ അവസരത്തില്‍ നാം ഓര്‍ക്കണം. ഉദ്യോഗസ്ഥതലത്തില്‍ അഴിമതി എന്നത് തുടര്‍ക്കഥയാകുന്ന കാഴ്ച്ചയാണ് ഈ സര്‍ക്കാര്‍ കയറിയപ്പോള്‍ മുതല്‍ കേരളം കണ്ടത്. സാധാരണക്കാരനൊപ്പം നില്‍കുന്ന കമ്മ്യൂണിസ്റ്റ് മുദ്രാവാക്യത്തെ അപ്പാടെ മറന്നു കൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നതിന് എന്ത് തെളിവാണ് വേണ്ടത്. പിഎസ് സി ഉള്‍പ്പടെയുള്ള പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ലിസ്റ്റ് കാലഹരണപ്പെടുന്നത് വരെ അത് നീട്ടിക്കൊണ്ട് പോകുന്നതും ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍ക്ക് വേണ്ടിയാണോ എന്നും പൊതു സമൂഹം ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ സര്‍ക്കാരെന്ന പേര് പിണറായി സര്‍ക്കാരിന് എത്രത്തോളം ഉപയോഗിക്കാം എന്ന ചോദ്യം ഈ അവസരത്തില്‍ ചോദിക്കുകയാണ് ജനങ്ങള്‍.

സര്‍ക്കാര്‍ എന്നാല്‍ ജനങ്ങള്‍ക്ക് സുതാര്യമായ സേവനം ഉറപ്പ് വരുത്തുന്നവരാകണം. അത്തരത്തിലുള്ള പ്രവൃത്തി സര്‍ക്കാരിന് കാഴ്ച്ചവെക്കാന്‍ സാധിക്കാതിരിക്കുകയും ഉദ്യോഗ തലത്തില്‍ സ്വേച്ഛാധിപത്യ രീതി പിന്തുടരുകയും ചെയ്യുന്ന സാഹചര്യത്തെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കുവാന്‍ എങ്ങനെ സാധിക്കും. സഹകരണ സ്ഥാപനത്തില്‍ നടന്ന നിയമ വിരുദ്ധ പ്രവൃത്തി ഈ ഗണത്തില്‍ അവസാനത്തേതായി മാറട്ടെ. കൃത്യമായ യോഗ്യതകളോടെ മാത്രം ജോലിയില്‍ പ്രവേശിച്ച് മികച്ച സേവനം പൊതു ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നവര്‍ മാത്രം ഉദ്യോഗ തലത്തിലേക്ക് വരട്ടെ. അഴിമതിയുടെ കറയല്ല പകരം സുതാര്യതയുടെ പൊന്‍ വെളിച്ചം സര്‍ക്കാരിന്റെയും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും മുഖ മുദ്രയായി തീരട്ടെ.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button