Latest NewsIndia

മയക്കുമരുന്ന് കുത്തിവെച്ച് 12 കാരിയെ 22 പേര്‍ ചേര്‍ന്ന് ഏഴ് മാസം ക്രൂരമായി പീഡിപ്പിച്ചു : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ചെന്നൈ : കേള്‍വിത്തകരാറുള്ള പന്ത്രണ്ടുകാരിയെ 22 പേര്‍ മാറി മാറി ഏഴു മാസം പീഡിപ്പിച്ചു. മയക്കുമരുന്ന് കുത്തിവച്ചും സോഫ്റ്റ് ഡ്രിങ്കില്‍ കലര്‍ത്തി നല്‍കിയുമാണു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ചെന്നൈ അയനവാരത്തെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലാണു രാജ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഇതുവരെ 18 പേര്‍ അറസ്റ്റിലായെന്നു പൊലീസ് പറഞ്ഞു. പീഡനം വീഡിയോയില്‍ പകര്‍ത്തിയ പ്രതികള്‍ ഇതു പുറത്തുവിടുമെന്നു പറഞ്ഞാണു മാസങ്ങളോളം പീഡനം തുടര്‍ന്നത്. ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിയായ മൂത്ത സഹോദരി നാട്ടിലെത്തിയപ്പോഴാണു കഠിന പീഡനങ്ങളെപ്പറ്റി പെണ്‍കുട്ടി മനസ്സു തുറന്നത്. വിവരം ചേച്ചി മാതാപിതാക്കളെ അറിയിക്കുകയും അവര്‍ അയനാപുരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Read Also : ഓർത്തോഡോക്സ് പീഡനം: നിർണായക തീരുമാനവുമായി സുപ്രീം കോടതി

പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ 300 ഫ്‌ളാറ്റുകളാണുള്ളത്. ഇവിടത്തെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രവികുമാര്‍ (66) ആണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം, മദ്യപിച്ചു പുറത്തുനിന്നെത്തിയ മറ്റു രണ്ടുപേര്‍ കൂടി കുട്ടിയെ പീഡിപ്പിച്ചു വിഡിയോ എടുത്തു. മറ്റു പ്രതികള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ പങ്കുചേര്‍ന്നു. വിഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. സ്‌കൂള്‍വാനില്‍ വന്നിറങ്ങുന്ന കുട്ടിയെ ഫ്‌ളാറ്റ് ബേസ്‌മെന്റ്, പൊതു ശുചിമുറി, ടെറസ്, ജിം എന്നിവിടങ്ങളിലാണു പീഡിപ്പിച്ചിരുന്നത്. ഫ്‌ളാറ്റുകള്‍ മിക്കതും ഒഴിഞ്ഞുകിടന്നതിനാല്‍ മറ്റുള്ളവര്‍ ഇക്കാര്യം അറിഞ്ഞുമില്ല.

കുട്ടിയുടെ പിതാവ് രാവിലെ ജോലിക്കു പോകും. കൂട്ടുകാരുമായി കളിക്കുകയാവും എന്നാണു വീട്ടമ്മയായ മാതാവ് കരുതിയിരുന്നത്. രണ്ടു സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് അറസ്റ്റിലായവരില്‍ കൂടുതലും. സെക്യൂരിറ്റിക്കാരായ മുരുകേഷ്, പളനി, അഭിഷേക്, സുകുമാരന്‍, പ്രകാശ്, ഉമാപതി, ലിഫ്റ്റ് ഓപ്‌റേറ്റര്‍മാരായ രവി കുമാര്‍, പരമശിവം, ദീനദയാലന്‍, ശ്രീനിവാസന്‍, ബാബു, പ്ലമ്പര്‍മാരായ ജയ് ഗണേശ്, രാജ സൂര്യ, സുരേഷ്, ഇലക്ട്രീഷ്യന്‍ ജയരാമന്‍, ശുചീകരണ തൊഴിലാളി രാജശേഖര്‍, പൂന്തോട്ടക്കാരന്‍ ഗുണശേഖര്‍ എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ കുറ്റം ചുമത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button