Latest NewsEditorial

സര്‍ക്കാരും പ്രതിപക്ഷവും ആ ഇച്ഛാശക്തിയെ ഇല്ലാതാക്കരുത്

പ്രളയത്തിന് ശേഷം തകര്‍ന്നടിഞ്ഞ ഒരുനാടിനെ പുനര്‍സൃഷ്ടിക്കേണ്ടത് ആ നാട്ടിലെ ഓരോ വ്യക്തിയുടെയും കടമയാണ്. അക്കാര്യത്തില്‍ കേരളത്തിന് രണ്ട് പക്ഷമില്ല. ഒരുമാസത്തെ ശമ്പളം ഓരോ മാസവും മൂന്ന് ദിവസമെന്ന നിലയില്‍ പത്ത് മാസം കൊണ്ട് പുനരധിവാസ ഫണ്ടിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനവും അതേ മനസോടെയാണ് കേരളം കേട്ടത്. എന്നാല്‍ ഇതിനിടയില്‍ ചില മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അനുചിതമായ ഇടപെടലുകള്‍ എവിടെയൊക്കെയോ വിയോജിപ്പ് സൃഷ്ടിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭാര്യയും ഭര്‍ത്താവും ഫണ്ടിലേക്ക് പണം നല്‍കണമോ, ദുരിത ബാധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശമ്പളം നല്‍കണമോ എന്ന് തുടങ്ങി ഒട്ടേറെ ആശങ്കകള്‍ തുടര്‍ന്നുണ്ടായി.

കൃത്യവും വ്യക്തവുമായ ഉത്തരം നല്‍കി ആശയക്കുഴപ്പം പരിഹരിക്കുന്നതിന് പകരം ഇത്തരത്തിലുള്ള സംശയം ഉന്നയിച്ചവര്‍ക്കെതിരെ നിര്‍ഭാഗ്യവശാല്‍ നടപടി എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തുകയും ചെയ്തു. അതേസമയം ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിലപാടും അനുചിതമായാണ് കാണേണ്ടത്. മൂന്ന് ദിവസത്തെ ശമ്പളം നല്‍കാന്‍ പറ്റാത്തതിന് ന്യായമായ കാരണമുള്ളവരും ധാരാളമുണ്ട്. അവര്‍ക്ക് അത് വ്യക്തമാക്കാന്‍ അവസരം നല്‍കുന്നതിന് പകരം ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കാന്‍ സമ്മതമല്ല എന്ന ഒറ്റവരി വിസമ്മതപത്രം എഴുതി വാങ്ങിക്കുന്നത് ഏകാധിപത്യപരമായ നടപടിയായി കണക്കാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടിവന്നതും.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നടത്തുന്ന നിര്‍ബന്ധിത ശമ്പളപിരിവ് കൊള്ളയാണെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. മുഖ്യമന്ത്രി ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും സ്വമേധയാ അല്ലാതെ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിച്ച് പണം വാങ്ങുന്നത് കൊള്ളയായി കണക്കാക്കണമെന്നും കോടതി പറഞ്ഞപ്പോള്‍ ശമ്പളം പിടിച്ചുവാങ്ങുകയാണെന്ന് മുമ്പ് തന്നെ അഭിപ്രായപ്പെട്ടവര്‍ക്ക് അതൊരു പിടിവള്ളിയായി. മുഖ്യമന്ത്രി മുന്നോട്ട് വച്ച ഒരു നിര്‍ദേശം അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നടപ്പിലാക്കുന്നതില്‍ വന്ന പാളിച്ചയാണിതെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

കൃത്യമായ അധികാര കേന്ദ്രമില്ലാതെ സംസ്ഥാനം ഭരണസ്തംഭനത്തിലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ അല്‍പ്പം വാസ്തമവില്ലെന്ന് പറയാതെ വയ്യ. ഇ പി ജയരാജനാണ് മന്ത്രിസഭയിലെ രണ്ടാമന്‍. അദ്ദേഹത്തിനാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഭരണനിര്വഹണവുമായി ബന്ധപ്പെട്ട അടിയന്തരകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി പൂര്‍ണമായും ഭരണച്ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ചികിത്സക്കായി വിദേശത്ത് പോയെങ്കിലും നേരിട്ട് ഭരണകാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും നെറ്റ് വഴി ഫയലുകളില്‍ ഒപ്പ് വയ്ക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതും വിസമ്മതപത്രം കൈമാറുന്നതിലും അഭിപ്രായവ്യത്യാസവും വിവാദവും ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയല്ല വേണ്ടത്. മറ്റ് പലകാര്യങ്ങളിലും പ്രതികരിക്കുന്നതുപോലെ സമൂഹമാധ്യമങ്ങള്‍ വഴിയെങ്കിലും ഇക്കാര്യത്തില്‍ നിലപാടുകള്‍ അറിയിച്ചിരുന്നെങ്കില്‍ ഭരണസ്തംഭനമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കാനാകുമായിരുന്നു. മറ്റ് പലകാര്യങ്ങളും ഫേസ് ബുക്ക് പേജിലൂടെ പങ്ക് വച്ച് സജീവമായിരിക്കുന്ന വേളയില്‍ പ്രത്യേകിച്ചും. ചില കാര്യങ്ങളില്‍ മന്ത്രി തോമസ് ഐസക്ക് എടുത്ത നിലപാടുകളും പ്രതിഷേധത്തിന് ഇടവരുത്തിയപ്പോഴെങ്കിലും ഉത്തരവാദിത്തപ്പെട്ട ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രസാതവന മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകേണ്ടിയിരുന്നു. എന്തായാലും ആരും പറയാതെ ഒറ്റക്കെട്ടായി പ്രളയത്തില്‍പ്പെട്ടവര്‍ക്കായി അണിനിരന്നതാണ് കേരളം. നിര്‍ബന്ധബുദ്ധിയും രഷ്ട്രീയവും കലര്‍ത്തി ആ കൂട്ടായ്മ ഇല്ലാതാക്കുന്ന നടപടികള്‍ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നമ്മള്‍ അതിജീവിക്കും എന്ന മന്ത്രത്തിന് ആയിരം പ്രളയത്തെ തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയാണ് ഇപ്പോഴുള്ളത്. അത് തകരാതിരിക്കട്ടെ..

Tags

Related Articles

Post Your Comments


Back to top button
Close
Close