Latest NewsEditorial

ചരിത്രപരമായ വിധികളുടെയും വിമര്‍ശനങ്ങളുടെയും ചീഫ് ജസ്റ്റിസ്

നീതി ന്യായവ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന ഇടപെടലുകളെ അശേഷം കുലുക്കമില്ലാതെ നേരിട്ടപ്പോള്‍ വിവാദങ്ങള്‍ക്കുമപ്പുറം ശ്രദ്ധിക്കപ്പെട്ടത് ദീപക് മിശ്രയുടെ നിശബ്ദമായ നിലപാടാണ്

വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ ചീഫ് ജസ്റ്റിസ് 

ചരിത്രപരമായ ചില വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് എന്നത് മാത്രമല്ല സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ കൂടിയാണ് പടിയിറങ്ങുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. 13 മാസവും അഞ്ച് ദിവസവും മാത്രമായിരുന്നു ചീഫ് ജസ്റ്റിസിന്റെ കസേരയില്‍ അദ്ദേഹമുണ്ടായിരുന്നതെങ്കിലും മറ്റേതൊരു ചീഫ് ജസ്റ്റിസിനും നേരിടേണ്ടി വന്നിട്ടില്ലാത്ത അസാധാരണ സാഹചര്യങ്ങളായിരുന്നു മിശ്രയുടെ മുന്നില്‍.

2017 ഓഗസ്റ്റ് 28ന് ജെ.എസ് ഖെഹാറിന്റെ പിന്‍ഗാമിയായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്. .ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസായ മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. 2018 ഒക്ടോബര്‍ 2നാണ് കാലാവധി പൂര്‍ത്തിയാവുന്നതെങ്കിലും ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാല്‍ ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതിയുടെ 45ാമത് ചീഫ് ജസ്റ്റിസ് പടിയിറങ്ങി. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന സെക്ഷന്‍ 377 റദ്ദാക്കിയതും വിവാഹേതര ലൈംഗികബന്ധം കുറ്റകരമായി കണ്ടിരുന്ന സെക്ഷന്‍ 497 റദ്ദാക്കിയതും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. ആധാര്‍ കാര്‍ഡിന്റെ സാധുത സംബന്ധിച്ച നിര്‍ണായക വിധിയും, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും വന്നതിലൂടെ വിമര്‍ശകരുടെ പോലും അഭിനന്ദനം ദീപക് മിശ്ര ഏറ്റുവാങ്ങി. രാജ്യത്തെ സിനിമ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ദീപക് മിശ്രയുടെ വിധി ഏറെ വിവാദമായിരുന്നു.

രാജ്യത്തെ അമ്പരിപ്പിച്ച ആ വാര്‍ത്താസമ്മേളനം

ഇന്ത്യന്‍നീതി ന്യായവ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി നാല് മുതിര്‍ന്ന ജസ്റ്റിസ്മാരുടെ പരസ്യ പ്രതിഷേധത്തിന് സാക്ഷിയായ ഏക ചീഫ് ജസ്റ്റിസ് എന്ന നിലയിലും ജസ്റ്റിസ് ദീപക് മിശ്രയെ കാലം അടയാളപ്പെടുത്തും. സുപ്രീംകോടതിയുടെ കീഴ്വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരേയാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയും വിവിധ ബെഞ്ചുകളിലേക്ക് കേസ് കൈമാറുന്നതിന്റെ മാനദണ്ഡവും ചോദ്യം ചെയ്യപ്പെട്ടു. മുതിര്‍ന്ന ജസ്റ്റിസുമാരെ അവഗണിച്ച് താരതമ്യേന പുതുമുഖക്കാരായ ജസ്റ്റിസുമാര്‍ അടങ്ങുന്ന ബെഞ്ചിന് ഭരണഘടനാ പ്രാധാന്യമുള്ള കേസുകള്‍ നല്‍കുന്നു എന്ന ആരോപണവും മറ്റ് ജസ്റ്റിസുമാരില്‍ നിന്നുണ്ടായി. ഇളമുറക്കാരായ ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍,ഡി.വൈ. ചന്ദ്രചൂഡ്,അശോക് ഭൂഷണ്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബഞ്ച് രൂപീകരിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടവരുത്തി.

ഇതിനിടെ ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതും വിവാദത്തിന് ആക്കം കൂട്ടി. ഈ കേസില്‍ കോഴയില്‍ ഉള്‍പ്പെട്ട കോളേജിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. കേസ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് മാറ്റിയതും വലിയ വിവാദമായി. ഇങ്ങന പല വിഷയങ്ങളിലുള്ള പ്രതിഷേധം ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്റിനുള്ള നീക്കത്തിലെത്തിച്ചു. അതേസമയം ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചതോടെയാണ് ഇംപീച്ച്മെന്റ നടപടികള്‍ വേഗത്തിലാക്കിയത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസ് മിശ്രയെക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നങ്കിലും അത് പരാജയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടിയിലെ 64 എപിമാര്‍ ഒന്നിച്ചായിരുന്നു ഇംപീച്ച് മെന്റ് നോട്ടീസ് നല്‍കിയത്.

താങ്കള്‍ അഴിമതി ആരോപിതനാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍

ഇതിനിടെ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി ഒരു അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന്റെ മുഖത്ത് നോക്കി താങ്കള്‍ അഴിമതി ആരോപിതനാണെന്ന് കോടതി മുറിയില്‍ വിളിച്ചു പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്രയോട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഇത്തരത്തില്‍ സംസാരിച്ചത്. യുപിയിലെ ലഖ്നൗ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു മറ്റ് ജസ്റ്റിസുമാരെയും അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും അമ്പരിപ്പിച്ച സംഭവം അരങ്ങേറിയത്. കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ചില അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ദീപക് മിശ്ര അത് അംഗീകരിച്ചില്ല. തനിക്കെതിരെ കോടതിയലക്ഷ്യം എടുക്കാമെന്ന് പ്രശാന്ത് ഭൂഷണ്‍ ഇടയ്ക്ക് സൂചിപ്പിച്ചപ്പോള്‍ താങ്കള്‍ അതിന് അര്‍ഹനല്ലെന്നായിരുന്നു ദീപക് മിശ്രയുടെ മറുപടി. ഇത്തരത്തില്‍ ജസ്റ്റിസുമാരുടെയും അഭിഭാഷകരുടെയും വിയോജിപ്പും പ്രതിഷേധവും രൂക്ഷമാകുമ്പോഴും സമചിത്തതയോടെ അവയൊക്കെ നേരിടാന്‍ ദീപക് മിശ്രയ്ക്കായി എന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം. തന്ത്രപരമായി തികച്ചും ശാന്തതയോടെ തന്നെ കടപുഴക്കാനെത്തുന്ന കൊടുംകാറ്റുകളെ അദ്ദേഹം മടക്കി അയക്കുകയായിരുന്നു.

SPECIAL COURT TO SOLVE PROBLEMS IN JOB

വിധികളില്‍ സ്ത്രീസമത്വവും മനുഷ്യാവകാശവും

വിവാദങ്ങളുടെ തോഴനായിരുന്നെങ്കിലും സ്ത്രീ സമത്വത്തിലും മനുഷ്യാവകാശങ്ങളിലും എതിരഭിപ്രായമില്ലാത്ത വിധം നീതി പുലര്‍ത്താന്‍ ജസ്റ്റിസ് മിശ്രക്ക് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ പദവിയിലെ തിളക്കമാര്‍ന്ന നേട്ടമാണ്. സിനിമ മേഖലയില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ നേരിട്ടിരുന്ന വിലക്ക് നീക്കി, പീഡനകേസില്‍ വേട്ടക്കാരന് ഇരയെ വിവാഹം ചെയ്ത് കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് വിധിച്ചു, ലവ് ജിഹാദ് ആരോപണത്തില്‍ ഹാദിയയെ ഭര്‍ത്താവിനൊപ്പം വിട്ടു, തുടങ്ങി രാജ്യം ശ്രദ്ധിച്ച ഉത്തരവുകളായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നടത്തിയവയില്‍ അധികവും. മലയാളം നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെയുള്ള കേസ് തള്ളിയതും പദ്മാവതി സിനിമയുടെ പ്രദര്‍ശനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയതും ദീപക് മിശ്രയാണ്.

പൗരന്‍മാരുടെ സ്വാതന്ത്ര്യവും സമത്വവും ഉയര്‍പ്പിടിച്ചുള്ള വിധി പ്രസ്താനകളും നിരീക്ഷണങ്ങളും മറ്റ് വിവാദങ്ങള്‍ തീര്‍ത്ത കറ മായ്ച്ചുകളയുന്നതായി. സ്വവര്‍ഗാനുരാഗം കുറ്റമല്ലെന്നതും ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നതും ജസ്റ്റിസ് ദീപക് മിശ്രയക്ക് വ്യാപകമായ ജനപിന്തുണ നേടി കൊടുത്ത സുപ്രധാന വിധികളായി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ എന്നും തങ്കലിപികളാല്‍ രേഖപ്പെടുത്തുന്ന നിര്‍ണായക ഉത്തരവുകളുടെ ജസ്റ്റിസ് എന്ന നിലയ്ക്കാകും ജസ്റ്റിസ് ദീപക് മിശ്ര കൂടുതല്‍ അറിയപ്പെടുക. അതേസമയം നീതി ന്യായവ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന ഇടപെടലുകളെ അശേഷം കുലുക്കമില്ലാതെ നേരിട്ടപ്പോള്‍ വിവാദങ്ങള്‍ക്കുമപ്പുറം ശ്രദ്ധിക്കപ്പെട്ടത് ദീപക് മിശ്രയുടെ നിശബ്ദമായ നിലപാടാണ്. തനിക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിനും ഇംപീച്മെന്റ് നടപടിക്കും എതെിരെ ഒരിക്കല്‍പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതെയിരുന്ന മിശ്ര അവസാനം പടിയിറങ്ങുമ്പോള്‍ എതിരാളികളെ അമ്പരിപ്പിച്ച ഉത്തരം നല്‍കി. തനിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസ്മാരില്‍ ഒരാളായ രഞ്ജന്‍ ഗഗോയിയെ തന്റെ പിന്‍ഗാമിയായി നോമിനേറ്റ് ചെയതായിരുന്നു അല്‍പ്പം താമസിച്ചാണെങ്കിലും ഇന്ത്യ ഞെട്ടലോടെ കണ്ട ആ വാര്‍ത്താസമ്മേളനത്തിന് അദ്ദേഹം മറുപടി നല്‍കിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close