KeralaLatest NewsIndia

ദേവസ്വം ബോര്‍ഡില്‍ നേതൃമാറ്റം ഉടന്‍, പത്മകുമാര്‍ പടിയിറങ്ങുമ്പോൾ അടുത്ത ഊഴം ആർക്ക്?

വിവാദം ഒഴിവാക്കാനായി രാജി എഴുതി വാങ്ങാനാണ് നീക്കം.

തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പത്മകുമാറിനെ സര്‍ക്കാര്‍ മാറ്റുമെന്ന് ഉറപ്പായി. പത്മകുമാറിനോട് രാജിവയ്ക്കാന്‍ സിപിഎമ്മിലെ പ്രമുഖര്‍ ആവശ്യപ്പെട്ടതായാണ് സൂചന. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിരന്തരം മലക്കം മറിഞ്ഞ് സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. വിവാദം ഒഴിവാക്കാനായി രാജി എഴുതി വാങ്ങാനാണ് നീക്കം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കമ്മ്യൂണിസ്റ്റുകള്‍ എത്തുന്നത് പതിവില്ലാത്ത രീതിയാണ്. ഇടത് ഭരണമുള്ളപ്പോള്‍ പാര്‍ട്ടി വിശ്വാസമുള്ള സഹയാത്രികരെയാണ് സിപിഎം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് നിയോഗിക്കലായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ഇത് മാറി പോയി. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ പ്രമുഖ നേതാവുമായ എ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. പത്തനംതിട്ടയിലെ പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു പത്മകുമാര്‍.

ശബരിമലയുമായുള്ള വൈകാരിക ബന്ധമായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ പദവിയിലെത്താനുള്ള പ്രേരണയായി മാറിയത്. അയ്യപ്പന്റെ ഉണര്‍ത്തുപാട്ടായ ഹരിവരാസനത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് പത്മകുമാറിന്റെ വീട്ടിലേക്കാണ്. പത്മകുമാറിന്റെ മുതുമുത്തശ്ചിയാണ് ഈ പാട്ട് രചിച്ചതെന്നാണ് വിശ്വാസം. അങ്ങനെ കുട്ടിക്കാലം മുതല്‍ അയ്യപ്പനെ അടുത്തറിഞ്ഞ പത്മകുമാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് എത്തി. sabarimala

പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ് ഇതിലേക്ക് പത്മകുമാറിനെ എത്തിച്ചത്. എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ കോടതി വിധി പത്മകുമാറിന് വിനയായി.നിലവാരവും നിലപാടുമില്ലാത്ത വ്യക്തിയാണ് പത്മകുമാറെന്ന് എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തു വന്നതെന്ന് വിലയിരുത്തലുണ്ട്. ഇതോടെ ശബരിമല സ്ത്രീ പ്രവേശനക്കേസില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ പത്മകുമാര്‍ തീരുമാനിക്കുകയും ചെയ്തു. sabarimala

ക്ഷേത്ര ഭരണത്തിനായി ഉണ്ടാക്കിയ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്നതാണ് ദേവസ്വം ബോര്‍ഡ്. ഇതിന്റെ പ്രസിഡന്റിനെ മാറ്റാന്‍ സര്‍ക്കാരിന് മുൻപില്‍ നൂലാമാലകള്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് രാജി എഴുതി വാങ്ങാനുള്ള ശ്രമം നടക്കുന്നത്. പത്മകുമാറിന്റെ കുടുംബം കടുത്ത വിശ്വാസികളാണ്. ശബരിമലയില്‍ വീട്ടിലെ ഓരോ അംഗവും വിശ്വാസത്തിനൊപ്പവും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ തള്ളിപ്പറയാനും പത്മകുമാര്‍ തയ്യാറായേക്കുമെന്നാണ് സൂചന. ഈ വിവാദത്തിലൂടെ സിപിഎമ്മില്‍ തുടരാനാകില്ലെന്ന തിരിച്ചറിവും പത്മകുമാറിന് വന്നതായാണ് സൂചന.

ഈ സാഹചര്യത്തിലാണ്യ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനത്തിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന നിലപാടില്‍നിന്നു മലക്കംമറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം നിലപാട് വിശദീകരിച്ചത്.യുവതീ പ്രവേശനം മുന്‍നിര്‍ത്തി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനമെടുത്തു. സന്നിധാനത്തു വനിതകള്‍ക്കായി പ്രത്യേക വരി, സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസ് എന്നിവ ഉണ്ടാകില്ല. 

മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു നടപടിയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍മാത്രം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ദര്‍ശനത്തിനു മുന്‍കാലങ്ങളിലെ സംവിധാനം തുടരും. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന സമയത്തെ ക്രമീകരണമേ ഇത്തവണയും ഉണ്ടാവൂ. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മുന്‍പും സ്ത്രീകള്‍ ശബരിമലയിലെത്തിയിട്ടുണ്ട്. തുലാമാസ പൂജയ്ക്കായി വനിതാജീവനക്കാരെ വിന്യസിക്കില്ല. അതേസമയം വനിതകള്‍ക്കായി പ്രത്യേക ശുചിമുറികള്‍ ഒരുക്കുമെന്നും പത്മകുമാര്‍ അറിയിച്ചു. 

ഇത് അംഗീകരിക്കേണ്ട സ്ഥിതിയിലേക്ക് പത്മകുമാര്‍ സര്‍ക്കാരിനെ എത്തിക്കുകയും ചെയ്തു. വിവാദം ഒഴിവാക്കാനായിരുന്നു ഇത്. എങ്കിലും സര്‍ക്കാരിന്റെ അതൃപ്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. ശബരിമല വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് പത്മകുമാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് ഇത് മാറ്റി. ഇതിനിടെയാണ് പ്രക്ഷോഭത്തിന് പുതുമാനം നല്‍കി എന്‍എസ്‌എസ് ഇടപെടല്‍ ഉണ്ടാകുന്നത്.

representative image

വിവാദങ്ങളില്‍ പിന്തുണ തേടി എന്‍ എസ് എസിനെ കാണാനും പത്മകുമാര്‍ ശ്രമിച്ചു. എന്നാല്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സമയം അനുവദിച്ചില്ല. ഇതും വാര്‍ത്തയായത് സിപിഎമ്മിന് നാണക്കേടായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button