Latest NewsGulf

പ്രവാസി ചിട്ടി; രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് നിർദേശങ്ങളുമായി ധനമന്ത്രി

ഒരു മാസത്തിനകം ആദ്യലേലം നടക്കും

ദുബായ്: വാസി ചിട്ടിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് ഒക്‌ടോബര്‍ 25ന് വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം 2500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുളളത്. 25,30,40,50 മാസങ്ങളായിരിക്കും കാലാവധി. ഏതു ചിട്ടിയാണ് അനുയോജ്യമായതെന്ന് നിര്‍ദ്ദേശിക്കാന്‍ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കും. തുടക്കത്തില്‍ യു.എ.ഇ യില്‍ ഉളളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ഒക്‌ടോബര്‍ 25 മുതല്‍ മറ്റ് ജി. സി. സി രാജ്യങ്ങളിലുളളവര്‍ക്കും കസ്റ്റമര്‍ രജിസ്‌ട്രേഷന് സൗകര്യം ലഭിക്കും. കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കാണ് തുടര്‍ന്ന് പണമടച്ച് ചിട്ടിയില്‍ ചേരാനാകുക. കെ.വൈ.സി പ്രക്രിയ പൂര്‍ത്തിയാക്കാനാണ് മുന്‍കൂട്ടി കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. ഇതുവരെ 12271 പേര്‍ യു.എ.ഇ യില്‍ നിന്നു മാത്രം ചിട്ടിയില്‍ ചേരാനായി ്‌രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 72000ല്‍ പരം പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ 5000 പേരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന ഓരോരുത്തര്‍ക്ക് കേരളത്തില്‍ വന്നുപോകുന്നതിനുളള വിമാന ടിക്കറ്റ് സമ്മാനമായി നല്‍കും. കെ.വൈ.സി. പ്രക്രിയകളും ചിട്ടി രജിസ്‌ട്രേഷനും പണമടക്കലും, ലേലം വിളിയും സെക്യൂരിറ്റി നല്‍കലുമൊക്കെ, ഓണ്‍ലൈനില്‍കൂടി ആയതിനാല്‍ എളുപ്പത്തില്‍, കാര്യക്ഷമമായി വിദേശത്തിരുന്നുതന്നെ ഈ പദ്ധതി ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്കു കഴിയും.

അടുത്ത മുന്നു വര്‍ഷംകൊണ്ട് കിഫ്ബി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന വലുതും ചെറുതുമായ 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കായി 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചിട്ടിയുടെ പ്രതിദിന നീക്കിയിരുപ്പില്‍ നിന്ന് കെ.എസ്.എഫ്.ഇ കിഫ്ബിയില്‍ നിക്ഷേപിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സ്റ്റേഡിയങ്ങള്‍, തീരദേശ ഹൈവേ, മലയോര ഹൈവേ, ഐ.ടി.പാര്‍ക്കുകള്‍, ജലസേചന പദ്ധതികള്‍, കള്‍ച്ചറല്‍ കോംപ്ലക്‌സുകള്‍, റോഡുകളും പാലങ്ങളും, ഉള്‍നാടന്‍ ജലഗതാഗതം എന്നിങ്ങനെ പത്ത് വിഭാഗങ്ങളായാണ് ആദ്യം ചിട്ടികളുടെ സീരീസ് തുടങ്ങുക. തങ്ങള്‍ ചേരുന്ന ചിട്ടിയില്‍ നിന്ന് കിഫ്ബിയിലേക്ക് ലഭിക്കുന്ന വിഹിതം ഏത് പദ്ധതിക്ക് ചെലവഴിക്കാമെന്ന് നിര്‍ദ്ദേശിക്കുന്ന സംവിധാനം വെബ്‌സൈറ്റിലുണ്ടാകും. സ്‌കൂള്‍, ആശുപത്രി, റൊഡുകളുടെ പ്രത്യേക റീച്ച്, സ്റ്റേഡിയം എന്നിങ്ങനെ താത്പര്യമുള്ള പദ്ധതികള്‍ നിര്‍ദ്ദേശിക്കാനാവും. ഒരാള്‍ക്ക് ഒന്നിലേറെ ചിട്ടിയില്‍ ചേര്‍ന്ന് പല പദ്ധതികളുടെ ഭാഗമാകുകയും ചെയ്യാം. ഇവരുടെ പേരു വിവരങ്ങളും ചിട്ടിയില്‍ ചേര്‍ന്നതിലൂടെ പങ്കാളിത്തം ഉറപ്പാക്കിയ പദ്ധതിയെക്കുറിച്ചും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പത്തു ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്, ചിട്ടി നടത്തിപ്പിനിടയില്‍ ഉപഭോക്താവായ പ്രവാസി മരണപ്പെടുകയോ തൊഴിലെടുക്കാന്‍ സാധ്യമാകാത്തവിധം പരിപൂര്‍ണ അംഗഭംഗമോ ഭാഗിക അംഗഭംഗമോ സംഭവിക്കുകയോ ചെയ്താല്‍ അവശേഷിക്കുന്ന തുകയുടെ ബാധ്യതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ചിട്ടിത്തുക ഇന്‍ഷുറന്‍സ് കമ്പനി അടച്ച് കാലാവധിയെത്തുമ്പോള്‍ പണം നല്‍കും. പ്രവാസി ചിട്ടിക്കായി പ്രത്യേകം ഓഫീസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കുന്നില്ല. മൊബൈല്‍ ആപ്പിലൂടെ ചിട്ടിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് എക്‌ചേഞ്ച് ഹൗസുകള്‍ മുഖേനയും വിവിധ ബാങ്കുകള്‍ വഴിയും പണമടയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കും. വിദേശ മലയാളികള്‍ നാട്ടില്‍ വരുന്ന അവസരങ്ങളില്‍ കെ.എസ്.എഫ്.ഇയുടെ 600 ഓളം ശാഖകളിലൂടെയും ഈ സംരംഭത്തില്‍ പങ്കുചേരാനാവും.

shortlink

Related Articles

Post Your Comments


Back to top button