Latest NewsArticleIndia

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്തുകൊണ്ട് ബിജെപി ? എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്ന് തീര്‍ച്ച, 11 ന് ബോധ്യമാവും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദിയും ബിജെപിയുമൊക്കെ തകര്‍ന്ന് തരിപ്പണമാവുമെന്ന് വിലയിരുത്തുന്നവരെ കാണുന്നുണ്ട്. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ആ ചിന്തകള്‍ക്ക് ശക്തികൂടി എന്ന് കരുതുന്നവരുമുണ്ട്. ബിജെപിയുടെ തോല്‍വി പ്രവചിച്ചുകൊണ്ട് നടക്കുന്ന കുറെ മാധ്യമ സുഹൃത്തുക്കളെ ദിനംപ്രതി കാണാറുണ്ടല്ലോ. ബിജെപി ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലാണ് ഇക്കൂട്ടര്‍ ഏറെ യാത്രചെയ്തതും ബദല്‍ ഭരണം ഉണ്ടാവുമെന്ന് വിളിച്ചോതുന്നതും. മലയാള മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്. ഒരു കാര്യം അവരെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്; ബിജെപി ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലും അവര്‍ അധികാരത്തില്‍ തിരിച്ചുവരും. മറ്റ് രണ്ടിടത്ത് ബിജെപിക്ക് കരുത്ത് വര്‍ധിക്കും എന്നുമാത്രമല്ല നിര്‍ണ്ണായക രാഷ്ട്രീയ സ്വാധീനവും തിരഞ്ഞെടുപ്പാനന്തര അവസ്ഥയിലുണ്ടാവും. എക്‌സിറ്റ് പോളുകള്‍ എന്തൊക്കെ പറഞ്ഞാലും ബിജെപി വിരുദ്ധര്‍ക്ക് സമാധാനിക്കാന്‍ കഴിയുക ഈ മാസം പതിനൊന്ന് വരെ മാത്രം. അന്ന് ചിത്രം വ്യക്തമാവും.

ഇത് ആദ്യമായല്ല ബിജെപി വിരുദ്ധ പ്രചാരണത്തിന് മലയാള ടിവി വാര്‍ത്താ – മാധ്യമങ്ങള്‍ – എക്‌സിറ്റ് പോലുകാര്‍ മുന്‍കയ്യെടുക്കുന്നത്. മുന്‍പ് യു. പിയിലും ഉത്തരാഖണ്ഡിലും തൃപുരയിലും മറ്റും തിരഞ്ഞെടുപ്പ് നടക്കവേ ഇതേകൂട്ടര്‍ പ്രവചിച്ചതും ബിജെപിയുടെ തകര്‍ച്ചയായിരുന്നുവല്ലോ. യു.പിയില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കിയപ്പോള്‍, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോള്‍, വിശ്വസിക്കാന്‍ കഴിയാതെ വിളിച്ചുകൂവിയ ‘മാധ്യമ സിംഹ’ങ്ങളെ കേരളം കണ്ടതുമാണ്. എന്തായിരുന്നു അവരുടെ ഒരു വിലാപം. എന്നാല്‍ അവിടെയൊക്കെ പിണഞ്ഞ അബദ്ധം ആവര്‍ത്തിക്കരുത് എന്ന് അവര്‍ക്ക് തോന്നുന്നില്ല; വീണ്ടും വീണ്ടും അവര്‍ ബിജെപി വിരുദ്ധ നീക്കം കണ്ണടച്ച് നടത്തിക്കൊണ്ടേയിരിക്കുന്നു. എനിക്ക് തോന്നുന്നു, അത് അവരുടെ മുതലാളിമാരുടെ താല്പര്യം മാത്രമല്ല, അതിനപ്പുറം ഈ മാധ്യമ പ്രവര്‍ത്തകരുടെ അമിതാവേശവും മറ്റും മറ്റുമാണ്……. ചിലരോടൊക്കെ ചിലതിനൊക്കെ നന്ദി പ്രകടിപ്പിക്കേണ്ടവരാണ് പലരും എന്നുമാത്രം തത്ക്കാലം ഓര്‍ക്കുക. എന്നാല്‍ അവര്‍ പണയം വെക്കുന്നത് ആരുടെയൊക്കെ വിശ്വാസ്യതയെയാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഇവിടെ പ്രധാനമായുംബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ കാര്യമാണ് വിലയിരുത്താന്‍ ഉദ്ദേശിച്ചത് ; അതായത് ഛത്തിസ്ഗഢ് , മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേത്. എന്താണ് തങ്ങള്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും എന്ന് ബിജെപി അവകാശപ്പെടുന്നത് എന്ന് അറിയണമല്ലോ. അതില്‍ രണ്ടിടത്ത് വോട്ടിങ് കഴിഞ്ഞിരിക്കുന്നു. മധ്യപ്രദേശ് തന്നെ ആദ്യം പരിശോധിക്കാം. അവിടെ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്, മുന്‍പൊക്കെ. എന്നാല്‍ അന്നൊക്കെ അവര്‍ക്കുണ്ടായിരുന്ന വോട്ടിന്റെ വ്യത്യാസം, പ്രതിപക്ഷ കക്ഷിയെക്കാള്‍ വെറും രണ്ട് ശതമാനം മാത്രമാണ്; സീറ്റിന്റെ കാര്യത്തില്‍ അവര്‍ക്കുണ്ടായ മേല്‍ക്കൈ,പരമാവധി, വെറും 37 എണ്ണവും. അതിലേറെ ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചിട്ടേയില്ല എന്നര്‍ത്ഥം . അതേസമയം അവിടെ ബിജെപി ജയിച്ചപ്പോഴൊക്കെ ഏറ്റവും ചുരുങ്ങിയത് എട്ട് ശതമാനം വോട്ടിന്റെ എങ്കിലും വര്‍ധന നേടിയിരുന്നു. മറ്റൊന്ന് അവിടത്തെ ഏതാണ്ട് 6,700 പോളിങ് ബൂത്തുകളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ബിജെപി രണ്ടാം സ്ഥാനത്തേക്ക് പോയിട്ടില്ല എന്നതാണ്. അത്രക്ക് കരുത്താണ് ബിജെപിക്കുള്ളത്. മറ്റൊരു കണക്ക് കൂടി നോക്കൂ ….. സംസ്ഥാനത്തെ 50- ഓളം നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ രണ്ടര ദശാബ്ദത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിട്ടേയില്ല. ഒരര്‍ഥത്തില്‍ ഗുജറാത്തിനേക്കാള്‍ ശക്തമാണ് അവിടെ ബിജെപിയുടെ അടിത്തറ, ജന പിന്തുണയും.

Vote

ഇനി രാഷ്ട്രീയം; എന്തെല്ലാം ആക്ഷേപങ്ങളാണ് അവിടെ ബിജെപിക്കെതിരെ ഉയര്‍ത്തിയത്. അതിലൊന്ന് വ്യാപം അഴിമതിയാണ്. അതുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബന്ധിപ്പിക്കാന്‍ ശ്രമം നടന്നു; അടുത്തിടെ രാഹുല്‍ ഗാന്ധിക്ക് നാണം കേട്ട് അത്തരമൊരു ആക്ഷേപം പിന്‍വലിക്കേണ്ടിവന്നത് മറന്നുകൂടാ. ഇക്കഴിഞ്ഞ ദിവസമാണ് ശിവരാജ് സിങ് ചൗഹാനെതിരെ ആക്ഷേപമുന്നയിച്ച അവിടത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ കോടതി വിധിച്ചത് . ‘വ്യാപ’മാണ് മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കും അവിടെ നടന്നിട്ട് കണ്ടെത്താന്‍ കഴിഞ്ഞ ഏക ആരോപണം. അതൊക്കെയാണ് ഇപ്പോള്‍ എക്‌സിറ്റ് പോളുകാറം വിളിച്ചുകൂവുന്നത്. അതില്‍ എത്ര കഴമ്പുണ്ട് എന്ന് രാഹുലും മറ്റേ കോണ്‍ഗ്രസ് നേതാവും കാണിച്ചുതരുന്നുണ്ടല്ലോ.മറ്റൊന്ന് 2003 മുതല്‍ കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്ന കാര്യമാണിത് എന്നതാണ്.
അതേസമയം കാര്‍ഷിക രംഗത്ത് സംസ്ഥാനം ഉണ്ടാക്കിയ നേട്ടങ്ങള്‍ പലരും കാണാതെ പോയി. ഒരു കണക്ക് മാത്രം മതി കാര്‍ഷിക മേഖല തകരുകയായിരുന്നോ ഉണരുകയായിരുന്നോ എന്ന് തെളിയിക്കാന്‍; 2003-04 ല്‍ കര്‍ഷകര്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പ 1,273. 98 കോടിയായിരുന്നു; 2013-14ല്‍ അത് 11,210 കോടി ; 2017-18 ല്‍ അത് 56, 469 കൂടിയായി ഉയര്‍ന്നു. കാര്‍ഷിക മേഖല തകര്‍ന്നുവെങ്കില്‍ ഇതാവുമായിരുന്നോ അവസ്ഥ?. വേറൊന്ന് കൂടി നോക്കൂ; പ്രധാമന്ത്രിയുടെ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 6. 37 ലക്ഷം കര്‍ഷകരാണ് ചേര്‍ന്നത്. 2005-ല്‍ വെറും ഏഴ് ലക്ഷം ഹെക്ടറിലാണ് ജലസേചനം ഉണ്ടായിരുന്നതെങ്കില്‍ 2018-ല്‍ അത് 40 ലക്ഷം ഹെക്ടറിലായി. ആ സംസ്ഥാനത്ത് കാര്‍ഷിക ഉത്പാദന വളര്‍ച്ചാതോത് രണ്ട് അക്കത്തില്‍ ആണ് എന്നതും മറക്കരുത്.

ഇനി ഛത്തീസ്ഗഢ് എന്തുകൊണ്ടാണ് ബിജെപിക്കൊപ്പം നില്‍ക്കുന്നത് എന്ന് നോക്കാം. അവിടെ കോണ്‍ഗ്രസിന് ഒരു രക്ഷയുമില്ല എന്ന് പറഞ്ഞത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്ന ആളാണ്. അജിത് ജോഗി വേറെ പാര്‍ട്ടിയുണ്ടാക്കി, മായാവതിയുമായി സഖ്യത്തിലാണ്. അവരും ബിജെപിയും തമ്മിലാണ് മത്സരം എന്ന് കരുതുന്നവരുണ്ട്; അതായത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ് എന്ന്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അവിടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തും എന്ന് ഏറെക്കുറെ തീര്‍ച്ച. തുടര്‍ച്ചയായി ഇരുപത് വര്ഷം മുഖ്യമന്ത്രിയാവുന്ന നേതാവായി ഡോ. രമണ്‍ സിങ് മാറുന്നു എന്നതും പ്രധാനമാണ്.

മാവോയിസ്റ്റ് നിബിഡ മേഖലകളെ രക്ഷിച്ച ഭരണാധികാരി ആയിട്ടാണ് രമണ്‍ സിങ് ശ്രദ്ധിക്കപ്പെടുക. ആ പ്രദേശത്തെ ദേശീയധാരയിലെത്തിക്കാന്‍ സര്‍ക്കാരിനായി. മാവോയിസ്റ്റുകളുടെ ഭയന്ന് കഴിഞ്ഞിരുന്നവര്‍ക്ക് ഇന്നിപ്പോള്‍ ധൈര്യമായി രംഗത്ത് വരാനാവുന്നു. അവിടെ ഉണ്ടായ വികസനം കോണ്‍ഗ്രസ് ഭരണ നാളുകളില്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവാത്തതാണ്. മാവോയിസ്‌റ് മേഖലയില്‍ നടപ്പിലായ പദ്ധതികള്‍ ഒന്ന് നോക്കൂ ; 4,537 കിലോമീറ്റര്‍ റോഡ്, 2,329 മൊബൈല്‍ ടവറുകള്‍ ( വേറെ 4072 ടവറുകള്‍ കൂടി ഉടന്‍ ഉണ്ടാവും; അവ നിര്‍മ്മാണത്തിലാണ് ), 565 പോസ്റ്റ് ഓഫീസുകള്‍, 15 ഐടിഐ, അഞ്ച് നവോദയ വിദ്യാലയങ്ങള്‍, എട്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍, വിവിധ ബാങ്കുകളുടെ 428 ബ്രാഞ്ചുകള്‍, 1,045 എടിഎമ്മുകള്‍, ബസ്തറില്‍ ഒരു വിമാനത്താവളം; ഉഡാന്‍ പദ്ധതിയിന്‍ കീഴില്‍. മാവോ തീവ്രവാദികളെ ഭയന്ന് ആ പ്രദേശത്തേക്ക് സുരക്ഷാ സേനപോലും കടന്നുചെല്ലാന്‍ ഒരു കാലത്ത് മടിച്ചിരുന്നു എന്നതോര്‍ക്കുക. മധ്യ ഇന്ത്യയില്‍ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണിത്; നിര്‍മ്മാണ മേഖലയാണ് ആ സംസ്ഥാനത്തിന്റെ ജിഡിപിയുടെ 48 ശതമാനം പ്രദാനം ചെയ്യുന്നത് എന്ന് മനസിലാക്കിയാല്‍ അവിടെ നടക്കുന്ന വ്യവസായവല്‍ക്കരണം വ്യക്തമാവുമല്ലോ.

ഇനി രാജസ്ഥാന്‍; കോണ്‍ഗ്രസ് ഇപ്പോഴും ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനം അതാണ്. അവിടെ എങ്കിലും ജയിക്കാനാവും എന്നവര്‍ കരുതുന്നു; അല്ലെങ്കില്‍ കോണ്‍ഗ്രസ് ആകെ പ്രതീക്ഷവെച്ച് പുലര്‍ത്തുന്ന സംസ്ഥാനം അതാണ്. അതിനൊരു കാരണമുണ്ട്; കഴിഞ്ഞ കുറേക്കാലമായി, കേരളത്തിലേത് പോലെ അവിടെ ഭരണത്തുടര്‍ച്ച ഉണ്ടായിട്ടേയില്ല എന്നതാണ്. എന്നാല്‍ അതും ഇത്തവണ നടക്കാന്‍ പോകുന്നില്ല എന്നതാണ് രാജസ്ഥാനികള്‍ നല്‍കുന്ന സൂചന. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് സ്വയം അവകാശപ്പെടുന്ന സച്ചിന്‍ പൈലറ്റ് മത്സരിക്കുന്ന ടോങ്ക് മണ്ഡലത്തില്‍ പോലും അവര്‍ക്ക് കനത്ത പോരാട്ടമാണ് നേരിടേണ്ടിവരുന്നത്; ബിജെപി സ്ഥാനാര്‍ഥി യൂനുസ് ഖാന്‍ അത്രവലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഗ്രാമീണ റോഡുകള്‍, ദേശീയപാതകള്‍ എന്നിവ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് രാജസ്ഥാനിലുണ്ടാക്കിയ മാറ്റങ്ങള്‍ കാണേണ്ടത് തന്നെയാണ്. 6,300 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് നിര്‍മ്മിച്ചത്; സംസ്ഥാനപാതകള്‍ 28,000 കിലോമീറ്ററും. 7,768 കിലോമീറ്റര്‍ ദേശീയപാത ലോകനിലവാരത്തിലാക്കിയതും ഈ സര്‍ക്കാരിന്റെ കാലത്താണ്. ഓരോ പഞ്ചായത്തിലും ഓരോ വിദ്യാലയങ്ങള്‍; ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതികള്‍ എന്നിവയൊക്കെ ഉണ്ടാക്കിയ ജനപിന്തുണ കോണ്‍ഗ്രസിന് തിരിച്ചറിയാനായി എന്ന് തോന്നുന്നില്ല. സ്ത്രീകളെ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളാണ് മറ്റൊന്ന്. കാര്‍ഷിക കടം എഴുതിത്തള്ളിയതിന്റെ പ്രയോജനം ലഭിച്ചത് 28 ലക്ഷം കര്‍ഷകര്‍ക്കാണ്. സര്‍വോപരി ഒരൊറ്റ ആരോപണവും ഉണ്ടാക്കാത്ത ഒരു സര്‍ക്കാര്‍ എന്നതും വസുന്ധര രാജെയുടെ പ്രത്യേകതയാണ്.

ഇതിനൊക്കെ പുറമെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ടവിധം നടപ്പിലാക്കിയതിന്റെ ഫലങ്ങള്‍ ബിജെപി നേടുക. ഉജ്വല്‍ യോജനയുടെ പിന്നാക്ക സ്ത്രീകള്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷനുകള്‍ നല്‍കിയത്, സ്വച്ച് ഭാരത് പദ്ധതിയിലൂടെ ശൗചാലയങ്ങള്‍ തീര്‍ത്തത്, ഗ്രാമീണ മേഖലയില്‍ വൈദ്യുതി എത്തിച്ചു എന്നുമാത്രമല്ല അത് മുടങ്ങാതെ കിട്ടുന്നു എന്നതും ഉറപ്പാക്കി, താഴ്ന്ന വരുമാനക്കാര്‍ക്കായി നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകള്‍ നിര്‍മിച്ചത്, കര്‍ഷകര്‍ക്കായി വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്, ‘മുദ്ര’ സ്വയം തൊഴില്‍ ധനസഹായ പദ്ധതി …….. ഇതെല്ലാം ജനങ്ങളെ ബിജെപിയോട് അടുപ്പിക്കാതിരിക്കില്ലല്ലോ. അത് രാജസ്ഥാന്റെ മാത്രം പ്രത്യേകതയല്ല; രാജ്യം മുഴുവനുമുള്ളതാണ്. നോട്ട് നിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തു എന്ന് ഇപ്പോഴും പറഞ്ഞുനടക്കുന്നവര്‍ ഒരു കണക്ക് ഓര്‍മ്മിക്കുന്നത് നല്ലതാണ്; ഗോതമ്പ് വിത്തിന്റെ വില്‍പ്പന രാജ്യത്ത് 2015-16നെ അപേക്ഷിച്ച് 2016-17ല്‍ മുപ്പത് ലക്ഷം ക്വിന്റല്‍ ആണ്‍ കൂടിയത്. മറ്റെല്ലാ വിത്തുകളുടെയും വില്‍പ്പനയില്‍ ഇക്കാലത്തുണ്ടായ വര്‍ധന ഏതാണ്ട് 44. 5 ലക്ഷം ക്വിന്റലാണ്. എന്താണിത് കാണിക്കുന്നത് എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ബോധ്യമാവുമല്ലോ. രാഹുല്‍ ഗാന്ധി നുണകള്‍ കൊണ്ട് ഒരു സാമ്രാജ്യം സൃഷ്ടിച്ചത് കൊണ്ടും മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവെക്കുന്നത് കൊണ്ടും ഇതൊക്കെ ബിജെപിക്ക് വോട്ടായി മാറാതിരിക്കില്ല. അവരുടെ വിജയത്തിന്റെ രഹസ്യം അതുപോലെ പലതിലുമാണ്. സര്‍വോപരി ബിജെപിയുടെ സംഘടനാ സമ്പ്രദായം; ദേശീയ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയുടെ വിജയവും അവിടെ ദര്‍ശിക്കാനാവും. അതൊക്കെ ഇപ്പോഴത്തേക്ക് മാത്രമല്ല; ലോകസഭാ തിരഞ്ഞെടുപ്പിലും കാണാനാവും.

shortlink

Related Articles

Post Your Comments


Back to top button