KeralaLatest News

മാധ്യമ പ്രവര്‍ത്തകരുടെ വര്‍ത്താസമ്മേളന ബഹിഷ്കരണത്തില്‍ കെ സുരേന്ദന്‍റെ പ്രതികരണം

തിരുവനന്തപുരം:  സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കകരിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. മാധ്യമരംഗത്തെ സി. പി. എം ഫ്രാക്ഷന്റെ സമ്മര്‍ദ്ദമാണിതിന്‍റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്‍റെയും വാര്‍ത്താസമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചതിനെതിരെ ബിജെപി. കെപി ശശികലയുടെ വാര്‍ത്താ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍റെ ഫേസ് ബുക്കിലൂടെയുളള പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്ന് കോഴിക്കോട്‌ ഒരു വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ജനം ടി. വി, ജീവന്‍ ടി. വി, മംഗളം ചാനല്‍, അമൃത ടി. വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാര്‍ത്താസമ്മേളനത്തിന് വന്നത്. പിന്നീടാണ് അറിഞ്ഞത് പത്രപ്രവര്‍ത്തകയൂനിയന്‍ ജില്ലാകമ്മിറ്റി ബി. ജെ. പിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് മറ്റുള്ളവര്‍ വരാതിരുന്നതെന്ന്. സമാനമായ നിലയില്‍ പാര്‍ട്ടി അധ്യക്ഷന്റ തിരുവനന്തപുരത്തെയും വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചിരുന്നു എന്ന് പിന്നീട് മനസ്സിലായി.

മാധ്യമരംഗത്തെ സി. പി. എം ഫ്രാക്ഷന്റെ സമ്മര്‍ദ്ദമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അറിയുന്നു. പി. ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ ആക്രമിച്ചപ്പോഴും പിണറായി വിജയന്‍ കടക്കെടാ പുറത്ത് എന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ആട്ടിയപ്പോഴും പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ വേളയില്‍ ഏഷ്യാനെറ്റിലെ വനിതാ റിപ്പോര്‍ട്ടര്‍ ദീപയടക്കം ഇരുപതോളം മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചപ്പോഴും കാണാത്ത ബഹിഷ്കരണം ഇപ്പോഴുണ്ടാവുന്നത് അല്‍ഭുതപ്പെടുത്തുന്നു. ശബരിമലയിലുണ്ടായ അതിനീചമായ സര്‍ക്കാര്‍ നടപടിക്കും അയ്യപ്പഭക്തനെ കല്ലെറിഞ്ഞുകൊന്ന സി. പി. എം നടപടിക്കുമെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വലിയ ബഹുജനവികാരമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നത്തെ ഹര്‍ത്താലില്‍ പ്രതിഫലിച്ചിരിക്കുന്നത്. പതിവില്‍ നിന്നു വ്യത്യസ്ഥമായി ഇന്നത്തെ ഹര്‍ത്താലില്‍ പലയിടത്തും പൊലീസിനൊപ്പം സി. പി. എം ക്രിമിനലുകളും എന്‍. ഡി. എഫ് അക്രമികളും ഹര്‍ത്താലനുകൂലികളെ നേരിടാന്‍ രംഗത്തിറങ്ങി.

അനിഷ്ടസംഭവങ്ങള്‍ക്കിടയില്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റിയെന്നുള്ളത് വേദനാജനകം തന്നെയാണ്. ഇന്നലെ മുതല്‍ ചെറിയ സംഭവങ്ങള്‍പോലും പര്‍വതീകൃതവാര്‍ത്തകളായി മാധ്യമങ്ങളില്‍ അത് വരുന്നുമുണ്ട്. ആരും ആസൂത്രണം ചെയ്തതോ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സംഭവങ്ങളോ അല്ല ഇതെന്നത് പകല്‍പോലെ വ്യക്തമാണു താനും. ഞങ്ങള്‍ക്കു പറയാനുള്ളതും റിപ്പോര്‍ട്ട് ചെയ്യുക എന്നത് പത്രധര്‍മ്മത്തിന്റെ സാമാന്യനീതിയാണ്.

ആ സാമാന്യനീതി ഞങ്ങള്‍ക്കു നിഷേധിക്കുന്നത് ധാര്‍മ്മികമല്ല. സി. ഐ. ടി. യു മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതുപോലെയാണോ കേരളത്തിലെ മാധ്യമങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നത്? പത്രപ്രവര്‍ത്തകയൂനിയന്റെ ഈ അപക്വമായ ഈ തീരുമാനം മാനേജ്‌മെന്റുകളും അറിഞ്ഞുകൊണ്ടാണോ? ബഹുമാന്യരായ ജോണി ലൂക്കോസും എം. ജി. രാധാകൃഷ്ണനും ഉണ്ണിബാലകൃഷ്ണനുമൊക്കെ ഇതിനോടു യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ ഇക്കാര്യം ജനങ്ങളോട് തുറന്നുപറയണം. മാധ്യമങ്ങളുടെ കരപരിലാളന ആവോളം ഏറ്റുവാങ്ങിയല്ല കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വളര്‍ന്നുവന്നത്. ഒരു കാര്യം എല്ലാവരും ഓര്‍ക്കുന്നത് നല്ലത്. ഈ തിട്ടൂരമൊന്നും അംഗീകരിക്കാത്ത നട്ടെല്ല് എ. കെ. ജി സെന്ററില്‍ പണയം വെക്കാത്ത നൂറുകണക്കിന്‌ മാധ്യമപ്രവര്‍ത്തകര്‍ ഈ കേരളത്തിലുണ്ട്.

അവരാരും ഈ അനീതി അംഗീകരിക്കില്ല. ജനങ്ങളാണ് പരമാധികാരികള്‍. ജനങ്ങളില്‍ വിവരങ്ങളെത്തിക്കാനുള്ള അനേകം മാര്‍ഗ്ഗങ്ങളിലൊന്നു മാത്രമായി ഇന്ന് ദൃശ്യമാധ്യമങ്ങള്‍ ചുരുങ്ങിയിട്ടുണ്ട്. ഒറ്റപ്പെടുത്താനും അപമാനിക്കാനും രാഷ്ട്രീയതീരുമാനമെടുത്താല്‍ ഞങ്ങള്‍ക്ക് അതൊരു പുതിയ വെല്ലുവിളി കൂടി വന്നിരിക്കുന്നു എന്നു മാത്രമേയുള്ളൂ. ഏതായാലും ആത്മാഭിമാനം പണയപ്പെടുത്തി പിറകെ വരില്ല. വാര്‍ത്തകള്‍ ഉണ്ടാവുന്നതാണ്. അതിനെ തമസ്കരിക്കാന്‍ അധികകാലം ആര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ശബരിമല പ്രക്ഷോഭം. സവര്‍ക്കറുടെ വാക്കുകളാണ് ഈ കാര്യത്തില്‍ ഞങ്ങളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. ” നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളെക്കൂടാതെ, നിങ്ങളെതിര്‍ത്താല്‍ നിങ്ങളെ ചെറുത്തുകൊണ്ട്”. ചരൈവേതി ചരൈവേതി….

shortlink

Related Articles

Post Your Comments

Related Articles


Back to top button