KeralaLatest News

വിശ്വാസ സംരക്ഷണത്തിനായി വാദിക്കുന്നവരെ കലാപകാരികളാക്കി ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി അവസാനിപ്പിക്കണം- പി.പി മുകുന്ദന്‍

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനായി വാദിക്കുന്നവരെ കലാപകാരികളാക്കി ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. കേരള നവോത്ഥാനത്തിന് നിർണ്ണായക സംഭാവനകൾ നൽകിയ എൻഎസ്എസും, യോഗക്ഷേമ സഭയും കോടിക്കണക്കിന് വരുന്ന വിശ്വാസികളുമൊക്കെ കലാപകാരികളാണോയെന്ന് സർക്കാരും സിപിഎമ്മും വ്യക്തമാക്കണം. നവോത്ഥാനം എന്ന പേരിൽ വിശ്വാസികളെ വഞ്ചിച്ചതിന്റെ ജാള്യം മറയ്ക്കാൻ അണികളെ ഉപയോഗിച്ച് സിപിഎം അക്രമം അഴിച്ചു വിടുകയാണ്.

ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിനെ തോൽപ്പിക്കാൻ എസ് ഡി പി ഐയെ കൂട്ടുപിടിച്ച് സിപിഎം തെരുവിലിറങ്ങിയതാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് അടിസ്ഥാനം. ഒരു സംഘടന നടത്തിയ ഹർത്താലിനെ നേരിടാൻ മറ്റൊരു സംഘടന രംഗത്തെത്തുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. സിപിഎം ഗുണ്ടകൾക്കൊപ്പം ചേർന്ന പൊലീസ് പ്രവർത്തകരെ വേട്ടയാടുകയാണ്. പതിനായിരക്കണക്കിന് വിശ്വാസികളെയാണ് പിണറായിയുടെ പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നത്. വിശ്വാസത്തെ സംരക്ഷിക്കാനുള്ള ശക്തി ഹൈന്ദവ സമൂഹത്തിനുണ്ടെന്ന് ഭരണാധിപൻമാർ മനസ്സിലാക്കണം. ലക്ഷക്കണക്കിന് അമ്മമാരുടെ പ്രാർത്ഥനയും ത്യാഗവുമാണ് ഈ പോരാട്ടത്തിന്റെ ശക്തി. വിശ്വാസികളുടെ ശക്തി മനസ്സിലാക്കാതെ നടത്തുന്ന നീക്കം കേരളത്തെ കലാപ ഭൂമിയാക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ എൻഎസ്എസും പന്തളം രാജകുടുംബവും കാണിക്കുന്ന പോരാട്ട വീര്യം എല്ലാ ഹൈന്ദവ സംഘടനകൾക്കും മാതൃകയാണ്. വിശ്വാസ സമൂഹത്തിനൊപ്പം നിന്ന തന്ത്രിയെ ഭീഷണിപ്പെടുത്തുന്ന രീതി ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരുതിയാലാക്കാമെന്ന വ്യാമോഹം സർക്കാർ ഉപേക്ഷിക്കണം. കോടിക്കണക്കിന് അയ്യപ്പ ഭക്തൻമാരുടെ പിന്തുണ ഇക്കാര്യത്തിൽ തന്ത്രിക്കുണ്ടാകുമെന്നും പി പി മുകുന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button