Latest NewsArticle

സി.ബി.ഐ കേസിലെ സുപ്രീം കോടതി വിധി കേന്ദ്രത്തിന് തിരിച്ചടി എന്നത് ആഗ്രഹം: രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവരക്കേട് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

സിബിഐ കേസിലെ സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന് തിരിച്ചടിയാണ് എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ അതൊക്കെ സ്വപ്നം കണ്ടവരുടേതാണ്. വിധിന്യായം പരിശോധിച്ചാൽ അത് വ്യക്തമാവും. ശരിയാണ്, ഒരു നടപടി റദ്ദാക്കപ്പെട്ടിരിക്കുന്നു. ആരോപണവിധേയനായ ഒരു ഉദ്യോഗസ്ഥനെ ആര് എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ള പ്രശ്നത്തിലെ, നിയമത്തിലെ, അവ്യക്തതയും ഇതിന് കാരണമായിട്ടുണ്ട്. അത് ഇങ്ങനെയാണ് വേണ്ടത് എന്ന് കോടതി മുൻപ് പറഞ്ഞിരുന്നില്ല; ഇപ്പോൾ അത് വ്യക്തമാക്കപ്പെട്ടു. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള സമിതി തന്നെ അത് പരിഗണിക്കണം എന്നതാണ് കോടതിയുടെ നിലപാട്. അതായത് ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള അധികാരം ആർക്കാണ് എന്ന് കോടതി നിർവ്വചിച്ചിരിക്കുന്നു. അതിന് അനുസൃതമായി സർക്കാർ പ്രവർത്തിക്കണം. അതേസമയം ആ പരാതി സംബന്ധിച്ച് ഉദ്യോഗസ്ഥന്‌ അനുകൂല നിലപാട് കോടതിയിൽ നിന്നുണ്ടായിട്ടില്ല എന്നത് കാണാതെ പോകരുത്. സിബിഐ ഡയറക്ടറെ ചുമതലയിൽ തിരികെ കൊണ്ടുവരുമ്പോഴും ഭാവി എന്തെന്ന് കൊളീജിയം കൂടി തീരുമാനമെടുക്കും മുൻപ് ഒരു അധികാരവും നൽകേണ്ടതില്ല എന്ന് കോടതി തീരുമാനിച്ചത് പ്രധാനമാണ്. അത് ഒരർഥത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് ശരിയാണ് എന്നതല്ലേ കാണിക്കുന്നത്?.

ഇവിടെ ഓർമ്മിക്കേണ്ടത് സെൻട്രൽ വിജിലൻസ് കമ്മീഷൻ (സിവിസി) പറഞ്ഞിട്ടാണ് സർക്കാർ നടപടി എടുത്തത്. സിവിസിക്ക് അധികാരമുണ്ട് എന്നതായിരുന്നു സർക്കാർ സമീപനം. മറ്റൊരു മാർഗവും സർക്കാരിന് അന്ന് തോന്നിയിരുന്നുമില്ല. എന്നാൽ ആരാണോ നിയമനത്തിന് നിർദ്ദേശിച്ചത് അവർ തന്നെ ഭാവിയും തീരുമാനിക്കട്ടെ എന്ന് കോടതി പറഞ്ഞിരിക്കുന്നു. അതായത് പ്രധാനമന്ത്രി, ചിഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതി. അത് പുതിയ കീഴ്‍വഴക്കമാവും . അത് സർക്കാരിന് തലവേദനയാവുന്നതെങ്ങിനെ. മറ്റൊന്ന് തിരിച്ചെടുക്കുമ്പോഴും സിബിഐ ഡയറക്ടർക്ക് ഒരു അധികാരവും നൽകുന്നില്ല. തിരിച്ചെടുക്കാൻ പറഞ്ഞത്, സിവിസിക്ക് അധികാരമില്ല എന്നതുകൊണ്ടാണ്; സിബിഐ ഡയറക്ടർ കുറ്റവിമുക്തനാണ് എന്ന് കോടതി പറഞ്ഞിട്ടുമില്ല. ആ ഉദ്യോഗസ്ഥനെതിരായ സിവിസിയുടെ റിപോർട്ടുണ്ട്. അത് തയ്യാറാക്കിയത് സുപ്രീം കോടതി നിശ്ചയിച്ച മുൻ സുപ്രീം കോടതി ജഡ്ജിയുടെ കൂടെ സാന്നിധ്യത്തിലാണ്. ആ റിപ്പോർട്ടിൽ സിബിഐ ഡയറക്ടർ കുറ്റവിമുക്തനാണ് എന്ന് കരുതാൻ സാധ്യത കുറവാണ്. നേരത്തെ കോടതി തന്നെ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായുമുണ്ട് എന്നൊരു ധ്വനി നൽകിയിരുന്നുവല്ലോ. ” CVC report is “mixed’ against Verma” എന്നാണ് അന്ന് കോടതി അഭിപ്രായപ്പെട്ടത്. ആ റിപ്പോർട്ട് സീൽ ചെയ്ത കവറിലാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത് എന്നതുമോർക്കുക.

പ്രഥമദൃഷ്ട്യാ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ‘കുഴപ്പ’മാണ് എന്ന് കണ്ടാൽ ഉടനെ മാറ്റിനിർത്താൻ കഴിയാതെ വരുന്നത് മൂലമുണ്ടാവുന്ന പ്രശ്നമുണ്ടല്ലോ. അനവധി സുപ്രധാന ഉദ്യോഗസ്ഥരുണ്ടല്ലോ; അതിൽ ഏറ്റവും പ്രധാനിയാണ് സിബിഐ ഡയറക്ടർ. അങ്ങനെയൊരാളെ വെച്ചുകൊണ്ടിരിക്കാൻ കഴിയുമോ?. ഇപ്പോഴത്തെ നിലക്ക് സെലക്ഷൻ കമ്മിറ്റീ ഒക്കെ യോഗം ചേർന്ന് ഒരു തീരുമാനമെടുക്കാൻ എത്രയോ ദിവസം വേണ്ടിവരും. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ലോകസഭയിൽ ഏറ്റവുംവലിയ കക്ഷിയുടെ നേതാവ് ……. അവർക്ക് പലപ്പോഴും മണിക്കൂറുകൾക്കുള്ളിൽ ഒന്നിച്ചുവരാൻ കഴിയണമെന്നുമില്ല. എന്തായാലും കോടതി വിധിവന്നു; അത് അങ്ങിനെതന്നെ ആവട്ടെ.

സിബിഐ ഡയറക്ടറെ പുറത്താക്കാൻ അല്ലെങ്കിൽ ലീവിൽ പ്രവേശിക്കാൻ നിർദേശിക്കാൻ സർക്കാരിനോ സിവിസിക്കോ അധികാരമില്ല എന്ന നിലപാട് കോടതി എടുത്തിരിക്കുന്നു. മറിച്ച് ചെയ്താൽ അത് ‘വിനീത് നാരായണൻ കേസി’ലെ വിധിയുടെ അന്തസത്തക്ക് വിരുദ്ധമാവുമെന്ന് കോടതി കരുതുന്നു. പക്ഷെ ഇവിടെ കാണേണ്ടത്, വിനീത് നാരായൺ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ ദൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽ വരുത്തിയ ഭേദഗതി കോടതി ശരിവെച്ചതാണ്; ഇപ്പോഴത്തേത് പോലുള്ള പ്രതിസന്ധി ഉണ്ടായാൽ എന്താണ് വേണ്ടതെന്ന് സൂചനയില്ല. അതുണ്ടായിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാവുമായിരുന്നുമില്ല. നിയമ ഭേദഗതി ശരിവെക്കുമ്പോഴും കോടതി അക്കാര്യം ശ്രദ്ധിച്ചില്ല എന്നർത്ഥം.

സിബിഐയിലെ നിയമനങ്ങൾ മുൻപും വിവാദമായിട്ടുണ്ട്. സ്വന്തക്കാരെ തിരുകിക്കയറ്റി കാര്യങ്ങൾ സാധിച്ചെടുക്കുന്ന സമ്പ്രദായമായിരുന്നു അവിടെ നടന്നിരുന്നത്. അവിടെയാണ് സിബിഐ ഡയറക്ടറെ നിയമിക്കാൻ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോകസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ കൊളീജിയം രൂപപ്പെട്ടത് ; സിവിസി പരിശോധിച്ച് അഴിമതിക്കാരല്ലെന്ന് കണ്ടെത്തുന്നവരെയാണ് കോളേജിയം പരിഗണിക്കുക. അതിലൊരാളെ തിരഞ്ഞെടുക്കും; അയാളെ സർക്കാർ നിയമിക്കും. ഇവിടെ ശ്രദ്ധിക്കേണ്ടത്, തിരഞ്ഞെടുക്കുന്നത് കോളേജിയം ആണെങ്കിലും നിയമനാധികാരി സർക്കാർ ആണ് എന്നതാണ്. എന്നാൽ ആ ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും ആക്ഷേപം ഉയർന്നാൽ എന്താണ് വേണ്ടത്; ആരോപണങ്ങൾ ഉയർന്നാൽ എന്താണ് ചെയ്യുക?. ഗുരുതരമായ ആക്ഷേപങ്ങൾക്ക് വിധേയനായ ഒരാൾക്ക് ആ കസേരയിലിരിക്കാൻ കഴിയില്ലല്ലോ; അത് അനുവദിക്കാൻ ഏതെങ്കിലും സർക്കാരിന് കഴിയുമോ?. അതാണിവിടെ പ്രശ്നമായത്. അതിന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല. കാരണം അത്തരമൊരു പരാതി ഉണ്ടായാൽ, അത് പരിശോധിക്കാൻ ഈ കൊള്ളീജിയത്തിനാവും; എന്നാൽ അന്വേഷണം നടത്താൻ അവർക്കാവില്ലല്ലോ; അതിന് ഒരു ഏജൻസി ആവശ്യമായിവരില്ലേ?. ഇന്നിപ്പോൾ വിധിന്യായത്തിലൂടെ പോകുമ്പോൾ ഉയർന്ന സംശയമാണിത്.

മറ്റൊന്നുകൂടിയുണ്ട്: കഴിഞ്ഞ നവംബർ 20 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടന്ന കാര്യങ്ങൾ മറന്നുപോയിക്കൂടാ. അതീവ രഹസ്യമെന്ന് പറഞ്ഞുകൊണ്ട് സിബിഐ ഡയറക്ടരുടെ അഭിഭാഷകന് സീൽ ചെയ്ത കവറിൽ കൈമാറിയ വിവരങ്ങൾ, അതിനുള്ള മറുപടി എന്നിവയൊക്കെ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നല്ലോ. ആ കവർ അഭിഭാഷകന് കൊടുക്കുമ്പോൾ കോടതി ഒരു കാര്യം ഓർമ്മിപ്പിച്ചിരുന്നു; “ഒരു കാരണവശാലും അതിലെ വിവരങ്ങൾ പുറത്തുപോകരുത്”. സുപ്രീം കോടതിയിലെ ഏറ്റവും സീനിയർ അഭിഭാഷകനായ ഫാലി എസ് നരിമാൻ ആണ് വക്കീൽ. കക്ഷിയുടെ വക്കീൽ എന്ന നിലക്കല്ല അത് താങ്കൾക്ക് നൽകുന്നത് എന്നും കോടതി സൂചിപ്പിച്ചു. എന്നിട്ടും അത് ചോർന്നു എന്നാണ് കോടതി നിരീക്ഷിച്ചത് . നരിമാൻ അത് ചെയ്യുമെന്ന് ഒരാളും കരുതില്ല. അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ആർക്കും ആക്ഷേപിക്കാൻ തോന്നുകയുമില്ല. പക്ഷെ ……?. അതൊരു പ്രശ്നമാണ്. മാത്രമല്ല അടുത്തദിവസം ആ സിവിസിയുടെ കണ്ടെത്തലുകളെ മറികടക്കാൻ എന്ന വണ്ണം ഒരു ഹർജിയും കോടതിയിലെത്തി. എന്തെല്ലാം രഹസ്യങ്ങൾ സീൽ ചെയ്ത കൈവരിലും അല്ലാതെയും പലരും ബോധിപ്പിക്കാറുണ്ട്. അതിലൊന്നല്ലേ ഇപ്പോഴത്തേത്. യുദ്ധവിമാന ഇടപാട് സംബന്ധിച്ച കേസിലും ഇതുപോലെ കോടതി ആവശ്യപ്പെട്ടതെല്ലാം സർക്കാർ സീൽ ചെയ്ത കവറിൽ നൽകിയല്ലോ. അതീവ സുരക്ഷാ സംബന്ധിയായ കാര്യങ്ങളും അതിലുണ്ടായിരുന്നു.

ഏറ്റവുമൊടുവിൽ, റഫാൽ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ വിശ്വാസമില്ലെന്ന് പരസ്യമായി പറഞ്ഞുനടന്ന കോൺഗ്രസ് അധ്യക്ഷൻ ഇപ്പോൾ കോടതിവിധി ശരിയാണ് എന്നും തങ്ങളുടെ വിജയമാണ് എന്നുമൊക്കെ പറയുന്നുണ്ട്. കോടതിയെക്കുറിച്ചോ, വിധിയെക്കുറിച്ചോ വിവരമില്ലായ്മ അദ്ദേഹം വെച്ചുപുലർത്തുന്ന എന്നതല്ലേ അത് കാണിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close