KeralaLatest News

ആറുവര്‍ഷം പ്രണയിച്ച് തേച്ചിട്ടു പോയ പെണ്ണിന് വിവാഹ നിശ്ചയദിനത്തില്‍ അമ്മയെ ചേര്‍ത്തു നിര്‍ത്തി മറുപടി: യുവാവിന്റെ വൈറല്‍ കുറിപ്പ്

ഇടുക്കി: ആറു വര്‍ഷം പ്രണയിച്ചിട്ട് ഇട്ടിട്ടുപോയ പെണ്‍കുട്ടിക്ക് അവളുടെ വിവാബ നിശ്്ചയ ദിനത്തില്‍ വ്യത്യസ്ത രീതിയില്‍ മറുപടി നല്‍കി യുവാവ്. പ്രതികാരമോ പകയോ വിദ്വേഷമോ ഒന്നും കാണിക്കാതെ സ്വന്തം അമ്മയെ നെഞ്ചൊട് ചേര്‍ത്തു പിടിച്ച് യാത്രപോയാണ് എല്‍ദോസ് പ്രണയ നൈരാശ്യത്തെ മറികടന്നത്. പ്രണയനൈരാശ്യത്തില്‍ തകര്‍ന്നിരിക്കുന്ന തന്നെ കണ്ട് വിഷമിച്ച അമ്മയെ സന്തോഷിപ്പിക്കാന്‍ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സാധിച്ചു കൊടുത്തത്. നെഞ്ച് തകരുന്ന വേദനയിലും തുണയായത് ആ ഇടുക്കി-മൂന്നാര്‍ യാത്രയാണെന്ന് എല്‍ദോ പറയുന്നു.

എല്‍ദോയുടെ കുറിപ്പ്:

18-11-2018 അന്നായിരുന്നു അവളുടെ വിവാഹനിശ്ചയം..6 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇട്ടേച്ചും പോയപ്പോ കുറച്ചൊന്നുമല്ല വിഷമിച്ചത്. ഓര്‍മ്മകള്‍ കൊണ്ട് തള്ളി നീക്കിയ 2 വര്‍ഷം. അങ്ങനെ ഇരിക്കെ സെപ്റ്റംബര്‍ മാസത്തിലെ ഒരു വൈകുന്നേരം കൂട്ടുകാരന്റെ ഫോണ്‍കോള്‍. അവളുടെ കല്യാണം ഉറപ്പിച്ചു. ഡിസംബര്‍ 18 തിയതി ആണ് നിശ്ചയം അതും നാട്ടില്‍ ഉള്ള ഒരാളായിട്ടു തന്നെ. ചങ്ക് പിടഞ്ഞ നിമിഷം..ഉറക്കമില്ലാത്ത രാത്രികള്‍..സമയം തെറ്റിയ ഭക്ഷണക്രമം. ആരോടും സംസാരിക്കാതെ ഒറ്റപ്പെടല്‍ മാത്രം ആഗ്രഹിച്ച നിമിഷങ്ങള്‍ …ജീവിക്കാന്‍ പറ്റില്ല എന്ന് തോന്നിയ നിമിഷങ്ങള്‍ …പക്ഷെ അമ്മയുടെ മുഖം..മറ്റെന്തിനേക്കാളും എന്നെ അത് ഏറെ വിഷമിപ്പിച്ചു.. അപ്പന്‍ മരിച്ചതില്‍ പിന്നെ ഇത്രയും സങ്കടപെട്ട അമ്മയുടെ മുഖം ഞാന്‍ കണ്ടിട്ടില്ലായിരുന്നു…. അവസാനം ഞാന്‍ തീരുമാനിച്ചു. പതിനെട്ടാം തിയതി മറക്കാന്‍ ആവാത്ത വിധം എനിക്ക് എന്റെ അമ്മയെ സന്തോഷിപ്പിക്കണം എന്ന്..അമ്മയുടെ ആഗ്രഹം പോലെ ഒരു ഇടുക്കി – മൂന്നാര്‍ യാത്ര. എല്ലാവരും എതിര്‍ത്തു കാരണം അമ്മയുടെ പ്രായം. വഴികള്‍ മോശം പിന്നെ ടൂ വീലറിനാണ് പോകുന്നത്. പക്ഷെ അമ്മയുടെ ആത്മവിശ്വാസം എന്നെ ധൈര്യവാനാക്കി ..കിട്ടാവുന്ന സ്ഥലവിവരങ്ങള്‍ സഞ്ചാരി ഗ്രൂപ്പില്‍ നിന്നും ഒപ്പിച്ചു …പിന്നെ കയ്യില്‍ കിട്ടിയ car mobile holder മിററില്‍ കെട്ടിവെച്ചു.

രാവിലെ അപ്പനെ മനസ്സില്‍ ധ്യാനിച്ച് അമ്മയുടെ കൈയും പിടിച്ചു 6 മണിക്ക് ഇറങ്ങി …അമ്മ സാരി മാത്രമേ ഉടുക്കുകയുള്ളൂ. അതുകൊണ്ട് ഇരിക്കാന്‍ എളുപ്പത്തിന് ഒരു Honda Dio ഒപ്പിച്ചിട്ടുണ്ടായിരുന്നു. എയര്‍പോര്‍ട്ട് റോഡ്-കാലടി – മുവാറ്റുപുഴ – തൊടുപുഴ -പുളിയന്മല റോഡ് വഴി ….വഴിക്കിണര്‍ കണ്ടപ്പോ..ആരാടാ ഈ വഴിക്കു കിണര്‍ പണിതു വെച്ചേക്കുന്നേ എന്നൊരു ചോദ്യവും. ചെറിയ തോതിലുള്ള തണുപ്പ് ഉണ്ടായിരുന്നു ..9 മണിയോട് കൂടി ഉപ്പുകുന്നം view point ല്‍ എത്തി.. സമയം വൈകിയത് കാരണം മഞ്ഞ് ഒന്നും കാണാന്‍ പറ്റിയില്ല..

ഓരോ വളവുകള്‍ വളക്കമ്പോഴും അമ്മ എന്നെ വട്ടം പിടിക്കുന്നുണ്ടായിരുന്നു. പ്രളയം കവര്‍ന്നെടുത്ത ചെറുതോണിയെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സങ്കടം. നേരെ കാല്‍വരി മൗണ്ടില്‍ ..ചെറിയ തണുത്ത കാറ്റില്‍ അമ്മ എന്റെ കൈ പിടിച്ചു നടന്നു..മറ്റെങ്ങും കിട്ടാത്ത ആ സ്‌നേഹം ഞാന്‍ അന്നാണ് തിരിച്ചറിഞ്ഞത്. അമ്മയുടെ മുഖത്തെ സന്തോഷം എന്നെയും സന്തോഷപ്പെടുത്തി..ചെയ്ത തെറ്റുകള്‍ എല്ലാം ഏറ്റു പറഞ്ഞപ്പോള്‍ എന്നെ ഒരു ചീത്തപോലും പറഞ്ഞില്ല ….പകരം .അമ്മ എന്നെ സ്‌നേഹം കൊണ്ട് തോല്പിക്കുകയായിരുന്നു…അവിടെന്നു നേരെ കല്ലാര്‍കുട്ടി – പവര്‍ ഹൌസ് വഴി മൂന്നാറിലേക്ക് മനസ്സിന് കുളിര്‍മയേകുന്ന കാഴ്ചകള്‍ കണ്ടു..അമ്മയുടെ കൂടെ ഭക്ഷണം കഴിച്ചു ..വഴിയെല്ലാം തന്നെ സഞ്ചാര യോഗ്യം അല്ലായിരുന്നു .

3 മണിയോട് കൂടി മൂന്നാര്‍ എത്തി .അത്യാവശ്യം സാധനങ്ങള്‍ ഒക്കെ വാങ്ങി.ഓരോ ചായ ഒക്കെ കുടിച്ച് സന്തോഷായി തിരിച്ചിറങ്ങി തുടങ്ങി …പാതി വഴിയില്‍ വെച്ച് വിശ്രമത്തിനായി വഴിയരികില്‍ വണ്ടി ഒതുക്കി …..2 ദിവസം മുന്നേ അമ്മക്കായി വാങ്ങി വെച്ചിരുന്ന ഒരു സാരി അത് കൊടുത്തു….ഇന്നേ വരെ അമ്മക്ക് അങ്ങനൊരു സമ്മാനവും ഞാന്‍ കൊടുത്തിട്ടില്ല …സന്തോഷത്താല്‍ ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു ….ജീവിതത്തില്‍ ഞാനും അമ്മയും ഒരുപോലെ സന്തോഷിച്ച ദിവസം …ഇതെല്ലാം കാണാന്‍ അപ്പന്‍ കൂടേ ഇല്ലല്ലോ എന്ന വിഷമം മാത്രം ബാക്കിയാക്കി…പിന്നെയും യാത്ര തുടര്‍ന്നു…ചീയാപ്പാറ എത്തുന്നതിനു തൊട്ടു മുന്നേ മഴ ചതിച്ചു ..സൈഡിലേക്ക് വണ്ടി ഒതുക്കാന്‍ നേരത്തു അമ്മ പറഞ്ഞു ”നീ വണ്ടി നിര്‍ത്തണ്ട..പൊയ്‌ക്കോളാന്‍” അങ്ങനെ അര മണിക്കൂര്‍ മഴ നനഞ്ഞൊരു യാത്ര. ഒരേ ദിവസം തന്നെ മഞ്ഞും വെയിലും തണുപ്പും ആസ്വദിക്കാന്‍ സാധിച്ചു എന്ന സന്തോഷത്തോടെ 8 മണിയോട് ഞങ്ങള്‍ സുരക്ഷിതമായി വീടെത്തി ….പോയി വന്നപ്പോഴാണ് എനിക്ക് മനസിലായത് ..തേച്ച പെണ്ണിന്റെ വിഷമത്തിനെക്കാളും വലുതാണ് അമ്മയുടെ സന്തോഷം എന്ന് …ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും പോകേണ്ട ഒരു യാത്ര …എല്ലാ വിഷമങ്ങളും മറന്ന് ഒരു യാത്ര

ഇതെല്ലാം ഇപ്പോള്‍ എന്ത് കൊണ്ടാണ് പറയുന്നതെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും കാരണം ഇന്ന് ആണ് അവളുടെ കല്യാണം.. തേപ്പ് പെട്ടി സമ്മാനമായി കൊടുക്കാനോ അവിടെ ചെന്ന് പ്രേശ്‌നങ്ങള്‍ ഉണ്ടാക്കാനോ മനസ്സ് വന്നില്ല കാരണം എന്റെ അമ്മക്ക് ഈ നാട്ടില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ നടക്കണം…അതിന് വേണ്ടിയായിരുന്നു ആ യാത്ര …

മറ്റുള്ളവരെ പോലെ അല്ല നമ്മള്‍ പെരുമാറേണ്ടത്….സ്വന്തമായി മാറ്റങ്ങള്‍ വരുത്തുക…സന്തോഷം കണ്ടെത്തുക…

അമ്മയുടെ കൈയും പിടിച്ചു ഇരുന്നപ്പോള്‍ അമ്മ പറഞ്ഞൊരു കാര്യം ‘നിന്നെ കല്യാണം കഴിക്കാന്‍ ഉള്ള ഭാഗ്യം അവള്‍ക്കില്ലാന് കരുതിയാല്‍ മതി എന്ന്’ …ഇന്നും വൈകുന്നേരം ഞാന്‍ ഒരു യാത്ര പോകുകയാണ് ..എല്ലാം മറന്ന് പുതിയ ഒരാളാവാന്‍…എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button