KeralaLatest News

ലോകറെക്കോര്‍ഡിലേക്ക് കുതിച്ച് കേരളത്തിലെ ഈ ശിവലിംഗം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന ശിവലിംഗം ലോക റെക്കോര്‍ഡിലേക്ക്. ക്ഷേത്രത്തിലെത്തിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ വലുപ്പം പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കി. ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ ഉടന്‍ പരിശോധനയ്ക്കെത്തും. അവര്‍ കൂടി സ്ഥിരീകരിച്ചാല്‍ ഉയരത്തിലും വിസ്തൃതിയിലും ലോകത്തിലെ ‘സമുന്നത’ ശിവലിംഗമെന്ന ഖ്യാതിയാണു കൈവരുന്നത്. 108 അടി ഉയരമുള്ള കര്‍ണാടകയിലെ കോലാര്‍ കോടിലിംഗേശന്‍ ക്ഷേത്രത്തിനു സ്വന്തമായിരുന്ന ബഹുമതിയാണ് ഇതോടെ 111.2 അടി ഉയരമുള്ള നെയ്യാറ്റിന്‍കരയിലെ ശിവലിംഗം സ്വന്തമാക്കാന്‍ പോകുന്നത്.

രാജ്യത്തെ ശിവക്ഷേത്രങ്ങളിലെല്ലാം തീര്‍ഥാടനം നടത്തിയ ശേഷമാണു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി 2012 ല്‍ ശിവലിംഗ നിര്‍മാണത്തിനു പദ്ധതി തയാറാക്കിയത്. ഭീമാകാരമായ ശിവലിംഗത്തിനുള്ളിലൂടെ ഏഴു നിലകള്‍ കടന്നു ചെന്നാല്‍ കൈലാസമായി. അവിടെ ഹിമവല്‍ഭൂവില്‍ ശിവപാര്‍വതിമാരെ കാണാം. ഒരേ പീഠത്തിലിരിക്കുന്ന ശിവശക്തി സ്വരൂപമാണ്. ശിവന്റെ 64 ഭാവങ്ങളും അവിടെ ദര്‍ശിക്കാം. ശിവലിംഗത്തിനുള്ളില്‍ ഓരോ തട്ടിലും 50 പേര്‍ക്കു വീതം ഇരുന്നു ധ്യാനിക്കാനുള്ള ക്രമീകരണമുണ്ട്. ഗുഹാമാര്‍ഗത്തിലെ ഓരോ തട്ടിലും വനഭംഗി ആലേഖനം ചെയ്തിരിക്കുന്നു. കൊത്തുപണികള്‍ അന്തിമഘട്ടത്തിലാണ്. രൂപകല്‍പനയിലും ഈ ശിവലിംഗം വിസ്മയമാകുകയാണ്. ശിവരാത്രി നാളില്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കാന്‍ പണികള്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളിലാണ് ക്ഷേത്രഭാരവാഹികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button