Latest NewsIndia

സുഹൃത്തിനൊപ്പം യാത്ര ചെയ്യാനെത്തിയ മലയാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റെയിൽവേ ജീവനക്കാരന് സസ്‌പെൻഷൻ

ചെന്നൈ: തരമണി എംആര്‍ടിഎസ് സ്റ്റേഷനില്‍ മലയാളി യുവതിയെ റെയില്‍വേ ജീവനക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. കേസിലെ പ്രതികളായ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. ലിഫ്റ്റ് സേവനം ഏറ്റെടുത്ത കരാര്‍ കമ്പനിക്ക് പിഴയും ചുമത്തും. മൂന്ന് പേര്‍ക്കുമെതിരെ റെയില്‍വേ പൊലീസ് എഫ്‌ഐആര്‍ ചുമത്തി. ഇവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.കഴിഞ്ഞ ആറാം തിയതി രാത്രിയായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം തരമണി എംആര്‍ടിഎസ് സ്റ്റേഷനിലെത്തിയ യുവതിയെ സദാചാര ഗുണ്ടകള്‍ ചമഞ്ഞ് പ്രതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. ബന്ധുക്കളെ വിവരമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്രമികള്‍ ഇവരോട് പണം ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത സുഹൃത്തിനെ പൂട്ടിയിടുകയും യുവതിയെ മുകള്‍ നിലയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കോഴിക്കോട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്.

സംഭവത്തില്‍ പോലീസ് പറയുന്നത്: ആണ്‍സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ സംസാരിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘമാണ് ഉപദ്രവിച്ചത്. ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ഇരുവരെയും ടിക്കറ്റ് കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു. മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. പണമില്ലെന്ന് പെണ്‍കുട്ടിയും സുഹൃത്തും തീര്‍ത്തുപറഞ്ഞതോടെ സംഘം പെണ്‍കുട്ടിയെ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബഹളംകേട്ട് ഓടിയെത്തിയ മറ്റുയാത്രക്കാരാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത തിരുവാണ്മിയൂര്‍ റെയില്‍വേ പോലീസ് രണ്ടുപ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ഓടിരക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.

shortlink

Post Your Comments


Back to top button