Latest NewsInternational

യൂസര്‍മാരുടെ വിവരങ്ങള്‍ വില്‍ക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്

ഉപയോക്തക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. 1.75 കോടി രൂപ ഓരോ കമ്പനികളില്‍ നിന്നും ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറുന്ന പദ്ധതിയെക്കുറിച്ച് 2012ല്‍ തന്നെ ഫേസ്ബുക്ക് ചര്‍ച്ച ചെയ്തിരുന്നുവെന്നും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് മാധ്യമങ്ങളായ ആര്‍സ് ടെക്നിക്ക, വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഫെയ്‌സ്ബുക്കിന്റെ പദ്ധതിയെ കുറിച്ച് പറയുന്നത്. പ്രധാന പരസ്യ ദാതാക്കള്‍ക്കാണ് വിവരങ്ങള്‍ നല്‍കാന്‍ ആലോചിച്ചിരുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച രേഖകളില്‍ ഇതിനെക്കുറിച്ചുളള വിവരങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഫ്‌റ്റ്വേര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്സ് 4 ത്രീയുമായിട്ടുള്ള കേസില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

കോടതിയില്‍ നേരിട്ടുനല്‍കിയ രേഖകളില്‍ ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഉദ്ധരിക്കുന്ന ഭാഗം മറച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ പതിപ്പില്‍നിന്ന് ഈ ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നില്ല. ഇതില്‍ നിന്നാണ് ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ യൂസര്‍മാരുടെ വിവരങ്ങള്‍ വിറ്റിട്ടില്ലെന്നും വിവരങ്ങള്‍ക്കുപകരം പരസ്യദാതാക്കളില്‍നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫേസ്ബുക്ക് ഡെവലപ്പര്‍ പ്ലാറ്റ്ഫോംസ് ആന്‍ഡ് പ്രോഗ്രാംസ് ഡയറക്ടര്‍ കോണ്‍സ്റ്റാന്റിനോസ് പാപാമില്‍ഷ്യാഡിസ് വ്യക്തമാക്കി. അതേസമയം 2012 മുതല്‍ 2013 വരെ ഫേസ്ബുക്ക് ജീവനക്കാര്‍ പ്രധാന പരസ്യദാതാക്കള്‍ക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി പണം കൂടുതല്‍ നല്‍കാന്‍ ഏതാനും കമ്പനികളെ ഫേസ്ബുക്ക് ജീവനക്കാര്‍ നിര്‍ബന്ധിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button