Latest NewsKerala

സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനം: മുഖ്യമന്ത്രി

ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല. പലരും പരുക്കു കാരണം കായിക രംഗത്ത് നിന്ന് പിന്‍വാങ്ങിയ സ്ഥിതി വിശേഷം വരെയുണ്ടായി. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ആയുഷ് വകുപ്പ് ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ആയുഷ് വിഭാഗം ഡോക്ടര്‍മാര്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയ പ്രോത്സാഹനത്തിന്റെ ഭാഗം കൂടിയാണ് ഈയൊരു ആശുപത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആയുര്‍വേദത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ ഏഷ്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രിയാണ് തൃശൂരില്‍ സാക്ഷാത്ക്കരിക്കുന്നത്. 3 നിലകളിലായി 31,000 ചതുരശ്ര അടിയില്‍ 8.16 കോടി രൂപ മുതല്‍ മുടക്കിലാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. കായിക താരങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുവാനും, ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാന്‍ യോഗ & മെഡിറ്റേഷന്‍, കായികക്ഷമത വര്‍ദ്ധിപ്പിക്കുവാനും വ്യായാമത്തിനുമായി ആധുനിക ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്,എക്‌സൈസ് പൂള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

ഇതോടൊപ്പം തന്നെ ന്യൂട്രീഷ്യനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് മറ്റാധുനിക ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കായിക താരങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. ക്ലിനിക്കല്‍ ലബോറട്ടറി, റേഡിയോളജി കൂടാതെ ഓപ്പറേഷന്‍ തീയറ്ററുകളടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഹോസ്പിറ്റലില്‍ ഒരുക്കുന്നത്. പരുക്കുകളില്‍ നിന്നും പൂര്‍ണമായി ഭേദപ്പെടാനും വീണ്ടും കളിക്കളത്തിലിറങ്ങാനുള്ള ആത്മവിശ്വാസവും കായികക്ഷമതയും ഓരോ കായികതാരത്തിനും ഇവിടെ നിന്നും ചികിത്സയിലൂടെ ലഭ്യമാക്കുന്നു.

കായികതാരങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും പരുക്കുകളില്‍ നിന്ന് മുക്തി നേടാനും ഭാരതീയ ചികിത്സാവകുപ്പ് സ്‌പോര്‍ട്‌സ് ആയുര്‍വേദ പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ 8 ജില്ലകളിലാണ് ഈ പദ്ധതി വിജയകരമായി മുന്നേറുന്നത്. ഭാരതീയ ചികിത്സാ വകുപ്പ് ആവിഷ്‌ക്കരിച്ച സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ മേല്‍ നോട്ടത്തില്‍ 8 ജില്ലകളിലായി 80 ഓളം പ്രത്യേക പരിശീലനം നേടിയിട്ടുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ച് വരുന്നു. കായിക രംഗത്തെ പരുക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകമായി ഔഷധക്കൂട്ടുകള്‍ വിഭാവനം ചെയ്യുകയും ഉപയോഗപ്പെടുത്തി വരുകയും ചെയ്യുന്നവെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഔഷധി നിര്‍മ്മിച്ച പുതിയ പഞ്ചകര്‍മ്മ ആശുപത്രിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button