Latest NewsTravel

ആനഗുഡ്ഡെ വിനായക ക്ഷേത്രം

ജ്യോതിര്‍മയി ശങ്കരന്‍

‘നാം മറ്റെന്തൊക്കെയോ പ്ലാൻ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്ത് നമുക്കു സംഭവിയ്ക്കുന്നതെന്താണോ അതാണു ജീവിതം’ ജോൺ ലെന്നൺ പറഞ്ഞതാണ്.. Life is what happens to you while you’re busy making other plans-(John Lennon)

യാത്രചെയ്യൽ ജീവിയ്ക്കലാണെങ്കിൽ ഇന്നത്തെ ജീവിതം പ്ളാനനുസരിച്ച് മംഗലാപുരത്തു നിന്നും ആദ്യം ഉഡുപ്പിയിലേയ്ക്കാണ്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. 5 മണിയ്ക്കുണർന്ന് കുളിച്ചൊരുങ്ങി ലഗ്ഗേജുമായി ഗൈഡ് പറഞ്ഞതു പോലെ ലോബിയിലെത്തി. സഹയാത്രികരെല്ലാം ഒന്നൊന്നായി എത്തി. ചെക് ഔട്ട് ചെയ്ത് ആറുമണിയോടെ തയ്യാറായി നിന്ന ബസ്സിൽക്കയറി. നേരെ ഉഡുപ്പിയിലേയ്ക്കാണിന്നത്തെ യാത്രയെന്നും അതിനുശേഷം ഉച്ചയോടെ മൂകാംബികയിൽ എത്തിച്ചേരുമെന്നും കുടജാദ്രിയിൽ പോകാൻ മോഹമുള്ളവർക്ക് അതിനുള്ള സൌകര്യം കിട്ടുമെന്നും ഗൈഡ് അറിയിച്ചു. ഇന്നു രാത്രി മൂകാംബികാക്ഷേത്രദർശനത്തിനു ശേഷം അവിടെ തങ്ങി നാ‍ളെ വെളുപ്പിനു ഗോകർണ്ണത്തേയ്ക്കു തിരിയ്ക്കുവാനാണുദ്ദേശം. നാം നിനയ്ക്കുന്നതെല്ലാം നടക്കണമെന്നില്ലല്ലോ?. രാവിലെ ബെഡ് കോഫി പോലും കുടിച്ചിരുന്നില്ല. അതിനാൽ വഴിയിലെവിടെയെങ്കിലും നിർത്തി ബ്രേക് ഫാസ്റ്റ് ചെയ്യേണ്ടി വരും എന്നറിയാമായിരുന്നു.. പക്ഷെ 15 മിനിറ്റു ദൂരം പോകുന്നതിനു മുൻപായി ബസ്സ് ബ്രേക് ഡൌൺ ആയി. സൈഡിൽ ഒതുക്കിയിട്ട് റിപ്പയർ ചെയ്യാൻ എടുത്ത സമയത്തിന്നിടയിൽ തൊട്ടടുത്തു കണ്ട കൊച്ചു കോഫി ഷോപ്പിൽ നിന്നും തരക്കേടില്ലാത്ത ചുടുചായ കിട്ടിയത് ആശ്വാ‍സമാ‍യി. പഴവും ബിസ്ക്കറ്റും വിശപ്പിനെ താൽക്കാലികമായെങ്കിലും തടഞ്ഞു നിർത്തി. വിലപിടിച്ച രണ്ടു മണിക്കൂർ സമയം പാഴായെങ്കിലും ബസ്സ് സ്റ്റാർട്ടായി . അൽ‌പ്പം മുന്നോട്ടു പോകവേ വീണ്ടും പ്രശ്നം. ഇത്തവണ ബസ്സിനല്ല, റോഡ് ഡൈവേർഷൻ. പ്രസിഡണ്ട് ഉഡുപ്പിയിൽ വരുന്ന ദിവസമാണത്രേ! ആരെയും കടത്തി വിടില്ല. വൈകീട്ട് മൂന്നു മണിയ്ക്കേ പൊതുജനത്തിനു ദർശനം കിട്ടൂ. ഇതെന്തൊരു വിഘ്നങ്ങളുടെ ദിവസമാണിന്ന്? ആകപ്പാടെ മൂഡ് ഓഫ് ആയ നേരത്ത് ഗൈഡ് ശ്യാം ലാലിന്റെ വാക്കുകൾ കേട്ടു. എന്നാലിനി നമുക്ക് ഉഡുപ്പി തിരിച്ചുള്ള വരവിലാകാം . തൽക്കാലം നമുക്ക് ലിസ്റ്റിൽ ഇല്ലാത്ത ഒരു ഗണപതിക്ഷേത്രം കാണാൻ പോകാം. അവിടെ നിന്നും നേരിട്ട് മൂകാംബികയ്ക്കും. നേരത്തെ നിശ്ചയിച്ച മറ്റു പ്രോഗ്രാമിനെയൊന്നും ബാധിയ്ക്കുകയുമില്ല.

ആഹാ! നന്നായി. ശരിയ്ക്കും വിഘ്നങ്ങൾ തീർക്കാൻ വിഘ്നേശ്വരനെത്തന്നെ തൊഴാനൊരവസരം. സന്തോഷം തോന്നി,

“വിഘ്നരാജാ നമസ്തേ…നമോസ്തുതേ…വിഘ്നരാജാ നമസ്തേ!

വിഘ്നമശേഷമകറ്റി വിരവിൽ നീ വിഘ്നേശ പാഹിമതേ….

എന്ന കൈകൊട്ടിക്കളിയിലെ വിനായകസ്തുതി ഓർക്കാതിരിയ്ക്കാനായില്ല. ഈ അമ്പലത്തെപ്പറ്റി അധികമൊന്നും അറിയില്ലായിരുന്നെങ്കിലും ഗൈഡിന്റെ വാക്കുകളിൽ നിന്നും ഒട്ടുവളരെ അറിയാൻ കഴിഞ്ഞു. അത്ഭുതത്തിന്റെ വാതിലുകൾ തുറക്കാൻ അധികം താമസമുണ്ടാ‍യിരുന്നില്ല. കുംഭാസി എന്ന സ്ഥലത്തെ ആനഗുഡ്ഡെ വിനായക് ക്ഷേത്രം കണ്ണും കരളും കവരാനും.

ആനെഗുഡ്ഡേ ചെറിയൊരു ഗ്രാമമാണ്. NH-17 ൽ മാംഗളൂരിൽ നിന്നും 96 കിലോമീറ്ററും ഉഡുപ്പിയിൽ നിന്നും 30 കിലോമീറ്ററും ദൂരെയായാണിതിന്റെ സ്ഥാനം. ഉഡുപ്പി ജില്ലയിലെ കുന്ദാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം തീരദേശത്തെ പരശുരാമക്ഷേത്രമെന്നറിയപ്പെടുന്ന പരിപാവനമായ ഏഴു മുക്തിസ്ഥലങ്ങളിൽ ഒന്നാണ്. ആനെഗുഡ്ഡേ എന്നാൽ ആനയുള്ള മേട് എന്നാണർത്ഥം. അതായത് ആനയുടെ രൂപമുള്ള ഗണപതി ഭഗവാൻ വാഴുന്ന മേട്. കുംഭാസിയെന്നും ഈ സ്ഥലത്തിനു പേരുണ്ട് കുംഭാസിയെന്ന പേർ വരാൻ കാരണം അസി അല്ലെങ്കിൽ വാൾ കൊണ്ട് കുംഭാസുരനെ കൊന്ന സ്ഥലം ആയതിനാലാണ്.വരൾച്ചയുടെ സമയത്ത് മഴ പെയ്യിയ്ക്കുന്നതിനായി കുംഭാസിയിൽ ഗൌതമമഹർഷിയുടെ ആശ്രമത്തിൽ യഗ്നം നടത്തിക്കൊണ്ടിരുന്ന അഗസ്ത്യ മഹർഷിയേയും മറ്റു മുനികളേയും തടസ്സപ്പെടുത്തിയ കുംഭാസുരനെ കൊല്ലുവാൻ വനവാസക്കാലത്ത് അതുവഴി പോയ പാണ്ഡവരോട് ഗൌതമ മഹർഷി അഭ്യർത്ഥിയ്ക്കുകയും കൂട്ടത്തിൽ ശക്തിമാനായ ഭീമനെ യുധിഷ്ടിരൻ ആ ചുമതല ഏൽപ്പിയ്ക്കുകയും ചെയ്യുന്നു. ഗണപതിയുടെ സഹായത്താൽ മാത്രമേ കുംഭാസുരനെ വധിയ്ക്കാനാകുകയുള്ളൂ എന്നറിഞ്ഞ ഭീമൻ ഗണപതിയോട് പ്രാർത്ഥിയ്ക്കുകയും ഗണപതിഭഗവാനാൽ കരഗതമായ വാളിനാൽ അഥവാ അസിയാൽ കുംഭാസുരനെ കൊല്ലുകയും ചെയ്തെന്നാണു കഥ. . അഭീഷ്ടവരദനായ സിദ്ധി വിനായകദർശനത്തിന്നായി ദൂരെ നിന്നുപോലും പതിവായി ഭക്തർ വന്നു കൊണ്ടിരിയ്ക്കുന്ന ഇടമാണിവിടം. വിചാരിച്ചിരിയ്ക്കാതെ ദർശനത്തിന്നായിവിടെയെത്തിയപ്പോൾ അതുകൊണ്ടു തന്നെ കൂടുതൽ സന്തോഷം തോന്നി.

ഉയരത്തിലുള്ള കമാനത്തിന്നടിയിലൂടെ ഉള്ളിൽക്കടന്നപ്പോൾ ആദ്യം തന്നെ ശ്രദ്ധയിൽ‌പ്പെട്ടത് വിശാലമായ ക്ഷേത്രാങ്കണമായിരുന്നു. ഉയരത്തിൽ കെട്ടിയ തറയോടുകൂടിയ ആലും ആൽച്ചുവട്ടിലെ ഒരു ചെറിയ പ്രതിഷ്ഠയും ആണു ആദ്യമായി കണ്ടത്. ആൽത്തറയ്ക്കു പിന്നിലായി നീണ്ടു നിവർന്നു കിടക്കുന്ന അലങ്കാരപ്പണികളും തൂണുകളും നിറഞ്ഞ അമ്പലം ഏറെ ആകർഷകമായിത്തോന്നി. ക്ഷേത്രത്തിനു മുൻഭാഗത്തായി കണ്ട മസ്തകമുയർത്തിപ്പിടിച്ച ആനകളുടെ തലകൾ പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ആനഗുഡ്ഡെ ശ്രീ വിനായക ടെമ്പിൾ എന്നു ഇംഗ്ലീഷിൽ എഴുതിവച്ചിട്ടുണ്ട്. ഗജഗിരി എന്നും ഈ സ്ഥലത്തിനു പേരുണ്ട്. നാഗാചലം എന്നായിരുന്നു പുരാതനമായ നാമം,! ഒരു കുന്നിന്റെ മുകളിലായാണീ അമ്പലം സ്ഥിതി ചെയ്യുന്നത്. ഈ കുന്നിന്റെ താഴെയായി മഹാലിംഗേശ്വരപ്രതിഷ്ഠയും ഉണ്ട്.. നിറയെ അലങ്കാരപ്പണികൾ ചെയ്ത് അതിമനോഹരമാക്കിയിരിയ്ക്കുന്ന ഗോപുരത്തിന്റെ മുഖമണ്ഡപത്തിലെ കവാടത്തിലൂടെ ഞങ്ങൾ ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശിച്ചു. വളരെ വിശാലമായ ഈ കവാടം പൂക്കളാൽ അലങ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നേരെ നോക്കിയാൽ മഹാഗണപതിയെ ദർശിയ്ക്കാനാവും വിധമാണ് പ്രതിഷ്ഠ. വീടിനു തൊട്ടടുത്തുള്ള അമ്പലത്തിൽ പതിവായി വിഘ്നേശ്വരനെ സ്തുതിയ്ക്കാറുള്ള “ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം” എന്ന സ്തുതി തന്നെയാണാദ്യം ചുണ്ടുകൾ ഉതിർത്തതെങ്കിലും മനസ്സ് ഒരു നിമിഷം മുംബെയിലെ സിദ്ധിവിനായക സന്നിധിയിലേയ്ക്ക് എന്നെ കൊണ്ടുപോയോ? അഭീഷ്ടവരദനായ പ്രിയപ്പെട്ട ഭഗവാനെ വരദമുദ്രയോടെ മനസ്സുകുളിർക്കെ കണ്ടപ്പോൾ അവാച്യമായൊരാനന്ദം തോന്നി. കാണിയ്ക്കയിട്ടു, തൊഴുതു, തീർത്ഥവും പ്രസാദവും സ്വീകരിച്ചു. ഭഗവാന്റെ മുഖ്യമായ അലങ്കാരം കമുകിൻ പൂക്കളാണെന്നു മനസ്സിലാക്കാനായി. ഇതുകൂടാതെ കമുകിന്റെ ഇലകലെ അതിമനോഹരമായി കൊരുത്തിണക്കി തുളസിമാലപോലെ തയ്യാറാക്കിയ മാലകളും ധാരാളമായി ഇവിടെ കാണാനിടയായി.

ഗണപതി ഭഗവാൻ തന്നെ ഉണ്ണിയുടെ വേഷത്തിൽ വന്ന് കാട്ടിക്കൊടുത്തതെന്നു പറയപ്പെടുന്ന ഇവിടുത്തെ സ്വയംഭൂ വിഗ്രഹത്തിന് സത്യത്തിൽ നിരാകാരമാണെങ്കിലും അഭിഷേകാനന്തരം പൂക്കൾ കൊണ്ട് അലംകൃതമാകുമ്പോൾ ഓംകാരരൂപം കൈക്കൊള്ളുമെന്നും അതിനാൽ ഭഗവാനെ ഓംകാരമൂർത്തിയായും ഭജിയ്ക്കുമെന്നും പറയപ്പെടുന്നു. മൂലവിഗ്രഹത്തിൽ കലശാഭിഷേകങ്ങൾക്കപ്പുറം വെള്ളികൊണ്ടുണ്ടാക്കിയിട്ടുള്ള ശരീരഭാഗവും സ്വർണ്ണം കൊണ്ടുണ്ടാക്കിയിട്ടുള്ള മുഖഭാഗവും ഉള്ള ഗോളക കൊണ്ട് അലംകരിയ്ക്കുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാൽ പുലർകാലത്തെ അഭിഷേകാനന്തരം ഭഗവാനെ നിൽക്കുന്നരൂപത്തിലും ഉച്ചയാകുമ്പോൾ പ്രധാനപൂജയ്ക്കുശേഷം ഇരിയ്ക്കുന്ന രൂപത്തിലും ദർശിയ്ക്കാനാകുന്നു എന്നതാണ്. പിന്നീട് നേരം പുലരുന്നതുവരെയും ഇരിയ്ക്കുന്നരൂപം തന്നെ കാണാനാകും. ഒരേഭഗവാനെത്തന്നെ ഇവിടെ രണ്ടുവ്യത്യസ്തങ്ങളായ രൂപത്തിൽ ദർശിയ്ക്കാനാകുമെന്നതിൽ അത്ഭുതം തോന്നി. പക്ഷെ അതിനായി ഇവിടെ കുറച്ചു സമയം ചിലവാക്കേണ്ടി വരുമെന്നു മാത്രം.

ക്ഷേത്രശ്രീകോവിലിന്റെ ഭിത്തികളിൽ മുഴുവനും ഭാർഗ്ഗവപുരാണത്തിലെ പലകഥകളും അതിമനോഹരമായി ലോഹത്തിൽ ആലേഖനം ചെയ്തിരിയ്ക്കുന്നതായി കാണാം.. ചിത്രങ്ങളുടെ മിഴിവ് പ്രശംസനീയം തന്നെ. ഈയടുത്തകാലത്ത് അമ്പലം പുതുക്കിപ്പണിതിരുന്നു.ഇപ്പോഴിവിടെ ആയിരം പേർക്ക് ദിവസവും ഭക്ഷണം നൽകാൻ ഏർപ്പാടുണ്ട്. ഭക്ഷണശാലയ്ക്കടുത്തായി കല്ലുകൊണ്ടു നിർമ്മിച്ച ഇരിപ്പിടത്തിൽ പോലെ തോന്നിച്ച സ്ഥലത്തെ ശിവപാർവതിമാർക്കൊത്ത് ഇരിയ്ക്കുന്ന ഉണ്ണിഗ്ഗണപതിയെ കാണാനായി.

വെറുതെ ചുറ്റും കണ്ണോടിച്ചപ്പോൾ ഒട്ടുവളരെ രസകരാമായ കാഴ്ച്ചകൾ കാണാൻ സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button