NattuvarthaNews

തീപിടുത്തം തുടര്‍ക്കഥയാകുന്നു; ബ്രഹ്മപുരം പ്ലാന്റിന് അധികൃതരുടെ അവഗണന

 

കൊച്ചി: പ്ലാസ്റ്റിക് മാലിന്യം കത്തിയിട്ടും ബ്രഹ്മപുരം പ്ലാന്റിലേക്ക് തിരിഞ്ഞു നോക്കാതെ കോര്‍പറേഷന്‍ അധികൃതര്‍. ജനുവരിയില്‍ത്തന്നെ രണ്ടാം തവണയാണ് മാലിന്യത്തിന് തീപിടിക്കുന്നത്. പുതുവത്സര ദിനത്തില്‍ പകല്‍ മൂന്നോടെ തുടങ്ങിയ തീപിടിത്തം രാത്രി വൈകിയാണ് അണയ്ക്കാന്‍ സാധിച്ചത്. തൃക്കാക്കര, ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ 10 യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ് തീ അണയ്ക്കാന്‍ പാടുപെട്ടത്. പ്ലാസ്റ്റിക് ഖരമാലിന്യ പ്ലാന്റിനു സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നാണ് തീ വ്യാപിച്ചത്. 15ന് രാത്രി ഉണ്ടായ തീപിടിത്തവും സമീപവാസികളില്‍ പരിഭ്രാന്തി ഉണ്ടാക്കി. കാക്കനാടുനിന്നുള്ള ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ അണച്ചത്.

മാലിന്യം കുന്നുകൂടുന്നത് വന്‍ ദുരന്തം വിളിച്ചുവരുത്തുമെന്ന നാട്ടുകാരുടെയും പ്രതിപക്ഷത്തിന്റെയും വാക്കുകളെ കോര്‍പറേഷന്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ദിനംപ്രതി ശരാശരി 150 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ബ്രഹ്മപരുത്ത് തള്ളുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് തരംതിരിച്ച് നീക്കുന്നത്. പ്രളയശേഷം കുന്നുകൂടിയ മാലിന്യങ്ങളും തരംതിരിക്കാതെ കൂട്ടിയിട്ടിരിക്കുകയാണ്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബ്രഹ്മപുരം സന്ദര്‍ശിച്ച് അപകടവാസ്ഥ കൗണ്‍സിലില്‍ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, വിഷയം കൗണ്‍സിലില്‍ ചര്‍ച്ചചെയ്തില്ല. ആരോഗ്യ സ്ഥിരംസമതി കാര്യക്ഷമമല്ലെന്ന് ആരോപിച്ച് അധ്യക്ഷയ്‌ക്കെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസപ്രമേയം 28നാണ് കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ചൂടുകൂടുന്ന സാഹചര്യം നാട്ടുകാരില്‍ ഭീതി പടര്‍ത്തുന്നുണ്ട്. ബ്രഹ്മപുരം പ്ലാന്റിനടുത്ത് സ്‌കൂളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും കൊച്ചിന്‍ റിഫൈനറിയുടെ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button