NewsIndia

ജെയ്റ്റ്‌ലി കാന്‍സര്‍ ചികിത്സക്കായി ന്യൂയോര്‍ക്കില്‍; ബജറ്റ് അവതരണത്തില്‍ അനിശ്ചിതത്വം

 

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്നതില്‍ അനിശ്ചിതത്വം. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലായതാണ് ബജറ്റ് അവതരണത്തിന്റെ കാര്യത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

ചികിത്സ കഴിഞ്ഞ് ധനമന്ത്രി രണ്ടാഴ്ചക്കകം തിരിച്ചെത്താന്‍ ഇടയില്ലെന്നാണ് അറിയുന്നത്. തുടയില്‍ ലഘുകോശ അര്‍ബുദത്തിന് ചികിത്സ തേടിയാണ് ജെയ്റ്റ്‌ലി ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ളത്.

കഴിഞ്ഞ വര്‍ഷം നടത്തിയ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ നിന്ന് ധനമന്ത്രി സുഖം പ്രാപിച്ചു വരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ കാന്‍സറിന് ശസ്ത്രക്രിയ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ജെയ്റ്റ്‌ലിയുടെ ശരീരം പുതിയ വൃക്ക സ്വീകരിച്ചു വരുന്നതേയുള്ളൂ. അതിവേഗം ശരീരത്തില്‍ വ്യാപിക്കാന്‍ ഇടയുള്ള കാന്‍സര്‍ബാധ കണ്ടെത്തിയത് അതിനിടയിലാണ്. വൃക്കമാറ്റിവെച്ച ഉടനെതന്നെ കീമോതെറാപ്പി നടത്തുന്നത് പുതിയ വൃക്കക്ക് താങ്ങാന്‍ പറ്റിയെന്നു വരില്ല. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിച്ചാണ് ശസ്ത്രക്രിയ ഉടനടി നടത്താനാവുമോ എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുക.

ജെയ്റ്റ്‌ലിയുടെ അസാന്നിധ്യത്തില്‍ മോദി സര്‍ക്കാരിന്റെ ഈ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്ന ആശങ്കയുയരുന്നുണ്ട്. മറ്റൊരാള്‍ക്ക് ചുമതല നല്‍കി ബജറ്റ് അവതരിപ്പിക്കാന്‍ കഴിയും. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ജെയ്റ്റ്‌ലി വിധേയനായ ഘട്ടത്തില്‍ പിയൂഷ് ഗോയലിനായിരുന്നു ധനവകുപ്പിന്റെ ചുമതല. മോദി സര്‍ക്കാറിന്റെ അവസാന ബജറ്റുകൂടിയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button