ArticleLatest News

ജയിലിലേക്ക് വിസ കാത്തിരിക്കുന്നവർ കുപ്രചാരണവുമായി തെരുവിലേക്ക്: റഫാലും ക്രിസ്ത്യൻ മിഷേലും; ഒരു സംസ്കാരത്തിന്റെ രണ്ട് രൂപങ്ങൾ- പരമ്പര അവസാനിക്കുന്നു- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

കോൺഗ്രസിന് ആരോപണങ്ങൾ ഒരു പുതുമയല്ല. അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണ് അവർ. മുൻകാലങ്ങളിൽ അത് പാർട്ടിക്ക് വേണ്ടിയായിരുന്നു; ഇന്നിപ്പോൾ ഇറ്റലിക്കാർക്ക് വേണ്ടിയാണ് എന്നതാണ് വ്യത്യാസം. ആര് എന്തൊക്കെ തട്ടിപ്പ് നടത്തിയാലും കൂടെനിർത്താൻ അവർക്ക് ഒരു മടിയുമില്ല താനും. അങ്ങിനെ ചെളിപുരണ്ട എത്രയോ പേരുണ്ട് ആ പാർട്ടിയിൽ, ഇപ്പോഴും. ജീപ്പ് ഇടപാട് മുതൽ ബൊഫോഴ്‌സ്, കോമൺവെൽത്ത് ഗെയിംസ്, 2 ജി, കൽക്കരി തുടങ്ങിയത് വരെ എത്രയോ വലിയ തട്ടിപ്പുകൾക്ക് കാർമികത്വം വഹിച്ച പാരമ്പര്യമാണ് ഇവർക്കുള്ളത്. അവരാണിപ്പോൾ രാജ്യത്ത് കാര്യങ്ങൾ വ്യക്തമായും സുതാര്യമായും നടക്കുമ്പോൾ ഹാലിളകി വരുന്നത്. ഞാൻ സൂചിപ്പിച്ചത് റഫാൽ യുദ്ധ വിമാന ഇടപാടിനെക്കുറിച്ചാണ്. അതിൽ സുപ്രീം കോടതി സർക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചതിന് ശേഷവും ചിലർ പുരപ്പുറത്തുകയറി കുറയ്ക്കുന്നത് കാണാതെ പോയിക്കൂടല്ലോ. യഥാർഥത്തിൽ മോഡി സർക്കാരിന്റെ ധാർമ്മിക വിജയമാണ് സുപ്രീം കോടതി വിധി.

നേരത്തെ യുപിഎ സർക്കാർ ആണല്ലോ റഫാൽ യുദ്ധ വിമാനമാണ്‌ തങ്ങൾക്ക് ചേർന്നത് എന്നും അതുകൊണ്ട് അതാണ് വേണ്ടത് എന്നും തീരുമാനിച്ചത്. വില- സാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ചും അക്കാലത്തു ചർച്ചനടത്തിയിരുന്നു. എന്നാൽ യുപിഎ അത് വാങ്ങിയില്ല;മാത്രമല്ല വാങ്ങാനാവുന്ന സ്ഥിതിയിലേക്ക് ഫയലുകൾ എത്തിയപ്പോൾ അവരുടെ മനസിലേക്ക് ഒരു റഷ്യൻ താല്പര്യം കയറിവന്നു. അതെന്തുകൊണ്ടാണ് എന്നത് വിശദീകരിക്കേണ്ടത് രാഹുലും എകെ ആന്റണിയുമൊക്കെയാണ്. ഒരു പക്ഷെ റഷ്യക്കാർ എന്തെങ്കിലും “കൂടുതൽ നല്കാൻ” സമ്മതിച്ചത് കൊണ്ടാവണം. അതിനിയും പുറത്തുവരേണ്ടതുണ്ട്. ഇവിടെ പ്രശ്നമതല്ല; യുപിഎ സർക്കാർ അംഗീകരിച്ച ഫയലിൽ ആണ് മോഡി തുടങ്ങുന്നത് എന്നതാണ്. എന്നാൽ സോണിയയും കൂട്ടരും നേരിട്ട് റഫാലുമായാണ് ചർച്ച നടത്തിയത് എങ്കിൽ മോഡി സർക്കാർ അതിന്റെ ഒരു സർക്കാരുകൾ തമ്മിലുള്ള ഇടപാടാക്കി മാറ്റി. ഒരു ഇൻഡോ- ഫ്രഞ്ച് ഇടപാട്. അഴിമതിക്കുള്ള എല്ലാ സാധ്യതകളും നിരാകരിക്കാൻ അതിലൂടെ മോഡി സർക്കാരിനായി. ഒരു സർക്കാർ മറ്റൊരു സർക്കാരിന് കമ്മീഷൻ കൊടുക്കേണ്ടതില്ലല്ലോ; ദല്ലാളന്മാർക്കും പ്രസക്തി ഇല്ലാതായി.

എന്നാൽ വിലയുടെ കാര്യത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും ശ്രദ്ധിക്കാൻ മോഡിക്കായി. യുപിഎ പറഞ്ഞുറപ്പിച്ചതിലും ഒൻപത് ശതമാനം വിലക്കുറവിലാണ് മോഡി അത് സ്വന്തമാക്കുന്നത്. യുപിഎ ഇടപാട് നടത്തിയത് എട്ട് വര്ഷം മുൻപാണ്; സ്വാഭാവികമായും എട്ടുവര്ഷക്കാലത്ത് വിലവർധന ഉണ്ടാവുമല്ലോ. അതൊക്കെ കുറച്ചുവാങ്ങാൻ ഈ സർക്കാരിനായി. അതായത് നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് ഇരുപത് ശതമാനം വിലക്കുറവാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നിട്ടാണ് കോൺഗ്രസുകാർ ആരോപണം ഉന്നയിക്കുന്നത്. ഇവിടെ നാം കാണേണ്ട മറ്റൊരു കാര്യം, എന്തുകൊണ്ടാണ്, അന്ന് യുപിഎ വില കൂട്ടി നല്കാൻ സമ്മതിച്ചത്?. ഒൻപത് ശതമാനത്തോളം വില കുറച്ചുവാങ്ങാൻ ഇന്നിപ്പോൾ കഴിയുമ്പോൾ അത്രയും കൂടുതൽ കൊടുക്കാൻ അന്ന് മന്മോഹൻ സിങ് സർക്കാർ സമ്മതിച്ചു എന്നതും കാണേണ്ടതല്ലേ. ആ ഒന്പത് – പത്ത് ശതമാനം കമ്മീഷനാണോ?. അത് തങ്ങൾക്ക് വേണ്ടെന്ന് മോഡി പറയുമ്പോൾ അതിന്റെ പ്രയോജനം രാജ്യത്തിന് ലഭിക്കുകയായിരുന്നില്ലേ?. ഇത്രയും വിലകുറച്ചു വിമാനങ്ങൾ കിട്ടുമ്പോൾ കോൺഗ്രസുകാർ ബഹളം വെക്കുന്നത് തങ്ങളുടെ കാലത്തേ തട്ടിപ്പുകൾ നാട്ടുകാർ അറിയുമല്ലോ എന്നത് കൊണ്ടുകൂടിയാവണം. എന്നാൽ അത്യുന്നത നീതിപീഠം അതൊക്കെ നേരാംവണ്ണം വിലയിരുത്തി; യാഥാർഥ്യം തിരിച്ചറിഞ്ഞു. മാത്രമല്ല, പ്രതിരോധ മേഖല നേരിടുന്ന പ്രതിസന്ധിയും കോടതി മനസ്സിലാക്കി. ഒന്നുകൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ യുദ്ധവിമാന ഇടപാട് സംബന്ധിച്ച എല്ലാ ഫയലുകളും രേഖകളും സർക്കാർ കോടതിയിലെത്തിച്ചു. അതിൽ പലതും ക്ലാസിഫൈഡ് ആയിരുന്നു; രഹസ്യ സ്വഭാവമുള്ളതായിരുന്നു. പക്ഷെ ഒന്നും മറച്ചുവെക്കാനില്ല എന്നതായിരുന്നു സർക്കാർ നിലപാട്. എല്ലാം കോടതിക്ക് നേരിൽ കാണാനായി; ഓരോ കാര്യത്തിലുമുള്ള സുതാര്യത വ്യക്തമായി. ഇന്ത്യൻ പ്രതിരോധ മേഖലയിൽ ഇത് ഒരുപുതിയ അധ്യായമാണ് കുറിച്ചത്. നാളെകളിൽ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ഒരു കീഴ്വഴക്കവും ഇവിടെ ഉണ്ടാക്കിയിരിക്കുന്നു. ഇക്കാര്യത്തിൽ സുപ്രീം കോടതി നടത്തിയ ചില സുപ്രധാന നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു:

+ തീരുമാനമെടുക്കുന്നതിൽ, നടപടി ക്രമങ്ങളിൽ, ഒരു പാകപ്പിഴയും സംഭവിച്ചിട്ടില്ല.
+ 4- 5 തലമുറ യുദ്ധ വിമാനങ്ങൾ നമ്മുടെ പ്രതിരോധ മേഖലക്ക് ലഭ്യമാക്കുകതന്നെ വേണം; ഈ ജെറ്റ്
വിമാനങ്ങൾ രാജ്യത്തിന് ഉണ്ടായേ തീരൂ.
+ യുദ്ധവിമാനത്തിന്റെ ക്വളിറ്റിയും ആവശ്യകതയും സംബന്ധിച്ച് തർക്കമില്ലെന്നിരിക്കെ വിമാനത്തിന്റെ
വില സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോടതിയല്ല.
+ യുദ്ധ വിമാനം വാങ്ങൽ, അതിന്റെ വില, ഓഫ്‌സെറ്റ് പാർട്ട്ണർ എന്നിവസംബന്ധിച്ചു ഇടപെടാനുള്ള ഒരു
കാരണവും കാണുന്നില്ല.
+ ഈ ഇടപാട് ആരോടെങ്കിലുമുള്ള പ്രത്യേക താല്പര്യത്തിന് പ്രകാരമാണ് എന്ന് കരുതാൻ കാരണങ്ങളില്ല.
+ ഫ്രഞ്ച് കമ്പനി ഇന്ത്യയിലെ ഓഫ്‌സെറ്റ് പാർട്ട്ണറെ തിരഞ്ഞെടുത്തതിൽ എന്തെങ്കിലും തെറ്റ് കാണാനായില്ല.
+ 2016 ൽ ഈ ഇടപാട് തീരുമാനിച്ചപ്പോൾ ആരും ഒരു എതിർപ്പും പറഞ്ഞിരുന്നില്ല.
+ വിമാനത്തിന്റെ വില സംബന്ധിച്ച് നേരത്തെയും ഇപ്പോഴുമുള്ള അവസ്ഥ പരിശോധിച്ചിരുന്നു.

” We have examined closely the price details and
comparison of the prices of the basic aircraft along with
escalation costs as under the original RFP as well as under the
IGA. We have also gone through the explanatory note on the
costing, item wise”.
മേൽ സൂചിപ്പിച്ചതും ഇതിനൊപ്പം കാണണം. അത് സുപ്രധാനമാണ് താനും. വില സംബന്ധിച്ച വിവരങ്ങൾ കോടതിക്ക് സർക്കാർ നൽകിയിരുന്നു എന്നും അത് വിലയിരുത്തപ്പെട്ടു എന്നുമാണ് പറയുന്നത്. മാത്രമല്ല ഓരോ സാമ്പത്തിക ഇടപാടും സിഎജിയുടെ പരിഗണക്ക് വരും; അത് പാർലമെന്റിന്റെ പിഎസി പരിശോധിക്കുകയും ചെയ്യും.

എന്നാൽ ഇവിടെ യുദ്ധവിമാനത്തിന്റെ വില മാത്രമല്ല, സാങ്കേതിക വിദ്യ അടക്കം പലതും പുറത്തുവരണം എന്ന് നമ്മുടെ പ്രതിപക്ഷം ആഗ്രഹിച്ചിരുന്നു. അതിൽ വിമാനങ്ങളുടെ സാങ്കേതിക വിദ്യയാണ് പ്രധാനം. അത് ഇന്ത്യക്കാർക്ക് വേണ്ടിയല്ല, തീർച്ച; പിന്നെയോ….. നമ്മുടെ ശത്രുരാജ്യത്തിന് അതിൽ അമിതമായ താല്പര്യമുണ്ട്; അവർക്കൊപ്പമാണോ നമ്മുടെ പ്രതിപക്ഷ നേതാക്കൾ എന്നൊന്നും ചോദിച്ചുകൂടാത്തതാണ്; എന്നാൽ സംശയങ്ങൾ ഉയരുന്നു അവരെക്കുറിച്ചും എന്നത് പറയാതെ പോകാനാവില്ല. ശത്രുരാജ്യത്ത് ചെന്ന് നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ സഹായം തേടിയവരെ സംരക്ഷിക്കുന്ന പാർട്ടികളാണ്; കിലോമീറ്റർ കണക്കിന് നമ്മുടെ ഭൂപ്രദേശം കയ്യേറിയപ്പോൾ “നമ്മൾ നമ്മുടേതെന്നും അവർ അവരുടേത് എന്നും പറയുന്ന പ്രദേശം” എന്ന് വിശേഷിപ്പിക്കാൻ മടിക്കാത്ത പാർട്ടിക്കാരാണ് മുന്പന്തിയിലുള്ളത് എന്നതൊക്കെ വിസ്മരിച്ചു മുന്നോട്ട് പോകാനാവുമോ എന്നതാണ് സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം. എന്തായാലും ആ വിവരങ്ങൾ പുറത്ത് പറയേണ്ടതില്ല എന്ന സർക്കാരിന്റെ, പ്രതിരോധ വിഭാഗത്തിന്റെ, നിലപാടും ഇവിടെ കോടതി അംഗീകരിച്ചിട്ടുണ്ട്.

റഫാലിൽ എന്തായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾ …. ഒന്ന്, വില കൂടുതൽ; രണ്ട്, അതിന്റെ ഓഫ്‌സെറ്റ് പാർട്ട്ണറെ തീരുമാനിച്ചതിൽ മോഡി സർക്കാർ കുഴപ്പം കാണിച്ചു …… ഇത് രണ്ടും കോടതി തള്ളിക്കളഞ്ഞില്ലേ. വില പരിശോധിച്ചു എന്നും അത് ന്യായയുക്തമാണ് എന്നും കോടതി പറയുന്നു. മറ്റൊന്ന് ഓഫ്‌സെറ്റ് പാർട്ട്ണറുടെ കാര്യം; അത് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരല്ല ബന്ധപ്പെട്ട സ്ഥാപനമാണ് എന്നും കോടതിസംശയലേശമന്യേ വ്യക്തമാക്കി. ആരെ വേണമെങ്കിലും തങ്ങളുടെ പാർട്ടണർ ആക്കാൻ ഫ്രഞ്ച് കമ്പനിക്ക് അധികാരമുണ്ട്. ഇത് എന്റെ ജോലിയല്ലെങ്കിലും, എന്തുകൊണ്ടാണ് ഇവർ അനിൽ അംബാനിയെ ഇപ്പോൾ എതിർക്കുന്നത് എന്നത് ചോദിക്കാതെ പോകാനാവുമോ. ഒന്നാമതായി കാണേണ്ടത് അനിൽ അംബാനി ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ കണ്ടെത്തിയ 72 സ്ഥാപനങ്ങളിൽ ഒരാൾ മാത്രമാണ്. അതിൽ പ്രഗത്ഭരൊക്കെയുണ്ട്. ആകെയുള്ള ഓഫ്‌സെറ്റ് പണം ഏതാണ്ട് 8, 400 കോടി രൂപയാണ്; അപ്പോഴാണ് 40,000 കോടിയുടെ 70,000 കോടിയുടെ തട്ടിപ്പ് എന്നൊക്കെ രാഹുൽ ഗാന്ധിമാർ പറഞ്ഞുനടക്കുന്നത്. എന്ത് അസംബന്ധവും പറയാമെന്നായിരിക്കുന്നു. അതിനാണ് സുപ്രീം കോടതി മറുപടി നൽകിയത്. ഇനി അനിൽ അംബാനിക്ക് എന്താണ് ഒരു കുറവ്?. വിമാന നിർമ്മാണത്തിൽ പരിചയമില്ല എന്നതാണ് അത്. ഇവിടെ ശ്രദ്ധിക്കേണ്ടത് അംബാനി ഇവിടെ വിമാനമുണ്ടാക്കുകയല്ല; മറിച്ച് രണ്ടുകൂട്ടരും ചേർന്നുള്ള സംരംഭമാണ് അതിനായി പുറപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അംബാനിക്ക് എത്ര പരിചയമുണ്ട് എന്നതൊക്കെ ഫ്രാന്സുകാർ നോക്കിയിരിക്കും. ഒരു കഴിവും പരിചയവുമില്ലാത്ത ഒരാളെ അവർ ഇതിനായി നിശ്ചയിക്കുമോ?. മറ്റൊന്ന് ചോദിച്ചുകൊള്ളട്ടെ, എന്ത് മുൻ പരിചയമുണ്ടായിട്ടാണ് ഇതേ അനിൽ അംബാനിക്ക് കോൺഗ്രസ് സർക്കാരുകൾ മെട്രോ റെയിൽ പദ്ധതിയും വിമാനത്താവളവും മറ്റും നൽകിയത്? പിന്നെ, കാറിനെക്കുറിച്ച് ഹരിശ്രീ അറിയാത്ത സഞ്ജയ് ഗാന്ധിക്ക് കാർ നിർമ്മാണ കമ്പനി തുടങ്ങാൻ സഹായമേകിയ കുടുംബമാണ് ഇതൊക്കെ വിളിച്ചുകൂവുന്നത്.

പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഒരു റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നത് നമ്മുടെ കോൺഗ്രസ് പക്ഷപാതിയായ മാധ്യമങ്ങൾ ശ്രദ്ധിച്ചതേയില്ല; അല്ലെങ്കിൽ അത് അവർ മുക്കുകയായിരുന്നു. എച്ച്എ എൽ റഫാൽ വിമാനങ്ങൾ നിർമ്മിക്കാൻ സജ്ജമാണ് എന്നും അത് അവർക്ക് നിഷേധിക്കുകയാണ് ഉണ്ടായത് എന്നുമാണല്ലോ കോൺഗ്രസ് -സിപിഎം പക്ഷക്കാർ ഉന്നയിച്ചിരുന്നത്. യുപിഎ അങ്ങിനെയാണ് പദ്ധതിയിട്ടത് എന്നും അവർ പറഞ്ഞുനടന്നു. യഥാർഥത്തിൽ അങ്ങിനെയൊരു നീക്കമെ ഉണ്ടായിരുന്നില്ല എന്നതാണ് പിഎസി നമ്മളെ ഓർമ്മിപ്പിക്കുന്നത്. ആരാണ് പിഎസി ചെയർമാൻ എന്നത് കൂടി പരിഗണിക്കുമ്പോഴാണ് ആ നിലപാടിന്റെ പ്രസക്തി ഏറുന്നത് ………. കോൺഗ്രസ് നേതാവായ സാക്ഷാൽ മല്ലികാർജുൻ ഖാർഗെ.

പിഎസി പരിശോധിച്ചത് യുദ്ധവിമാന നിർമ്മാണത്തിൽ എച്ച്എഎൽ നിർദ്ദേശിക്കപ്പെട്ട ലക്ഷ്യത്തിന് അടുത്തെങ്ങും എത്താതിരുന്നതും അതുമൂലം നമ്മുടെ സുരക്ഷാ സേനകൾ അനുഭവിച്ച വിഷമതകളുമാണ്. കുറെ നാളുകളായി വ്യോമസേനക്കും നാവികസേനക്കും മറ്റും ആവശ്യമായ വിമാനങ്ങൾ നല്കാൻ ആ പൊതുമേഖലാ സ്ഥാപനത്തിന് കഴിയുന്നില്ല എന്നതാണ് പ്രശ്നം. അനവധി തവണ അവരുടെ നിലപാടുകൾ സർക്കാർ കേട്ടു; സമയം നീട്ടി നൽകി…. പക്ഷെ പ്രയോജനമുണ്ടായില്ല എന്നത് പിഎസി വിലയിരുത്തുന്നുണ്ട്.

ഇവിടെ നാം മനസ്സിൽ കാണേണ്ട മറ്റൊരു കാര്യമുണ്ട്. റിലയൻസിനല്ല മറിച്ച്‌ എച്ച് എ എല്ലിന് റഫാൽ ഉണ്ടാക്കാൻ കഴിയുമാറ് ധാരണയുണ്ടാക്കണം എന്നതാണല്ലോ പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരുന്നത്. എന്നാൽ ആ സ്ഥാപനത്തിന് അതിന് കഴിയില്ലെന്ന് 2010- ൽ തന്നെ കേന്ദ്ര സർക്കാരിന് ബോധ്യമുണ്ടായിരുന്നു. അന്ന് പ്രതിരോധ മന്ത്രി ആയിരുന്ന എകെ ആന്റണി ഇക്കാര്യം പിഎസി മുൻപാകെ ബോധിപ്പിച്ചിട്ടുമുണ്ട്. നടക്കാത്ത കാര്യം നടക്കുമെന്ന് പറഞ്ഞുകൊണ്ട് ബിജെപി സർക്കാരിനെ വിഷമത്തിലാക്കാം എന്നതാണ് കോൺഗ്രസുകാർ കരുതിയത് എന്നത് വ്യക്തം. അതിലുപരി, രാജ്യത്തിനെ സുരക്ഷാ പ്രയാസങ്ങൾ പരിഹരിക്കാനുള്ള മോഡി സർക്കാരിന്റെ നീക്കങ്ങളെ എങ്ങിനെയും തകർക്കാൻ ഈ പൊതുമേഖലാ സ്ഥാപനത്തെ മുന്നിൽ നിർത്തിയാൽ മതി എന്നും അവർ ചിന്തിച്ചോ ആവോ?.

തീർന്നില്ല പ്രശ്നങ്ങൾ,
മല്ല്യയും എത്തുമല്ലോ

റഫാലും ആഗസ്റ്റയും മിഷേലും മാത്രമല്ല കോൺഗ്രസിനെ ഭയപ്പെടുത്തുന്നത്. അതിനൊക്കെ ഒപ്പമാണ് സാക്ഷാൽ വിജയ് മല്യ വരുന്നത്.വായ്പ തട്ടിപ്പ് നടത്തിയ മല്യക്ക് ഇനി ലണ്ടനിൽ കഴിയാനാവാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. ബാങ്കുകളെ പറ്റിച്ചുകൊണ്ട് ഇവിടെനിന്ന് ഒളിച്ചോടി പോയി എന്ന് മാത്രമല്ല അയാൾ ലണ്ടനിലിരുന്ന് കോൺഗ്രസുകാരുടെ ദല്ലാളെപ്പോലെ പലതും വിളിച്ചുകൂവിയതും രാജ്യം കണ്ടതാണല്ലോ. ആ കേസ് എത്ര കരുതലോടെയാണ് സിബിഐ നടത്തിയത് എന്നത് ചിന്തിച്ചു നോക്കൂ. അത് ബാങ്ക് വായ്പ എടുത്തിട്ട് നാടുവിട്ടുപോകുന്നവർക്കുള്ള സൂചനകളാണ്……..അത്തരക്കാർ ഒന്നല്ല ഇനിയുമുണ്ട്; അവരിൽ പലർക്കുമെതിരെ ഇന്റർപോൾ അടക്കം നീക്കങ്ങൾ നടത്തുന്നുണ്ട്. രാജ്യം അവരുടെ പിന്നാലെയുണ്ട്.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, വിജയ് മല്യ രാജ്യത്തുനിന്ന് ഒളിച്ചോടി പോയപ്പോൾ അയാളെ രക്ഷപ്പെടുത്തിയത് നരേന്ദ്ര മോദിയാണ് എന്നാണല്ലോ രാഹുൽ പ്രഭൃതികൾ വിളിച്ചുകൂവി നടന്നത്. യഥാർഥത്തിൽ ആരാണ് മല്യയെ സഹായിച്ചത്, വഴിവിട്ട് വായ്പ സാധിച്ചുകൊടുത്തത്. അതിന് പിന്നിൽ മൻമോഹൻ സിങ് ഉണ്ടായിരുന്നു, അതിനുപുറമെ കോൺഗ്രസിലെ ഉയർന്ന കുടുംബവും ഉണ്ടായിരുന്നു. എല്ലാനിയമങ്ങളും മറികടന്നുകൊണ്ടാണ് ആ വായ്പകൾ അനുവദിച്ചത് എന്നതും ഇതിനിടെ വ്യക്തമായി. സോണിയ പരിവാർ മുൻകയ്യെടുത്ത് വൻ വ്യവസായികൾക്ക് അനുവദിച്ച വായ്പകളുടെ ഒരു ചിത്രം ഇതാണ്; എല്ലാം അതിലുണ്ട് എന്നതല്ല, എന്നാൽ കുറെ പ്രമുഖർക്ക് കിട്ടിയ സഹായങ്ങൾ ഒന്ന് കാണൂ. (ബ്രാക്കറ്റിലുള്ളത് അവർക്ക് യുപിഎ സർക്കാരിന്റെ കാലത്ത് അനുവദിച്ച വായ്പ തുക).

വീഡിയോകോൺ (22000 കോടി), ഭൂഷൺ സ്റ്റീൽ ( 44,478 കോടി ), ലാൻകോ ഇൻഫ്രാടെക്ക് (44,364 കോടി ), എസ്സാർ സ്റ്റീൽ (37,284 കോടി ), ഭൂഷൺ പവർ ( 37,248 കോടി ), അലോക് ഇൻഡസ്ട്രീസ് ( 22,075 കോടി ), ആം ടേക് ഓട്ടോ ( 14,074 കോടി ), മോണെറ്റ് ഇസ്പറ്റ് (12,115 കോടി). നീരാവ് മോഡിമാർ വേറെയുമുണ്ട്. അവരെയൊക്കെ തീറ്റിപ്പോറ്റി തട്ടിപ്പിനും രാജ്യത്തിന്റ ഖജനാവ് കാലിയാക്കാനും ശ്രമിച്ചവർ ഇന്നിപ്പോൾ ചാരിത്ര്യ പ്രസംഗം നടത്തുന്നുണ്ട് എന്നത് ശരി. അവരിപ്പോൾ കർഷകരുടെ പേരിൽ കിടന്ന് നിലവിളിക്കുന്നുണ്ട് എന്നതും ശരിതന്നെ. പക്ഷെ, അതൊക്കെ ഓരോന്നായി തുറന്നുകാട്ടപ്പെടും. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു ഈ ബാങ്ക് വായ്പകൾ എന്നതാണ് യാഥാർഥ്യം. പക്ഷെ നാണമില്ലാതെ അതുമിതും പറഞ്ഞുനടക്കുകയാണ് ഇറ്റാലിയൻ കുടുംബം. ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കിയാലേ അവർക്ക് രക്ഷയുള്ളൂ എന്ന് കരുതുന്നു. അതിനായി പാക്കിസ്ഥാന്റെ സഹായം പോലും തേടാൻ അവർ ഒരുക്കമാണ്. അത്രത്തോളമെത്തി ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയം. ജയിലിലേക്ക് വിസ കാത്തിരിക്കുന്നവർക്ക് എന്തും പറയാമല്ലോ; അത്രയേ അവരുടെ വാക്കുകൾക്ക് പ്രസക്തിയുള്ളൂ.

( അവസാനിച്ചു).

shortlink

Related Articles

Post Your Comments

Related Articles


Back to top button