Latest NewsIndia

വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

2019 വര്‍ഷം ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത്. ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ദൗത്യങ്ങളാണ്‌ഐഎസ്ആര്‍ഒ നടത്താന്‍ പോകുന്നത്. മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും കോടികള്‍ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി ഐഎസ്ആര്‍ഒ കുറഞ്ഞ ചെലവിലാണ് പരീക്ഷിക്കാന്‍ പോകുന്നത്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന, അതും രണ്ടു ഘട്ടമായി തിരിച്ചിറക്കാവുന്ന റോക്കറ്റ് പരീക്ഷണം. ആദ്യമായാണ് ഇന്ത്യ ഇത്തരം ഒരു പരീക്ഷണത്തിനിറങ്ങുന്നത്.
ശതകോടീശ്വരനും ടെക്നോളജി പ്രേമിയുമായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്പെയ്സ്എക്സ് (SpaceX) വീണ്ടും ഉപയോഗിക്കാവുന്ന (reusable) റോക്കറ്റുകള്‍ വിജയകരമായി പരീക്ഷിച്ച് കയ്യടി നേടിയതാണ്. എന്നാലിപ്പോള്‍, രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒ രണ്ടു തവണ റീയൂസ് ചെയ്യാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. പുതിയ ടെക്നോളജി ജൂണിലും ജൂലൈയിലുമായി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ.

റോക്കറ്റ് വീണ്ടെടുക്കാന്‍ ആദ്യതവണ മസ്‌കിന്റെ സ്പെയ്സ്എക്സിന്റെ മാതൃക പിന്തുടരുകയായിരിക്കും ഐഎസ്ആര്‍ഒ ചെയ്യുക. ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചുവരുന്ന റോക്കറ്റിനെ കടലില്‍ പിടിപ്പിച്ച പാഡിലേക്ക് വീഴ്ത്തും. രണ്ടാമത്തെ തവണ റോക്കറ്റ് വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒ തങ്ങളുടെ ആര്‍എല്‍വി (Reusable Launch Vehicle (RLV) നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് 2016ലാണ് ആദ്യമായി ടെസ്റ്റു ചെയ്തത്. ഐഎസ്ആര്‍ഒ എന്‍ജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിലൂടെ നിയന്ത്രിച്ച്, പ്രത്യേകമായി തയാര്‍ ചെയത എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യിച്ച് വീണ്ടും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

രണ്ടാം ഘട്ടത്തിനായി ചിറകു പിടിപ്പിച്ച ഒരു ചട്ടക്കൂട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറയുന്നത്. സ്പെയ്സ് ഷട്ടിലിനുള്ളതു പോലെയുള്ള, ചിറകുള്ള ഒരു ചട്ടക്കൂട് നിര്‍മ്മിച്ച് ഈ ഷട്ടില്‍ റോക്കറ്റിന്റെ രണ്ടാംഘട്ടത്തില്‍ പിടിപ്പിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തു പിടിപ്പിച്ചിട്ടുള്ള ഉപഗ്രഹത്തെയോ സ്പെയ്സ്‌ക്രാഫ്റ്റിനെയോ അതിന്റെ ഭ്രമണപഥത്തിലേക്കു വിടും. വിട്ടുകഴിഞ്ഞാല്‍ ഷട്ടില്‍ ഭൂമിയിലേക്ക് ഒരു വിമാനത്തെപ്പോലെ ഒഴുകിയിറങ്ങി പ്രത്യേകമായി സജ്ജമാക്കിയ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡു ചെയ്യുമെന്നും കെ. ശിവന്‍ പറയുന്നു.

ഇത്തരം രണ്ടു ഘട്ടങ്ങളുള്ള വീണ്ടെടുക്കല്‍ സ്പെയ്സ്എക്സ് അടക്കം ലോകത്തെ മറ്റൊരു സ്പെയ്സ് ഏജന്‍സിയും പരീക്ഷിച്ചില്ലെന്ന് ശിവന്‍ കൂട്ടിച്ചേര്‍ത്തു. വരും മാസങ്ങളില്‍ നടത്താനിരിക്കുന്ന ടെസ്റ്റില്‍ ഐഎസ്ആര്‍ഒ ഒരു ഹെലികോപ്റ്ററിന്റെ സഹായത്തോടെ ചിറകു പിടിപ്പിച്ച ആര്‍എല്‍വിയെ ആകാശത്ത് ഒരു നിശ്ചിത പൊക്കം വരെ ഉയര്‍ത്തിയശേഷം താഴേക്കു വിടും. ആ ഘട്ടത്തില്‍ ഈ ദൗദ്യത്തിനു തിരഞ്ഞെടുത്തിരിക്കുന്ന എന്‍ജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിന്റെ സഹായത്തോടെ എയര്‍സ്ട്രിപ്പിലേക്ക് ലാന്‍ഡു ചെയ്യിക്കാന്‍ ശ്രമിക്കും. എയര്‍സ്ട്രിപ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും എവിടെയെങ്കിലുമായിരിക്കാം തയാര്‍ ചെയ്യുക. എന്നാല്‍ ഇത്തരം ഗവേഷണം നടത്തുന്നത് ഐഎസ്ആര്‍ഒ മാത്രമല്ല. സ്പെയ്സ്എക്സും രണ്ടു ഘട്ടങ്ങളുള്ള വിക്ഷേപണം എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button