Latest NewsInternationalTechnology

വരുന്നൂ ഷവോമിയുടെ ‘സര്‍വൈവല്‍ ഗെയിം’

സ്മാര്‍ട്ഫോണ്‍ വിപണിയിലൂടെ ലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച ഷവോമി പുതിയ ഗെയിം അവതരിപ്പിക്കുന്നു. ‘സര്‍വൈവല്‍ ഗെയിം’ എന്നാണു തങ്ങളുടെ പുതിയ മൊബൈല്‍ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത്. പബ്ജി കോര്‍പറേഷന്റെ ബാറ്റില്‍ റൊയാല്‍ ഗെയിമായ ‘പബ്ജി’ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് ഷവോമിയുടെ പുതിയ ഗെയിം എത്തുന്നത്.

‘സൂപ്പര്‍ എഡ് ഗായ്’ എന്ന് പേരുള്ള ഡെവലപ്പര്‍ ആണ് 185 എം.ബി. ഫയല്‍ സൈസുള്ള ഈ ഗെയിം ഷവോമിയുടെ സ്വന്തം ആപ്പ് ഡൗണ്‍ലോഡിങ്ങ് പ്ലാറ്റ്ഫോമായ ‘ മി സ്റ്റോറി’ല്‍ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. പബ്ജി, ഫോര്‍ട്ട്നൈറ്റ് പോലുള്ള മറ്റ് ബാറ്റില്‍ റൊയാല്‍ ഗെയിമുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഷവോമി ‘സര്‍വൈവല്‍ ഗെയിമും’ പ്രോഗ്രാം ചെയ്തിരിക്കുന്നത്.

പബ്ജിയില്‍ പ്ലെയിനില്‍ നിന്നും ചാടിയാണ് ഗെയിമിലേക്ക് കടക്കുന്നതെങ്കില്‍ സര്‍വൈവല്‍ ഗെയിമില്‍ സ്പേസ് ഷിപ്പില്‍ നിന്നുമാണ് ചാടേണ്ടി വരുന്നത്. ഈ ഗെയിമിലും അവസാനം ‘സര്‍വൈവ്’ ചെയ്യുന്ന കളിക്കാരനാണ് വിജയി ആകുക. പടക്കോപ്പുകളും അത്യാവശ്യ വസ്തുക്കളും ഗെയിമിന്റെ പല ഘട്ടങ്ങളിലും വെച്ച് കളിക്കാര്‍ ശേഖരിക്കണം. ഇങ്ങനെ ശേഖരിച്ച വസ്തുക്കളാണ് തോല്‍ക്കാതെ പിടിച്ചു നില്‍ക്കാന്‍ കളിക്കാരനെ സഹായിക്കുക.

പബ്ജിയില്‍ നിന്നും വ്യത്യസ്തമായി ജെറ്റ്പ്പാക്കുകളും, കളിക്കാരനെ പറക്കാന്‍ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും സര്‍വൈവല്‍ ഗെയിമിലുണ്ട്. ഇതുവഴി കളിക്കാര്‍ക്ക് കൂടുതല്‍ രസകരമായ അനുഭവമാകും ഈ ഗെയിം സമ്മാനിക്കുക എന്ന് ഷവോമി അവകാശപ്പെടുന്നു. മാത്രമല്ല കളിയില്‍ പല വേഷത്തിലും, പല കാരക്ടറായും കളിക്കാരന് പ്രത്യക്ഷപ്പെടാന്‍ സാധിക്കും. ഇതുവഴി പൂര്‍ണ്ണമായും കളിയില്‍ മുഴുകാന്‍ കളിക്കാരന് സാധിക്കുമെന്ന് ഷവോമി അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button