KeralaLatest News

ശബരിമല: വ്യാജ പട്ടിക സമര്‍പ്പണം: വിശ്വാസികളെ സര്‍ക്കാര്‍ വീണ്ടും വെല്ലുവിളിക്കുന്നു – വി.എസ്.ശിവകുമാര്‍ എംഎല്‍എ

തിരുവനന്തപുരം•ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചുവെന്ന വ്യാജ പട്ടിക സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതുവഴി വിശ്വാസി സമൂഹത്തെ സര്‍ക്കാര്‍ വീണ്ടും വെല്ലുവിളിക്കുകയാണെന്ന് മുന്‍ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ എംഎല്‍എ പറഞ്ഞു.

എത്ര യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്നത് പരിഗണിക്കേണ്ട വിഷയമല്ലായെന്ന കോടതി വിലയിരുത്തലിലൂടെ പട്ടികാസമര്‍പ്പണം തികച്ചും അനാവശ്യവും വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും വേണ്ടിയാണെന്ന കാര്യത്തില്‍ സംശയമില്ല. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍പ്പലരും തങ്ങള്‍ക്ക് 50 വയസ്സ് കഴിഞ്ഞുവെന്ന ഉത്തമവിശ്വാസമുള്ളതുകൊണ്ടാണ് ശബരിമല സന്ദര്‍ശിച്ചതെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ വയസ്സുപറഞ്ഞപ്പോള്‍ പോലീസ്സുദ്യോഗസ്ഥര്‍ മനഃപ്പൂര്‍വ്വം വയസ്സ് കുറച്ച് രേഖപ്പെടുത്തിയതായും പട്ടികയിലുള്‍പ്പെട്ട പലരും വെളിപ്പെടുത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസ്സും, എന്‍എസ്എസും, മറ്റ് വിശ്വാസി സംഘടനകളും സമര്‍പ്പിച്ചിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കാവെയാണ് കേസ് ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായി വ്യാജ പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. ഈ തീര്‍ത്ഥാടനകാലം മുഴുവന്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതിനുള്ള ശ്രമമായിരുന്നു സര്‍ക്കാര്‍ നടത്തിയിരുന്നത്. തീര്‍ത്ഥാടനകാലം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനാണ് ഈ നടപടികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടിന് ശക്തിപകരുന്നതിനുവേണ്ടിയാണ് ഈ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചത്.

ശബരിമലയെ തകര്‍ത്തേതീരൂവെന്ന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മനഃപ്പൂര്‍വ്വമായ പിടിവാശിയാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍. പട്ടികയിലുള്‍പ്പെട്ട സ്ത്രീകളില്‍പ്പലരും തങ്ങളുടെ യഥാര്‍ത്ഥ വയസ്സ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒരു പട്ടിക സമര്‍പ്പിക്കാനുണ്ടായിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ശിവകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button