KeralaLatest News

നിഷിനെ വിപുലീകരിക്കും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ നിഷിനെ വിപുലീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നിഷ് ഇരട്ടിയിലേറെ വളര്‍ച്ചയിലേക്ക് കടക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. വിവിധ വിഷയങ്ങളെ അധികരിച്ച് നിഷില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു മന്ത്രി.

ഭിന്നശേഷി മേഖലയില്‍ കൂടുതല്‍ മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചത്. ഭിന്നശേഷി മേഖലയില്‍ സഹായകരമായ അസിസ്റ്റീവ് ടെക്‌നോളജിയ്ക്ക് വലിയ മുന്‍ഗണനയാണ് സംസ്ഥാനം നല്‍കുന്നത്. ഇലക്ട്രോണിക്‌സ് ആന്റ് സ്‌പേസ് ടെക്‌നോളജി രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകാന്‍ കഴിഞ്ഞിട്ടുണ്ട്. അസിസ്റ്റീവ് ടെക്‌നോളജി രംഗത്തും രാജ്യത്തിന് മാതൃകയാണ് കേരളം. ഈ രംഗങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഇത്തരം സെമിനാറുകളിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, വനിതകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്നിലാണ്. മാത്രമല്ല ഇവയെല്ലാം തന്നെ വിജയകരമായി നടപ്പാക്കി വരികയാണ്. മികച്ച വയോജന ക്ഷേമം നടപ്പിലാക്കിയതിന് വയോശ്രേഷ്ഠ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. എന്‍.എച്ച്.എഫ്.ഡി.സി.യുടെ മികച്ച ചാനല്‍ ഏജന്‍സി എന്ന നിലയില്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നവജാത ശിശുക്കളുടെ കേള്‍വിശക്തി പരിശോധിച്ച് പരിഹാരം കാണുന്ന പദ്ധതിയിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി അനുയാത്ര എന്ന സമഗ്രപദ്ധതി രൂപീകരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എല്ലാ പ്രസവം നടക്കുന്ന ആശുപത്രികളിലും അംഗപരിമിതി കണ്ടെത്തുന്നതിനുള്ള സൗകര്യം ഒരുക്കുകയുണ്ടായി. ജനിക്കുന്ന എല്ലാ കുട്ടികളുടേയും ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കാഴ്ചശക്തി, കേള്‍വിശക്തി തുടങ്ങി മറ്റെന്തെങ്കിലും ശാരീരികമായി വൈകല്യങ്ങള്‍ ഉണ്ടോ എന്നും പരിശോധന നടത്തി വരുന്നു. ഇതിലൂടെ ഭിന്നശേഷി സാധ്യത കുറയ്ക്കാന്‍ സാധിക്കുന്നു. ഇതിനായാണ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ശക്തിപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

നിഷ് എക്‌സി. ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെറിബ്രല്‍ പാള്‍സി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. സുധ കൗള്‍, യു.എസ്.എ. ന്യൂ ഹാംഷിയര്‍ സ്റ്റേറ്റിലെ അസിസ്റ്റീവ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. തെരേസ വില്‍ക്കോം, സി.ഡാക് എക്‌സി. ഡയറക്ടര്‍ ശശി പി.എം., കെ.എസ്.എസ്.എം. എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button