KeralaNews

സംസ്ഥാനബജറ്റ് ഇടത് വലത് നയങ്ങളുടെ സംവാദമാകും; തോമസ് ഐസക്

 

കൊച്ചി: ഇടത് വലത് നയങ്ങളുടെ സംവാദമാകും വരുന്ന സംസ്ഥാന ബജറ്റെന്ന് ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക്. വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് കേരളവികസനം സംബന്ധിച്ച സംവാദം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉതകുന്നതായിരിക്കും ബജറ്റ് എന്ന സൂചന മന്ത്രി നല്‍കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസംഗം പൂര്‍ത്തിയായതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. വിഴിഞ്ഞത്ത് ബജറ്റിന്റെ തയ്യാറെടുപ്പിലുള്ള മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അങ്ങനെ ബജറ്റ് പ്രസംഗം ഏറെക്കുറെ പൂര്‍ണമായി. ഇനി അവശേഷിക്കുന്നത് വിഭവസമാഹരണം സംബന്ധിച്ച അധ്യായവും ബജറ്റിന്റെ മൊത്ത ധനകാര്യതന്ത്രവുമാണ്. പിന്നെ അത്യാവശ്യം മിനുക്കു പണികളും. നാളെ നികുതി സംബന്ധിച്ച ചര്‍ച്ചയാരംഭിക്കും. വ്യാഴാഴ്ച വ്യാപാരികളുമായുള്ള ചര്‍ച്ചയോടെ അതിന് അവസാനരൂപവുമാകും. ഈ തിരക്കുകാരണമാണ് കഴിഞ്ഞ കുറേ ദിവസമായി ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒഴിവാക്കിയത്.

പതിവുപോലെ വിഴിഞ്ഞത്താണ്. തിരയും കടല്‍ക്കാറ്റും അസ്തമയത്തിന്റെ വിസ്മയദൃശ്യങ്ങളുമായി കടലിന്റെ പ്രചോദനം. ദിവസവും രാവിലെ ഒരു മണിക്കൂര്‍ കടല്‍ത്തീരത്തിലൂടെ നടത്ത. നിന്നുപോയ ഒരു ശീലം വീണ്ടും പുനഃസ്ഥാപിച്ചു.

രാത്രിയില്‍ വിഴിഞ്ഞം കടല്‍ കണ്ടിട്ടുണ്ടോ? കടല്‍ നിറയെ വെളിച്ചമാണ്. ആകാശത്തു നിന്ന് അസംഖ്യം നക്ഷത്രങ്ങള്‍ കടലിലേയ്ക്കുകൊഴിഞ്ഞു വീണതുപോലെ ഒരു കാഴ്ച. ബോട്ടുകളുടെ വെളിച്ചമാണ്. ഇരുട്ടിത്തുടങ്ങുമ്പോള്‍ ബോട്ടുകള്‍ മാലപോലെ കടലില്‍ വിന്യസിക്കപ്പെടും. ഒരു ദിവസം ലെഫ്റ്റ് വേഡിലെ സുധന്‍വയും വിജയ് പ്രസാദും എന്നെ കാണാന്‍ ഇവിടെയെത്തിയിരുന്നു. ഈ കാഴ്ചയില്‍ മതിമറന്ന വിജയ് പ്രസാദ് കുറേനേരം കൂവിവിളിച്ചൊക്കെ സന്തോഷം പങ്കുവെച്ചത് കൗതുകമായിരുന്നു.

ഈ കാഴ്ചയും അന്തരീക്ഷവും ഏറെ പ്രചോദനം നല്‍കുന്നതാണ്. ബജറ്റു പ്രസംഗത്തിനു വേണ്ട പുതിയ ആശയങ്ങള്‍ക്കും ആലോചനകള്‍ക്കുമൊക്കെ വല്ലാത്തൊരു ഊര്‍ജം എനിക്ക് ഈ അന്തരീക്ഷം നല്‍കിയിട്ടുണ്ട്. എല്ലാ തിരക്കുകളും ഒഴിവാക്കി, ഏതാണ്ടൊരുമാസം ബജറ്റ് തയ്യാറാക്കാന്‍ വേണ്ടി മാറ്റി വെയ്ക്കും.

ജനുവരി 31ന് അവതരിപ്പിക്കാന്‍പോകുന്നത് എന്റെ പത്താമത്തെ ബജറ്റാണ്. കേരളവികസനം സംബന്ധിച്ച സംവാദം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉതകുന്നതായിരിക്കണം എന്ന കാഴ്ചപ്പാടോടു കൂടിയാണ് ഓരോ ബജറ്റും തയ്യാറാക്കുന്നത്. വരവുചെലവു കണക്കിന്റെയും വകുപ്പുകള്‍ക്ക് നീക്കിവെയ്ക്കുന്ന വിഹിതത്തിന്റെയും കേവല പ്രസ്താവന എന്ന നിലയ്ക്കല്ല ബജറ്റ് അവതരണത്തെ സമീപിക്കുന്നത്.

പുതിയ വികസനപദ്ധതികളെക്കുറിച്ചും, സ്ഥായിയും നീതിപൂര്‍വവുമായ വികസനത്തിനു വേണ്ടിയുള്ള ധനനയത്തെക്കുറിച്ചുമൊക്കെ സമൂഹത്തിന്റെ നാനാമേഖലകളില്‍പ്പെട്ട വിഗദ്ധരും സാധാരണക്കാരും അണിനിരക്കുന്ന വലിയൊരു സംവാദത്തിന് ഓരോ ബജറ്റവതരണവും വഴി തുറന്നിട്ടുണ്ട്. അതതു മേഖലകളിലെ പണ്ഡിതരും വ്യത്യസ്തവീക്ഷണമുളള രാഷ്ട്രീയനേതാക്കളും സാധാരണക്കാരുമൊക്കെ ആ സംവാദത്തിന്റെ ഭാഗമാകുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും വിശകലനങ്ങളും ആ സംവാദത്തിന്റെ ഭാഗമായി ഉരുത്തിയിരിയും.

ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ധനനയങ്ങളും വികസനസമീപനവും ഈ സംവാദത്തില്‍ ഗഹനമായ താരതമ്യത്തിന് വിധേയമാകുന്നു. ഈ സംവാദം വലിയൊരു ബഹുജനബോധന പരിപാടിയാണ്. വികസനസമീപനം സംബന്ധിച്ച സമൂഹത്തിന്റെ പൊതുധാരണ കൂടുതല്‍ മെച്ചപ്പെടാന്‍ ഈ സംവാദം വഴിയൊരുക്കുന്നു. ഈ ബജറ്റും വികസനസംവാദത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന് എനിക്കുറപ്പുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button