KeralaLatest News

ചിന്നകനാല്‍ എസ്‌റ്റേറ്റ് ഇരട്ടക്കൊലപാതകം : പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ : ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് ആരോപിച്ചാണു നടപടി. എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ എഎസ്ഐമാരായ ഉലഹന്നാന്‍, സജി എം.പോള്‍, ഡ്രൈവര്‍ അനീഷ്, സിപിഒ ഓമനക്കുട്ടന്‍, മധുരയ്ക്ക് സഹായത്തിനായി കൂടെപോയ ശാന്തമ്പാറ സ്റ്റേഷനിലെ ഡ്രൈവര്‍ രമേഷ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്പെന്‍ഡ് ചെയ്തത്.

രാജാക്കാട് എസ്ഐ പി.ഡി. അനൂപ്മോനെതിരെ നടപടിയ്ക്ക് ഐജിയ്ക്ക് ശിപാര്‍ശയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളില്‍ പ്രതിയോടൊപ്പം നില്‍ക്കുന്ന അന്വേഷണസംഘത്തിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ നല്‍കിയെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണം. ചിന്നക്കനാല്‍ നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയെയും, തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ കുളപ്പറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനെ അറസ്റ്റ് ചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രമെടുത്തതും ഈ ചിത്രങ്ങള്‍ പൊലീസ് വാട്‌സാപ് ഗ്രൂപ്പുകളിലും, മാധ്യമങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നല്‍കിയതുമാണു നടപടിക്കു കാരണം.

ഏലത്തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ (കൈതയില്‍) ജേക്കബ് വര്‍ഗീസ്(രാജേഷ് 40), തൊഴിലാളി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ(55) എന്നിവരെ കൊല്ലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ചയാണു പ്രതിയായ ബോബിനെ അന്വേഷണ സംഘം മധുരയിലെ തിയേറ്ററില്‍നിന്നും പിടികൂടിയത്. പ്രതിയെ പിടികൂടിയ ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൊപ്പം നിന്നു ഫോട്ടോ എടുത്തിരുന്നു. ഈ ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്യുന്നതിനു ആവശ്യമായ സമയം ലഭിക്കാതെ വന്നതായും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആലോചിക്കാതെ ചിത്രങ്ങള്‍ പുറത്തു വിട്ടെന്നതുമാണു നടപടിക്കു കാരണം.

ചിത്രങ്ങളും, കൊലയുടെ വിവരങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ജില്ലാ പൊലീസ് മേധാവി വാര്‍ത്തസമ്മേളനം അടക്കം ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു ചിത്രങ്ങള്‍ പുറത്തുവിട്ടെന്ന കണ്ടെത്തലില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button