Latest NewsKerala

അതിജീവിച്ച നാടായി കേരളം രേഖപ്പെടുത്തപ്പെടും: മുഖ്യമന്ത്രി

പ്രവാസിമലയാളി വിദ്യാർഥികൾ ചങ്ങാതിക്കുടുക്ക സഹായനിധി മുഖ്യമന്ത്രിക്കു കൈമാറി

തിരുവനന്തപുരം : വലിയൊരു ദുരന്തത്തിൽ കഷ്ടപ്പെട്ട നാടെന്ന നിലയിലല്ല, നല്ല രീതിയിൽ അതിജീവിച്ച നാടായാണ് നാളെ കേരളം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമിതിക്കായി മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ പ്രവാസിമലയാളി വിദ്യാർഥികൾ ശേഖരിച്ച ചങ്ങാതിക്കുടുക്ക സഹായനിധി മുഖ്യമന്ത്രിക്കു കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമയോടെയും ഐക്യത്തോടെയും പൂർത്തിയായ രക്ഷാപ്രവർത്തനത്തിനുശേഷം പുനർനിർമാണത്തിനു ലോകത്താകെയുള്ള മലയാളികൾ സഹായിക്കാൻ മുന്നോട്ടുവന്നു. കേരളം ലോകബന്ധമുള്ള നാടാണ്. തങ്ങൾക്കേറ്റ ആഘാതമായി എടുത്താണ് വിവിധ രാജ്യങ്ങളും ദേശങ്ങളും സഹായിക്കാനെത്തിയത്. പ്രളയത്തിന്റെ ഭാഗമായി ഏറെ ആഘാതമേറ്റത് ഇളംമനസ്സുകൾക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം എന്താണെന്ന് ധാരണയില്ലാതിരുന്ന അവരുടെ വിലപ്പെട്ട പലതും അതോടെ ഇല്ലാതാവുകയായിരുന്നു. ക്യാമ്പുകളിൽ താമസിച്ചവർ തിരിച്ചുവന്നത് ഒന്നുമില്ലാതെയാണ്. പ്രളയം ഏല്പിച്ച മാനസികാഘാതം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശ്രമം ആകാവുന്ന രീതിയിൽ നടന്നേതീരൂ. കുഞ്ഞുങ്ങളുടെ കേരളത്തോടു ചേർന്നുനിന്നുള്ള ഐക്യദാർഢ്യപ്രകടനമാണ് സഹായനിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഇത് കേരളത്തിന്റെ പുനർനിർമാണത്തിന് വലിയ കരുത്ത് പകരുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരികകാര്യ മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിച്ചു. പുനർനിർമാണത്തിനായുള്ള പ്രയത്‌നങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഘട്ടത്തിൽ വിലമതിക്കാനാവാത്തതാണ് കുട്ടികളുടെ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. റീബിൽഡ് കേരള സിഇഒ ഡോ. വി. വേണു, മജീഷ്യൻ ഗോപിനാഥ് മുതുകാട്, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ചില്ലറത്തുട്ടുകളായും വിദേശനാണ്യങ്ങളായുമൊക്കെ ഓരോ മലയാളം മിഷൻ വിദ്യാർഥിയും വീടുകളിൽ സൂക്ഷിച്ച മൺകുടുക്കകളിലും പാത്രങ്ങളിലുമൊക്കെ കഴിഞ്ഞ ഒക്ടോബർ മുതൽ ശേഖരിച്ചുവച്ച പണമാണ് ചങ്ങാതിക്കുടുക്ക നിധിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചത്. കേരളത്തിന് പുറത്ത് 10 ഇന്ത്യൻ സംസ്ഥാനങ്ങളിലും 15 വിദേശരാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന മലയാളം മിഷന്റെ 25000 ഓളം വിദ്യാർഥികളിൽ ഭൂരിപക്ഷം പേരും ചങ്ങാതിക്കുടുക്ക പദ്ധതിയിൽ പങ്കുചേർന്നിരുന്നു. ചങ്ങാതിക്കുടുക്ക സമർപ്പണത്തോടനുബന്ധിച്ചു തിരുവനന്തപുരത്ത് നടക്കുന്ന മൂന്നു ദിവസത്തെ സഹവാസ ക്യാമ്പിൽ 42 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഒൻപത് മുതൽ 14 വയസുവരെ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും മലയാളം മിഷന്റെ ഡൽഹി, മുംബൈ, ചെന്നൈ, ബംഗലൂരു, തെലങ്കാന, ഗോവ എന്നിവിടങ്ങളിലെ വിവിധ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button