Latest NewsInternational

ഗവേഷണത്തിനായി രോഗിയാക്കിയ കുരങ്ങില്‍ നിന്ന് 5 കുട്ടിക്കുരങ്ങുകളെ ക്ലോണ്‍ ചെയ്തു;ചൈന വീണ്ടും വിവാദത്തില്‍

ബെയ്ജിങ്: ജീനുകളില്‍ മാറ്റം വരുത്തി മനുഷ്യശിശുക്കളെ ജനിപ്പിച്ചതിനു പിന്നാലെ, ചൈനയില്‍ നടത്തിയ ക്ലോണിംഗ് വീണ്ടും വിവാദത്തില്‍. അല്‍സ്‌ഹൈമേഴ്‌സ്, വിഷാദരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായി 5 കുരങ്ങുകളെ ശാസ്ത്രകാരന്മാര്‍ ക്ലോണ്‍ ചെയ്തു. ജനിതകമാറ്റം വരുത്തിയ കുരങ്ങില്‍ നിന്നാണ് ഗവേഷണാവശ്യത്തിന് എന്നപേരില്‍ ഇവയെ ജനിപ്പിച്ചത്. കുട്ടിക്കുരങ്ങുകളുടെ ചിത്രവും വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഒരു ചൈനീസ് ശാസ്ത്രപ്രസിദ്ധീകരണത്തില്‍ ഇതു സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ചര്‍ച്ചാവിഷയം.

ഷാങ്ഹായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സിലായിരുന്നു പരീക്ഷണം. ജീവികളുടെ ദൈനംദിനപ്രവര്‍ത്തനത്തിനു കാരണമായ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന സര്‍ക്കേഡിയന്‍ റിഥത്തില്‍ തകരാറുള്ള കുരങ്ങില്‍ നിന്നാണു കുട്ടികളെ സൃഷ്ടിച്ചത്. വിഷാദരോഗം, നിദ്രാരോഗങ്ങള്‍, പ്രമേഹം, അല്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയവയ്ക്കു വഴിവയ്ക്കുന്ന ഈ തകരാര്‍ പരീക്ഷണത്തിന് ഇരയാക്കിയ കുരങ്ങില്‍ ജീന്‍ എഡിറ്റിങ്ങിലൂടെ വരുത്തി. ആ ജീവിയില്‍ നിന്ന് ക്ലോണിങ്ങിലൂടെ ജനിപ്പിച്ച സന്തതികളിലേക്കും രോഗങ്ങള്‍ പടരും.

പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയില്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു സംശയമൊന്നുമില്ല. ഇത്തരം അസുഖങ്ങളെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിന് പരീക്ഷണം ഉപകാരപ്രദമാകുമെന്ന് ഇവര്‍ പറയുന്നു. ഒരേ ജനിതകനിലയായതിനാല്‍ കൂടുതല്‍ കൃത്യതയോടെ ഫലവും ലഭിക്കും. നേരത്തെ എലികളിലും ഈച്ചകളിലുമൊക്കെയായിരുന്നു ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇവ മനുഷ്യരില്‍ നിന്നു ജനിതകപരമായി ഏറെ വ്യത്യസ്തമാണ്. ജീന്‍ എഡിറ്റിങ് വഴി ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെയാണു ചൈനയുടെ ജനിതകശാസ്ത്ര മേഖല കുപ്രസിദ്ധി നേടിയത്. ഈ ഗവേഷണത്തിനു നേതൃത്വം വഹിച്ച ഹീ ജാന്‍ക്വി എന്ന ശാസ്ത്രജ്ഞന്‍ വിചാരണ നേരിടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button