KeralaLatest News

പൊതുവിദ്യാഭ്യാസ സംരംക്ഷണയജ്ഞം വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റത്തിന് വഴിതെളിച്ചു: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്‌ : ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിദ്യാഭ്യാസ രംഗം വളരെ സജീവമായെന്നും, പ്രൈമറിതലംമുതല്‍ ഹയര്‍സെക്കന്‍ഡറി വരെയും ഉന്നത വിദ്യാഭ്യാസരംഗത്തുമെല്ലാ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരംക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പഠനോത്സവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ നടന്നുവരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഈ വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ഫണ്ട് ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഈ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതേസമയം എയ്ഡഡ് മേഖലയിലെ സ്‌കൂളുകളില്‍ ചലഞ്ച് ഫണ്ടെന്ന പ്രത്യേകമായ ഫണ്ട് അനുവദിക്കാന്‍ ഒരു കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് 50 ലക്ഷം മാനേജ്മെന്റ് വിനിയോഗിക്കാന്‍ തയ്യാറാണെങ്കില്‍ 50 ലക്ഷം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മലയാളത്തിളക്കം വായനാകാര്‍ഡുകളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. കുട്ടികളുടെ വായനാക്കുറിപ്പുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും കുട്ടികളുടെ മാഗസിന്‍ പ്രകാശനം സമഗ്രശിക്ഷ സ്റ്റേററ് കണ്‍സള്‍ട്ടന്റ് ഡോ. പി കെ ജയരാജും നിര്‍വഹിച്ചു. സമഗ്രശിക്ഷ കാസര്‍കോട് ഡി പി ഒ പി: പി വേണുഗോപാലന്‍ ആമുഖ അവതരണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി പുഷ്പ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ ഉണ്ണികൃഷ്ണന്‍, ഗംഗാ രാധാകൃഷ്ണന്‍, മഹമൂദ് മുറിയനാവി, സീനിയര്‍ ഡയറ്റ് ലക്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍ , എ ഇ ഒ: പി വി ജയരാജ്,ഹൊസ്ദുര്‍ഗ് ബി പി ഒ: കെ വി സുധ, എം ഇ സി സെക്രട്ടറി എന്‍ കെ ബാബുരാജ്, കമല പുതിയപുരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ സ്വാഗതവും യു ബി എം സി എ എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം ടി രാജീവന്‍ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി മികച്ച പി ടി എക്കുള്ള അവാര്‍ഡ് ഹയര്‍സെക്കന്‍ഡറി വിഭാഗം റവന്യൂ ജില്ലാതലത്തില്‍ ജി എച്ച് എസ് എസ് ചെര്‍ക്കളയ്ക്കും ജി എച്ച് എസ് എസ് ഉദിനൂറിനും ലഭിച്ചു. കാഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ജി എച്ച് എസ് എസ് ഉദിനൂര്‍, ജി എച്ച് എസ് എസ് കാലിച്ചാനടുക്കവും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ജി എച്ച് എസ് എസ് ചെര്‍ക്കളയ്ക്കും ലഭിച്ചു. പ്രൈമിറ തലത്തില്‍ റവന്യൂ വിഭാഗത്തില്‍ ഐ ഐ എ എല്‍ പി എസ് ചന്ദേരയ്ക്കും ലഭിച്ചു.

എന്താണ് പഠനോത്സവം പദ്ധതി?

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷത്തെ മികവിന്റെ വര്‍ഷമായി പരിഗണിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പഠനോത്സവം. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ പഠന മികവുകള്‍ പൊതു സമൂഹവുമായി പങ്കുവയ്ക്കപ്പെടും. ഈ ജനുവരി മുതല്‍ മെയ് മാസം വരെയുള്ള അഞ്ചുമാസം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടമായി ജനുവരി 26ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ആരംഭം കുറിച്ച് രണ്ടാഴ്ചക്കാലമാണ് പഠനോത്സവം സ്‌കൂളുകളില്‍ സംഘടിപ്പിക്കുക. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഭാഷ,ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, എന്നീ വിഷയങ്ങളിലെ പഠനമികവ് പൊതുസമൂഹവുമായി പങ്കുവയ്ക്കപ്പെടും. ഇതിനായി ക്ലാസ് തല പഠനോത്സവും വിഷയകോര്‍ണറുകളും സ്‌കൂള്‍തല പ്രദര്‍ശനവും ഓരോ വിദ്യാലയത്തിലും സംഘടിപ്പിക്കും. ഇങ്ങനെ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള സംവേദനാത്മക ഇടങ്ങളായി മാറും. കുട്ടികള്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ സംശയങ്ങള്‍ ചോദിക്കാനും ഇതുവഴി കുട്ടികളുടെ മികവിനെ വിലയിരുത്താനും അംഗീകരിക്കാനും അവസരം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button