Latest NewsKerala

പഞ്ചായത്ത് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

മുളന്തുരുത്തി: സേവനങ്ങളെല്ലാം മൊബൈൽ ആപ്പിലൂടെ ജനങ്ങളിലെത്തിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലൂടെ ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും അറിയിപ്പുകളും മറ്റു സേവനങ്ങളുമെല്ലാം ഇനി ഈ ആപ്പിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. മുളന്തുരുത്തി പഞ്ചായത്ത് എന്ന പേരിലാണ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത് .സ്മാർട്ട് പഞ്ചായത്ത് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനവും തുരുത്തിക്കര ആയുർവേദ ആശുപത്രി ഐ.എസ്.ഒ പ്രഖ്യാപനവും ഡെപ്യൂട്ടി കളക്ടർ കെ. ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു. തദ്ദേശസ്ഥാപനങ്ങൾ സാങ്കേതികവിദ്യകൾ സമൂഹത്തിന് ഉപകാരപ്രദമായി വിനിയോഗിക്കുന്നത് നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനമാണ് മുളന്തുരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ പഞ്ചായത്ത് ആപ്ലിക്കേഷൻ കാലത്തിനൊത്ത പരിഷ്കരണമാണെന്ന് പറഞ്ഞു .ചടങ്ങിൽ അധ്യക്ഷത വഹിച്ച മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെഞ്ചി കുര്യൻ കൊള്ളിനാൽ രണ്ടുവർഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് മൊബൈൽ ആപ്ലിക്കേഷൻ യാഥാർഥ്യമായതെന്നു പറഞ്ഞു. ഗ്രാമപഞ്ചായത്തിന് പുറമേ സംസ്ഥാന – കേന്ദ്ര ഗവൺമെന്റുകളുടെ സേവനങ്ങളും എം.എൽ.എമാർ എം.പിമാർ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളും അറിയിപ്പുകളും മൊബൈൽ ആപ്പിലൂടെ ലഭ്യമാകുമെന്ന് പറഞ്ഞു. നികുതിയടക്കം പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മൊബൈൽ ആപ്പിലൂടെ സാധിക്കും. സ്മാർട്ട് ഫോണുകൾ സർവ്വസാധാരണമായ കാലത്ത് പദ്ധതി ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും . ഇത്തരമൊരു പദ്ധതിയുടെ കേന്ദ്രബിന്ദു ജില്ലാ കലക്ടർ മുഹമ്മദ് വൈ. സഫീറുള്ള ആണെന്നും അദ്ദേഹം പറഞ്ഞു.

മുളന്തുരുത്തി പഞ്ചായത്ത് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തു ഉപയോഗിച്ചാൽ പഞ്ചായത്തിന് കീഴിലുള്ള ഓട്ടോ ടാക്സി തൊഴിലാളികൾ , രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രീഷ്യൻ , പ്ലംബർ തുടങ്ങിയ മറ്റ് തൊഴിലാളികളുടെയും വിവരങ്ങൾ ലഭിക്കും. ലേബർ ബാങ്കിന് പുറമേ ബ്ലഡ് ബാങ്ക് സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട് . പഞ്ചായത്ത് പരിധിയിലുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയാണ് ആപ്ലിക്കേഷൻ ഒരുക്കിയത് .

ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ആയുർവേദ ഡിസ്പെൻസറിയായി മാറാൻ തുരുത്തിക്കര ആയുർവേദ ആശുപത്രിക്ക് സാധിച്ചത് അഭിമാനകരമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇതിനുപിന്നിൽ മെഡിക്കൽ ഓഫീസർ ഡോ. ജി. ഉമയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ നിസ്വാർത്ഥസേവനം ഉണ്ട്. ഡിസ്പെൻസറിക്ക് മുൻകാലങ്ങളിൽ മരുന്നിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ അത് ഏഴ് ലക്ഷം രൂപയായി ഉയർത്തി. ആശുപത്രിയെ കൂടുതൽപേർ ആശ്രയിക്കുന്നു എന്നതിനു തെളിവാണ് ഇത്.

ചടങ്ങിൽ ആയുർവേദ ഡി.എം.ഒ ആർ. ഉഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ധർമ്മരാജൻ, പഞ്ചായത്ത് അംഗങ്ങളായ ജോർജ്ജ് മാണി, ശാന്ത മോഹനൻ, ഷൈനി സജി, മരിയൻ വർഗീസ്, ബിനോയ് ഹരിദാസ്, ലീല ജോയി മങ്കിടിയിൽ, രതീഷ് കെ ദിവാകരൻ, ഒ. എ. മണി, ഷീജ സുബി, വി.കെ വേണു, നിജി ബിജു, ഷിബി തങ്കച്ചൻ, സാനി ജോർജ്, ജെയിംസ് താഴൂരത്ത്, പഞ്ചായത്ത് സെക്രട്ടറി സി.എസ് ശോശാമ്മ , ഡോ. ഉമ ജി. തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button