Latest NewsArticleKerala

പട്ടിണി കണക്കുകള്‍ക്കിടയില്‍ കോടികള്‍ വാരിയെറിഞ്ഞ് പിണറായി സര്‍ക്കാര്‍

അഴിമതി ആരോപണങ്ങള്‍ നിറഞ്ഞു നിന്ന അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അറുതി വരുത്തിയാണ് കേരള ജനത ഇടതു സര്‍ക്കാരിന് അധികാരം കൈമാറിയത്. 17 വര്‍ഷത്തെ സംഘടനാ ജീവിത്തില്‍ നിന്ന് പാര്‍ലമെന്ററി രംഗത്തേക്ക് ചുവടുമാറ്റിയപ്പോള്‍ തന്നെ മുഖ്യമന്ത്രി കസേരയില്‍ പിണറായിക്കായിരുന്നു രാഷ്ട്രീയ കേരളം കൂടുതല്‍ സാധ്യത കല്പ്പിച്ചത്. നാലുപാടുനിന്നും വെല്ലുവിളിയുണ്ടായപ്പോഴും സധൈര്യം അതെല്ലാം മറികടന്ന് പാര്‍ട്ടിയെ സംരക്ഷിച്ച പിണറായില്‍ മികച്ച ഭരണാധികാരിയെ തന്നെ കേരളം സ്വപ്നം കണ്ടു. സുഖസ്വസ്ഥമായി നാട് ഭരിക്കാനാകുന്ന എല്ലാ സാഹചര്യങ്ങളും കൈവന്ന പിണറായി പക്ഷെ വിവാദങ്ങള്‍ സ്വയം ക്ഷണിച്ചു വരുത്തുന്നതിനായിരുന്നു പിന്നീട് കേരളം സാക്ഷിയായത്.

കടക്കെണിയില്‍ പൊട്ടുന്നത് ഒമ്പതര കോടി

ആയിര നാളുകളാകുന്നു പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട്. ഭരണ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ വിവാദങ്ങളുടെ നീണ്ട പട്ടികയായിരിക്കും പിണറായിയുടെ ആയിരം ദിനാഘോഷത്തില്‍ മുങ്ങുന്നത്. ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന പണത്തിന്റെ കണക്കാണ് ഇതില്‍ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത്.
പ്രളയജലത്തില്‍ മുങ്ങി കുതിര്‍ന്നുപോയ കേരളത്തിനെ വീണ്ടെടുക്കാന്‍ ഫണ്ട് തികയുന്നില്ലെന്ന് ആവലാതിപ്പെടുമ്പോള്‍ ആയിരം ദിനാഘോഷത്തിന്റെ പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഒമ്പതര കോടി രൂപ.

50 സ്ഥലങ്ങളില്‍ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി. മാധ്യമ കോണ്‍ക്ലേവ്, സെമിനാറുകള്‍, പുതിയ ആയിരം പദ്ധതികളുടെ ഉദ്ഘാടനം എല്ലാം കൂടി ചേര്‍ത്താണ് ആകെ ഒന്‍പതര കോടി രൂപ പരിപാടികളുടെ ചെലവിനായി മാറ്റി വച്ചിരിക്കുന്നത്. പൊതുഭരണവകുപ്പാണ് പണം അനുവദിച്ച് ഉത്തരവിറക്കിയത്. ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിപാടികളുടെ ഏകീകരണം നടക്കുന്നത്. ഫെബ്രുവരി 20ന് കോഴിക്കോട് ഉദ്ഘാടനവും 27ന് തിരുവനന്തപുരത്ത് സമാപനവുമാണ്. എല്ലാ ജില്ലാകളിലും പ്രചാരണപരിപാടികളുടെ ചുമതല മന്ത്രിമാര്‍ക്കാണ്. ജില്ലകള്‍ തോറും സര്‍ക്കാറിന്റെ നേട്ടങ്ങളെ കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ക്ക് ആകെ നാലുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ആഡംബരങ്ങളുടെ ആയിരംദിനങ്ങള്‍

ചുരുക്കത്തില്‍ കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്തെന്ന ചൊല്ല് അന്വര്‍ത്ഥമാക്കാനൊരുങ്ങുകയാണ് പിണറായി നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍. പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും നിര്ബന്ധിച്ചും തരമാക്കിയ തുക ഏത് വഴിക്കാകും ചെലവഴിക്കപ്പെടുന്നതെന്ന് ഒരു ധാരണയുമില്ലെന്ന് ഒരു മാസത്തെ മുഴുവന്‍ തുകയും മുന്‍കൂര്‍ നല്‍കിയ ചില ഉദ്യോഗസ്ഥര്‍ തന്നെ മൂക്കത്ത് വിരള്‍ വച്ച് പറയുന്നുണ്ട്. വനിതാ ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടി ചെലവഴിച്ച കോടികളുടൈ കണക്ക് വേറെയുണ്ട്. ഖജനാവില്‍ ഒന്നും ബാക്കിയില്ലെന്ന പരാതിയുമായാണ് അധികാരത്തിലെത്തിയതെങ്കിലും ആഡംബരത്തിന് ഒരു കുറവും വരുത്താന്‍ ഇടത് മന്ത്രിമാര്‍ തയ്യാറായിരുന്നില്ല.

നിലവിലുള്ള വാഹനങ്ങള്‍ പോരാഞ്ഞ് അധികാരത്തിലേറിയ ഉടനെ കോടികള്‍ വാരിയെറിഞ്ഞ് മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വിദേശ കാറുകളുള്‍പ്പെടെ പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടി. ഒരു കുഴപ്പവുമില്ലാത്ത മന്ത്രി മന്ദിരങ്ങള്‍ക്ക് പ്രൗഡി കൂട്ടാനായി ചെലവഴിച്ചത് 83 ലക്ഷം രൂപ. ഇതിനിടെ പനി വന്നാല്‍ പോലും എംഎല്‍എമാര്‍ നല്‍കുന്ന ബില്‍ വേറെ. ഏഴ് എം എല്‍ എമാരുടെ ഒന്നര വര്‍ഷത്തെ ചികിത്സാ ചെലവ് 68 ലക്ഷം രൂപ വരുമെന്നാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ കണ്ടെത്തിയത്. സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണട വാങ്ങിയ ബില്‍ പരസ്യമാക്കപ്പെട്ടത് വേറെ. മുഖ്യമന്ത്രി കൂടെക്കൂടെ അമേരിക്കയില്‍ നടത്തുന്ന ചികിതസ്യുടെ ഭീമന്‍ ബില്‍ വേറെ. ഇതൊന്നും പോരാഞ്ഞ് എം എല്‍ എമാരുടെയും മന്ത്രിമാരുടെയും വേതനവും ആനുകൂല്യങ്ങളും കുത്തനെ കൂട്ടി. മന്ത്രിമാരുടെ ശമ്പളം 55,000 രൂപയില്‍ നിന്ന് 90,000 രൂപയായും എം എല്‍ എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായുമായാണ് ഉയര്‍ത്തി. അങ്ങനെ കോടികള്‍ ചെലവഴിച്ച് അധികാരികളുടെ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും ഉറപ്പ് വരുത്തി.

പരസ്യത്തിനായി 50 കോടി

പരസ്യങ്ങള്‍ക്കായി പണം വാരിയെറിയാനും അധികാരത്തിലെത്തിയ വിപ്ലവപാര്‍ട്ടിയ്ക്ക് ഒട്ടം മടിയുണ്ടായിരുന്നില്ല. 50 കോടി രൂപയാണ് ഇതിനായി പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്. പിആര്‍ഡി വഴി നല്‍കിയ പരസ്യത്തിനായാണ് ഈ വന്‍തുക ചെലവഴിച്ചത്. ഇത് കൂടാതെ സ്വകാര്യ ഏജന്‍സികള്‍ക്കും കിട്ടി സര്‍ക്കാര്‍ വക പരസ്യയിനത്തില്‍ നല്ലൊരു തുക. രണ്ട് കോടി രൂപയോളമാണ് സ്വകാര്യഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. പത്ര ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ വഴിയായിരുന്നു വിവിധ വകുപ്പുകളുടെ പരസ്യപ്രകടനങ്ങള്‍. പിആര്‍ഡിക്ക് പുറമേ 14 സ്വകാര്യഏജന്‍സികളാണ് സര്‍ക്കാരിന്‌റെ പരസ്യപ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനം കടക്കെണിയിലാണെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണമില്ലെന്നും ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്ന സര്‍ക്കാരാണ് ഇപ്പോള്‍ മറ്റൊരു ധൂര്‍ത്തിനായി കോടികള്‍ എറിയുന്നത്.

ഉപദേശിക്കാനാരുമില്ലാതെ പിണറായി

ലക്ഷങ്ങള്‍ നല്‍കി തനിക്ക് േേവണ്ട വിധത്തില്‍ ഉപദേശം നല്‍കാനായി ഉപദേശകരെ നിരത്തി നിയമിച്ചെങ്കിലും വേണ്ടുന്ന ഉപദേശങ്ങളെന്തെങ്കിലും അവര്‍ നല്‍കിയതായി ജനങ്ങള്‍ക്ക് തോന്നുന്നില്ല. അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ ഇതൊക്കെ മനസിലാകുമെങ്കിലും ഞങ്ങളാരും അരിയാഹാരം കഴിക്കുന്നവരല്ലെന്നും ഈ നാട്ടുകരല്ലെന്നുമുള്ള മനോഭാവത്തില്‍ സര്‍ക്കാരിന് കൊടി പിടിക്കുകയാണ് ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കാനും പ്രതിഷേധിക്കാനും മടിയില്ലാത്ത പ്രതികരണത്തൊഴിലാളികളായ പുരോഗമനവാദികളും മനുഷ്യസ്‌നേഹികളും സാംസ്‌കാരിക നായകരും. ഒരു വിപ്ലവപാര്‍ട്ടികളുടെ എല്ലാ കാപട്യങ്ങളും മറയില്ലാതെ പുറത്തുവരുമ്പോഴും കയ്യടിച്ച് സ്തുതിപാടി ഒപ്പം കൂടുന്നവരോട് എന്തുപറയാന്‍. അവരെ എന്തുപേരിട്ട് വിളിക്കാന്‍..ആയിരം ദിനാഘോഷമല്ല ഇത് ആയിരം നുണകളുടെ വിജയാഘോഷമാണെന്ന് ആര്‍ക്കാണ് സര്‍ക്കാരേ അറിയാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button