KeralaLatest News

154 -ാം രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്; വീണ്ടും വിമര്‍ശനം

വാവ സുരേഷിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ നല്‍കിയ ശശി തരൂര്‍ എംപിയെയും അശാസ്ത്രീയ പാമ്പുപിടിത്തത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയ ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന് മറുപടിയുമായി വാവ സുരേഷ്. വിമര്‍ശനങ്ങളെ വകവെയ്ക്കുന്നില്ലെന്നും സ്വന്തം കുടുംബത്തെ നോക്കാതെ, പേരെടുക്കാനുള്ള ശ്രമമാണ് ഡോക്ടര്‍ നടത്തുന്നതെന്നും വാവ് സുരേഷ് പുതിയ വിഡിയോയില്‍ പറയുന്നു. 154-ാം രാജവെമ്പാലയെ പിടികൂടുന്ന വീഡിയോയിലാണ് മറുപടിയുമായി വാവ സുരേഷ് എത്തിയത്.

വീഡിയോക്ക് പിന്നാലെ സുരേഷിന്റെ പാമ്പുപിടിത്തത്തിലെ അശാസ്ത്രീയവശങ്ങളും തെറ്റുകളും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നെല്‍സണ്‍. ജീവന്‍ പണയം വെച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണെന്ന് നെല്‍സണ്‍ പറയുന്നു.
പാമ്പിനെ പിടിക്കാനാവശ്യമില്ലാത്ത സജ്ജീകരണങ്ങളില്ലാതെ സ്ഥലത്തേക്ക് പോകുക, അശ്രദ്ധ, പാമ്പിനെ പ്രദര്‍ശിപ്പിക്കുക, പാമ്പിനെ കയ്യിലെടുത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുക തുടങ്ങിയ തെറ്റുകളെ വിദഗ്ധ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നെല്‍സണ്‍ വിമര്‍ശിക്കുന്നത്.

വാവ സുരേഷ് പങ്കുവെച്ച വീഡിയോ

https://www.facebook.com/IAmVavaSuresh/videos/1952312945078000/

 

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുരേഷ് പാമ്പിനെയും പിടിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രസംഗത്തിന്റെ ലൈവ് വീഡിയോ ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന് കാണാനിടയായി.

ജോലിയൊന്നുമില്ലാത്ത, കുടുംബം നോക്കാനറിയാത്ത, നാട്ടുകാര്‍ക്ക് ഉപകാരമില്ലാത്ത, പ്രശസ്തനാകാന്‍ വിമര്‍ശിക്കുന്ന ഒരു ഡോക്ടറെക്കുറിച്ചും പ്രസംഗിക്കുന്നുണ്ട്

പ്രസ്തുത വീഡിയോയില്‍ തികച്ചും തെറ്റായ രീതിയിലുള്ള ഒരു പാമ്പു പിടിത്തമുണ്ട്. അതിലെ തെറ്റുകളാണ് ഈ പോസ്റ്റിന്റെ പരാമര്‍ശവിഷയം. ജീവന്‍ പണയം വച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണ്.

1. പാമ്പിനെ പിടിക്കാനാവശ്യമായ സജ്ജീകരണങ്ങളില്ലാതെ സ്ഥലത്തേക്ക് പോവുക.സ്‌നേക് ഹുക്കടക്കമുള്ള വസ്തുക്കളെക്കുറിച്ച് യൂട്യൂബ് വീഡിയോ (ലിങ്ക് ആദ്യ കമന്റില്‍) നല്‍കിയിട്ടുണ്ട്.

2. കൈകൊണ്ടും കാലുകൊണ്ടും ഇളക്കി പാമ്പിരിക്കുന്ന സ്ഥലം കണ്ടെത്തുക – കടി കിട്ടാന്‍ സാദ്ധ്യത ഏറെയാണ്. ഫേസ്ബുക് ലൈവില്‍ പാമ്പ് ഉയര്‍ന്ന് നിന്ന് ചീറ്റുന്നത് കാണാം.- സ്‌നേക് ഹുക്കാണ് ഉപയോഗിക്കേണ്ടത്

3. അശ്രദ്ധ – ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, വീഡിയോയ്ക്ക് കമന്ററി നല്‍കല്‍ എന്നിവ ശ്രദ്ധ നഷ്ടപ്പെടാന്‍ കാരണമാണ്.

4. പാമ്പിനെ ഇടേണ്ട ബാഗ് തയ്യാറാക്കാതെ വാലില്‍ പിടിച്ച് എടുക്കാന്‍ പോവുന്നത്. പിടിക്കേണ്ട രീതിയും ബാഗ് എങ്ങനെയാണ് മാളമാണെന്ന് തോന്നുന്ന രീതിയില്‍ സെറ്റ് ചെയ്യേണ്ടതെന്നും വീഡിയോയിലുണ്ട്.

ഏറ്റവും കുറച്ച് സ്പര്‍ശിക്കുക. എപ്പോഴും സ്‌നേക് ഹുക് ഉപയോഗിക്കുക എന്നതാണ് ശരിയായ രീതി.

5. പാമ്പിനെ പ്രദര്‍ശിപ്പിക്കരുത്. (യൂട്യൂബ് വീഡിയോയുടെ മൂന്ന് മിനിറ്റ് അന്‍പത് സെക്കന്‍ഡില്‍ നിങ്ങള്‍ക്ക് ഫേസ്ബുക് ലൈവ് ചെയ്ത വ്യക്തിയെയും അയാളുടെ രീതി അപകടകരമാണെന്ന് പറഞ്ഞിരിക്കുന്നതും കാണാം)

6. പാമ്പിനെ കയ്യിലെടുത്ത് അശ്രദ്ധമായി സംസാരിക്കരുത് – പലതവണ പാമ്പ് കൊത്താനായുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചുറ്റും കൂടിനില്‍ക്കുന്ന ജനങ്ങളില്‍ ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ പാമ്പിനെ പിടിക്കുന്നവര്‍ക്കോ അപകടമുണ്ടാവാം.

പാമ്പുകടിക്കുന്നത് ഒരു മെഡിക്കല്‍ എമര്‍ജന്‍സി ആണ്. ആശുപത്രിയിലെത്തിച്ച് വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

7. കയ്യിലെടുത്തുപിടിച്ച് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുപോവുകയല്ല ചെയ്യേണ്ടത്. ബാഗിലാക്കി സ്‌നേക് ഹുക്കില്‍ ബാഗ് വച്ച് കൊണ്ടുപോവേണ്ട രീതി ആദ്യ കമന്റിലെ വീഡിയോ കണ്ട് മനസിലാക്കുക. അതിനു ശേഷമാണ് ചുറ്റുമുളള ആളുകളോട് സംസാരിക്കേണ്ടത്.

പാമ്പുകളെ സ്വതന്ത്രമാക്കി അവയുടെ ആവാസവ്യവസ്ഥിതിയിലേക്ക് തിരിച്ച് വിടുന്നതും ഡോക്യുമെന്റ് ചെയ്തിരിക്കണം. (നൂറും ഇരുന്നൂറുമൊക്കെ പിടിച്ചവരുടെ കയ്യില്‍ അവയെ സുരക്ഷിതമായും സ്വതന്ത്രമായും വിട്ടതിനുള്ള തെളിവുകളും ഉണ്ടാവുമെന്ന് കരുതുന്നു)

പാമ്പുകളെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത് ഒരു അപകടമോ ആകസ്മികതയോ അല്ല. ജോലി ശരിയായ രീതിയിലല്ല ചെയ്യുന്നതെന്നതിനുളള തെളിവ് മാത്രമാണ്. മുന്നൂറ് കടികള്‍ അപകടം വിളിച്ചുവരുത്തുകയാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റുകളും

വാക്കുകള്‍ എന്റേതല്ല. റോമുലസ് വിറ്റേക്കര്‍ പറഞ്ഞത് അതേപോലെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ്. പാമ്പിനെ രക്ഷിക്കുന്നത് ഒരു മീഡിയ ഇവന്റല്ല എന്ന് പ്രത്യേകം റോമുലസ് പറയുന്നുണ്ട്. അപ്പൊ കാണിക്കുന്ന ചിത്രം ആരുടേതാണെന്നുമൊന്ന് കണ്ടുവയ്ക്കുന്നത് നന്നായിരിക്കും.

ഇനി റോമുലസ് വിറ്റേക്കര്‍ ആരാണെന്ന് ചോദിച്ചുവരുന്നവരോട്, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഹെര്‍പറ്റോളജിസ്റ്റ് (ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്നയാള്‍). വന്യജീവി സംരക്ഷകന്‍. മദ്രാസ് സ്‌നേക് പാര്‍ക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്‍വയോണ്മെന്റ് ട്രസ്റ്റ്, മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് എന്നിവയുടെ സ്ഥാപകന്‍. ഇന്ത്യയിലെ വന്യജീവി സംരക്ഷണത്തിന് ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡായ ‘ പദ്മശ്രീ ‘ 2018ല്‍ വിറ്റേക്കര്‍ക്കായിരുന്നു.

പ്രസ്തുത ഫേസ്ബുക് ലൈവിലെ വ്യക്തിപരമായ ആക്രമണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. എന്റെ ജോലികളെയോ കുടുംബത്തെയോ കുറിച്ച് അറിയാത്ത ഒരാള്‍ ഉന്നയിക്കുന്ന ആരോപണത്തിന്റെ വില അത്രയേ ഉള്ളൂ

ആരോഗ്യബോധവല്‍ക്കരണം ചികില്‍സ പോലെതന്നെ ഒരു ഡോക്ടറുടെ കടമയാണ്. പ്രിവന്‍ഷന്‍ ഈസ് ബെറ്റര്‍ ദാന്‍ ക്യൂര്‍ എന്ന് പറഞ്ഞാല്‍ മാത്രം പോരല്ലോ.

പാമ്പിനെ പിടിക്കരുതെന്നല്ല, സുരക്ഷയ്ക്ക് മുന്‍ തൂക്കം നല്‍കണമെന്നാണ് പറയുന്നതും.ഇത് അയാള്‍ക്കുകൂടി അപകടമുണ്ടാവാതിരിക്കാനാണ്.

പാഞ്ഞുവരുന്ന ട്രെയിനു മുന്നില്‍ റെയില്‍ പാളത്തില്‍ നിന്ന് ഡാന്‍സ് കളിക്കുന്നയാളോട് അരുതെന്ന് പറയുമ്പൊ ‘ കലാകാരനെ ഉപദ്രവിക്കരുതേ ‘ എന്ന് കരയുന്നവരോട് സഹതാപം മാത്രം

(ഒരു വിഷയത്തില്‍ സ്ഥിരമായി പോസ്റ്റുകളിടാന്‍ എം.ആര്‍ വാക്‌സിനോ നിപ്പയോ പ്രളയമോ പോലുള്ള പ്രാധാന്യം ഇതിനില്ല എന്നതുകൊണ്ട് ഈ വിഷയം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു)

https://www.youtube.com/watch?time_continue=1&v=scDGVAFVk4c

shortlink

Related Articles

Post Your Comments

Related Articles


Back to top button