NewsIndia

സാമൂഹ്യപ്രവര്‍ത്തകരെ അടിച്ചമര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

 

2018 മാര്‍ച്ച് 13ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാന നിയമസഭയില്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രസ്ഥാവന നടത്തി. ഭീമകൊറേഗാവ് സംഭവത്തിന് ശേഷം ഉണ്ടായ രാഷ്ട്രീയ സ്വഭാവമുള്ള എല്ലാ കേസുകളും പിന്‍വലിച്ചു എന്നതായിരുന്നു അത്. മാസങ്ങള്‍ക്ക് ശേഷം നവംബറില്‍ അദ്ദേഹം വീണ്ടുമൊരു പ്രസ്താവന നടത്തി. ആകെയുള്ള 655 കേസുകളില്‍ 592 എണ്ണവും പിന്‍വലിക്കുന്നു എന്നതായിരുന്നു രണ്ടാമത്തെ പ്രസ്താവന. അതായത്, ആകെ പിന്‍വലിക്കുന്ന കേസുകളുടെ എണ്ണം 90 ശതമാനമാക്കി എന്ന് ചുരുക്കം.

എന്നാല്‍, 2019 ജനുവരി ആയപ്പോഴേയ്ക്കും ഈ പ്രസ്താവനകള്‍ക്കെല്ലാം ഘടക വിരുദ്ധമായി മഹാരാഷ്ട്ര പൊലീസ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വ്യാപകമായി അറസ്റ്റു ചെയ്യുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാതി സമ്പ്രദായത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വ്യാപകമായി ഉന്നം വച്ചുള്ളതാണ് നിലവിലത്തെ പൊലീസ് പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ് നീക്കങ്ങള്‍ എന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള ഈ നടപടികളെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പൂനെ, ഔറംഗബാദ്, മുംബൈ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം ആക്ടിവിസ്റ്റുകള്‍ക്കാണ് കഴിഞ്ഞയാഴ്ച വിവിധ കേസുകളുടെ ഭാഗമായി പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട കോടതികളിലും ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമന്‍സ് ലഭിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ബിഎസ്പി, ഭാരിപ് ബഹുജന്‍ മഹാസംഘ്, ബിആര്‍എസ്പി എന്നീ പാര്‍ട്ടി പ്രവര്‍ത്തകരാണ് നിയമനടപടി നേരിടുന്ന ഭൂരിപക്ഷം ആളുകളും എന്നതാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്.

ഭീമ കൊറെഗാവിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. കഴിഞ്ഞ ഒക്ടോബര്‍ 23ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അംബേദ്ക്കര്‍ പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പരിശോധിക്കുന്നതിനായി ഒരു കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.

കേസുകളുടെ തുടര്‍ അന്വേഷണത്തിനായി മൂന്ന് മാനദണ്ഡങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരാള്‍ക്കെതിരെ മനപ്പൂര്‍വ്വം ആക്രമണം നടത്തുക, 10 ലക്ഷത്തിന് മുകളില്‍ പൊതു സ്വത്തിന് നാശം ഉണ്ടാക്കിയ ആക്രമണങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പരിശോധിക്കാതെയാണ് നിലവില്‍ വിവിധ കേസുകളില്‍ തുടരന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടം കൂടി നിന്നതിനും പ്രതിഷേധം രേഖപ്പെടുത്തിയതിനും അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പലര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button