ArticleLatest News

രാഹുലിനാകുമോ വനിതാസംവരണ ബില്‍ പാസ്സാക്കാന്‍

 

കോണ്‍ഗ്രസ് അധ്യക്ഷപദവിയലെത്തുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണമെന്ന് അഭിപ്രായം കൃത്യമായി വ്യക്തമാക്കിയ വ്യക്തിയാണ് രുഹുല്‍ ഗാന്ധി. യുവാക്കളുടെ കാര്യത്തില്‍ ഏറെക്കൂറെ അദ്ദേഹത്തിനത് നടപ്പിലാക്കാനും കഴിഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാസംവരണ ബില്‍ പാസ്സാക്കുമെന്നാണ് രാഹുല്‍ നല്‍കുന്ന വാഗ്ദാനം. കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും നിയമനിര്‍മ്മാണസഭകളിലേക്കും കൂടുതല്‍ യുവാക്കളും സ്ത്രീകളും വരണമെന്ന വികാരം കേരളത്തിലെ ഒരു പ്രവര്‍ത്തകന്‍ പങ്കുവയ്ക്കുകയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെത്തിയ രാഹുല്‍ രാജ്യശ്രദ്ധ നേടിയ പ്രസ്താവന നടത്തിയത്.

2019 ല്‍ നമ്മള്‍ അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്ല് പാസാക്കുമെന്ന് താന്‍ ഉറപ്പ് തരുന്നെന്നും ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം ലഭിക്കുമെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്. അധികാരസ്ഥാനങ്ങളില്‍ സ്ത്രീകളുണ്ടാവണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നെന്നും കേരളത്തില്‍ അതിന് പ്രാപ്തിയുള്ള നേതാക്കളുണ്ടെന്നും ഓര്‍മ്മിപ്പിച്ച രാഹുല്‍ തന്റെ വേദിയില്‍ കുറേകൂടി സ്ത്രീകള്‍ വേണമായിരുന്നു എന്ന അഭിപ്രായവും മുന്നോട്ട് വച്ചു. എന്തായാലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍ദേശത്തെ പിന്‍താങ്ങി രാഹുല്‍ നടത്തിയ പ്രസ്താവന ഏറെ ഗൗരവമായി കണക്കിലെടുക്കണം. കാലങ്ങളായി ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനമാണ് വനിതാസംവരണ ബില്‍ പാസ്സാക്കും എന്നത്. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അത് സാധ്യമാകുന്നില്ല എന്നതാണ് വാസ്തവം.

സ്ത്രീപ്രാതിനിധ്യത്തില്‍ ഇന്ത്യ പിന്നില്‍

ലോകമെമ്പാടുമുള്ള നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീപ്രാതിനിധ്യം പ്രതിവര്‍ഷം കാര്യമായി വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയില്‍ 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ 12.15 ശതമാനം മാത്രമാണ് ലോക്‌സഭയിലെ വനിതാപ്രാതിനിധ്യം. ആകെ 66 എംപിമാര്‍. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് വനിതാപ്രാതിനിധ്യം ആദ്യമായി പത്ത് ശതമാനം കടന്നത്. സ്ത്രീവിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ കണക്കുകള്‍ കേട്ടാല്‍ അവിശ്വസനീയമാണ്. കേരളത്തില്‍ നിന്ന് ഒരു സ്ത്രീ പോലും 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെത്തിയിരുന്നില്ല. 20 മണ്ഡലങ്ങളില്‍ 15 ലും വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നു. പക്ഷേ ആര്‍ക്കും ജയിക്കാന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവരുടെ വ്യക്തിസ്വാധീനവും നല്‍കിയ മണ്ഡലവും പരാജയകാരണങ്ങളില്‍ തള്ളിക്കളയാനാകുന്നവയല്ല. രാജ്യസഭയിലേക്ക് ഡോ, ടി.എന്‍ സീമയെത്തിയതിനാല്‍ ് കേരളത്തില്‍ സ്ത്രീകളുമുണ്ടെന്ന് തെളിയിക്കാനായി. 2014 ല്‍ കണ്ണൂരില്‍ നിന്ന് പികെ ശ്രീമതി മാത്രമാണ് വനിതാഎംപിയായി ലോക്‌സഭയിലെത്തിയത്.

പതിനെഞ്ചില്‍ പോലുമെത്താതെ കേരളം

സംസ്ഥാനത്ത് നിന്ന് നാളിത് വരെ ലോക്‌സഭയിലെത്തിയത് പതിനഞ്ചില്‍ താഴെ സ്ത്രീകള്‍ മാത്രമാണ്. ഈ കണക്കുകള്‍ കാണുമ്പോഴാണ് വനിതാസംവരണ ബില്ലിന്റെ പ്രസക്തി മനസ്സിലാകുന്നത്. സംവരണത്തില്‍ സംവരണമെന്ന ആശയമാണ് വനിതാ സംവരണ ബില്ലിന് വിനയാകുന്നത്. 33 ശതമാനം സംവരണത്തില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപസംവരണം നല്‍കണമെന്ന വാദവും വനിതാസംവരണബില്ലില്‍ വിവിധ രാഷ്്ട്രീയപാര്‍ട്ടികളെ സമവായത്തിലെത്തുന്നതില്‍ നിന്ന് അകറ്റുന്നു. കഴിവിന് സംവരണം വേണ്ടെന്ന വാദമാണ് പലരും ഉന്നയിക്കുന്നത്. സംവരണ ബില്ലിന്റെ ഭാവിയില്‍ തീരുമാനയില്ലെങ്കിലും മക്കള്‍ രാഷ്ട്രീയത്തിന്റെ വേറിട്ട വഴിയില്‍ പെണ്‍മുഖങ്ങള്‍ കടന്നുവരുന്നുണ്ട്. കേന്ദ്രകൃഷിമന്ത്രി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, അന്തരിച്ച അര്‍ജ്ജുന്‍ സിംഗിന്റെ മകള്‍ വീണ സിംഗ്, മുന്‍ലോക്‌സഭാ സ്പീക്കര്‍ പിഎ സാംഗ്മയുടെ മകള്‍ അഗത സാംഗ്മ തുടങ്ങി ഒട്ടേറെപ്പേര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയരായവരാണ്.

സ്ത്രീ ഭരിച്ചാല്‍ സ്ത്രീ സുരക്ഷയാകുമോ

അധികാരക്കസേരകളില്‍ വനിതകള്‍ എത്തിയപ്പോള്‍ രാജ്യത്താകമാനമുള്ള സ്ത്രീകളുടെ അവസ്ഥക്ക് എന്ത് മാറ്റം വന്നു എന്നതും ആലോചിക്കണം. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമം രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ് ദല്‍ഹിയും ഉത്തര്‍പ്രദേശും പശ്ചിമബംഗാളും. ഇന്ത്യന്‍ രാഷ്ട്രിീയത്തിലെ ഏറ്റവും കരുത്തയെന്ന് അമേരിക്ക പോലും വിശേഷിപ്പിച്ച മമതയാണ് പശ്ചിമബംഗാള്‍ അടക്കി ഭരിക്കുന്നത്. ദേശീയരാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായ മായാവതി ഉത്തര്‍പ്രദേശിലുണ്ട്. സ്ത്രീകള്‍ക്കെതിരെ അതിക്രമം ഏറെ രൂക്ഷമാകുന്ന തലസ്ഥാനനഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരകസേരയിലുണ്ടായിരുന്ന ഷീല ദീക്ഷിതിും സ്ത്രീസുരക്ഷക്ക് വേണ്ടി എന്ത് നടപടി സ്വീകരിച്ചെന്ന ചോദ്യം ഉയരുന്നുണ്ട്.

അമ്പത് ശതമാനവും യോഗ്യരോ

വനിതാസംവരണ ബില്ലിലൂടെ കൂടുതല്‍ അര്‍ഹരും യോഗ്യരുമായ സ്ത്രീകള്‍ അധികാരകേന്ദ്രങ്ങളിലെത്തുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനില്ല. അല്ലെങ്കില്‍ അതിനുത്തരം നല്‍കുന്നതിന് മുമ്പ് 50 ശതമാനം വനിതാസംവരണം നടപ്പാക്കിയ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എന്ത് മാറ്റമുണ്ടായി എന്ന അന്വേഷണത്തിലേക്ക് കടക്കണം. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ സാധ്യതയാണ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ 50 ശതമാനം സംവരണം തുറന്ന് തരുന്നത്. ഈ സാധ്യത സ്ത്രീ സമൂഹം വേണ്ടവിധം പ്രയോജനപ്പെടുത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉറപ്പിച്ച് ഉത്തരം നല്‍കാനാകില്ല. ബിനാമികള്‍ ഭരിക്കുന്ന പഞ്ചായത്തും മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമുണ്ടായി എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. എങ്കിലും പല പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്തായാലും അവസരങ്ങളുടെ അഭാവം ആര്‍ക്കും തടസമാകാതിരിക്കട്ടെ. ആ ബില്‍ കോണ്‍ഗ്രസോ ബിജെപിയോ അതല്ലെങ്കില്‍ അധികാരത്തിലെത്തുന്നത് ആരായാലും അവര്‍ പാസാക്കട്ടെ….

shortlink

Related Articles

Post Your Comments

Related Articles


Back to top button