KeralaLatest News

എന്റെ രാഷ്ട്രത്തിന്റെ പിതാവ് ,ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് ; എനിക്ക് പേടിയാകുന്നു;ഗാന്ധിവധത്തെ അവഹേളിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ ആര്‍ മീര

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് വിവാദമായിരിക്കുകയാണ്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു അവര്‍ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയവഴി പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സാഹിത്യകാരിയായ കെ ആർ മീര.

എന്റെ രാഷ്ട്രത്തിന്റെ പിതാവ് , ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ എനിക്കു പേടിയാകുന്നു എന്ന് തുടങ്ങുന്ന പോസ്റ്റാണ് കെ ആര്‍ മീര തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതേ എന്ന് സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സച്ചിദാനന്ദനും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ദൈവമേ എനിക്കു പേടിയാകുന്നു.

രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.

നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു.

എന്റെ രാഷ്ട്രത്തിന്റെ പിതാവ് !

ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് !

ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.

എനിക്കു പേടിയാകുന്നു.

അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.

മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.

ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.

ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും.

ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.

അതിനു മുമ്പ്,

നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.

ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം.

https://www.facebook.com/K.R.MeeraVayanavedhi/photos/a.482887235088482/2175390699171452/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button