KeralaLatest News

ഇനി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉപാധികളോടെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശന നിയമം വരുന്നു. ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി തേടുമ്പോള്‍ ഉള്ളടക്കം എന്തെന്ന് തദ്ദേശ ഭരണ സെക്രട്ടറിയെ ബോധ്യപ്പെടുത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിയമം രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പൊതുനിരത്തുകളില്‍ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 11.76 ലക്ഷം രൂപ പിഴയായി ഈടാക്കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച് 3,10,086 അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു. പഞ്ചായത്തുകളില്‍ നിന്ന് 1,80,943 ബോര്‍ഡുകള്‍ നീക്കം ചെയ്തു. 86,780 രൂപ പിഴ ഈടാക്കി. നഗരസഭകളില്‍ നിന്ന് 1,29,143 ബോര്‍ഡുകള്‍ നീക്കം ചെയ്ത് 10,89,690 രൂപ പിഴ ഈടാക്കിയതായും വിശദീകരണത്തില്‍ പറയുന്നു.

ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടമനുസരിച്ച് കാലാവധി കഴിയുന്ന തിയതി മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ഇവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ബോര്‍ഡുകള്‍ നീക്കി ചെലവ് ഈടാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മതസ്പര്‍ദ്ധയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കില്ല. പൊതുജനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലും വളവുകളിലും പാലങ്ങളിലും ട്രാഫിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലും ബോര്‍ഡുകള്‍ വയ്ക്കാന്‍ അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button