KeralaLatest News

അമ്പലപ്പുഴയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ

ആലപ്പുഴ: അമ്പലപ്പുഴ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ആലപ്പുഴ സെഷന്‍സ് കോടതിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.

2008 നവംബര്‍ 17 നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ക്ലാസ് മുറിക്കുള്ളില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയായിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ആലപ്പുഴ ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വ്യാപകപരാതി ഉയര്‍ന്നു. ഇതോടെ കേസ്‌ ്രൈകംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേരെ ചോദ്യം ചെയ്ത അന്വേഷണ സംഘം സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തി.

2008 നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബലാത്സംഗ രംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ പകര്‍ത്തി. ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കി.

എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. കേസിലെ സുപ്രധാന തെളിവുകള്‍ പലതും ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പീഡനരംഗം ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല. ലോക്കല്‍ പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികള്‍ക്ക് തുണയായതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button