Latest NewsInternational

തടവറയില്‍ കിടന്നു രചിച്ച വാട്സാപ് നോവലിന് ഓസ്ട്രേലിയയുടെ സാഹിത്യപുരസ്‌കാരം

സിഡ്‌നി: തടവറയില്‍ കഴിയവെ വാട്‌സാപിലുടെ എഴുതിയ കന്നി നോവലിന് ഓസ്‌ട്രേലിയയുടെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ബെഹറൂസ് ബൂചാനി എന്ന തടവുകാരന്‍. പാപുവ ന്യൂഗിനിയിലെ മാനസ് ദ്വീപില്‍ അഭയാര്‍ഥികള്‍ക്കായി ഓസ്‌ട്രേലിയ നിര്‍മിച്ച തടങ്കല്‍ പാളയത്തിലിരുന്നാണ് കുര്‍ദിഷ്-ഇറാനിയന്‍കാരനായ ബൂചാനി കയ്യിലൊളിപ്പിച്ചു വെച്ച ഫോണില്‍ മാതൃഭാഷയായ ഫാര്‍സിയില്‍ നോവലെഴുതുന്നതും പരിഭാഷകന് അയച്ച് കൊടുത്ത് ‘നോ ഫ്രണ്ട്‌സ് ബട്ട് ദ് മൗണ്‍ടന്‍സ്: റൈറ്റിങ് ഫ്രം മാനസ് പ്രിസണ്‍’ എന്ന നോവലാക്കി മാറ്റുന്നതും.

5 വര്‍ഷം മുന്‍പാണു ബോട്ടില്‍ വന്ന അഭയാര്‍ഥി സംഘത്തിലുണ്ടായിരുന്ന ബൂചാനി അറസ്റ്റ് ചെയ്യപ്പെട്ടത്. അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളെപ്പറ്റി രാജ്യാന്തര പത്രങ്ങളില്‍ ലേഖനങ്ങളെഴുതാറുള്ള ഇദ്ദേഹം സിനിമയുമെടുത്തിട്ടുണ്ട്. കടലാസില്‍ നോവലെഴുതിയാല്‍ പൊലീസ് കണ്ടുപിടിക്കുമായിരുന്നെന്നു ബൂചാനി പറയുന്നു. വിമര്‍ശനമുയര്‍ന്നതോടെ മാനസ് തടങ്കല്‍ പാളയം അടച്ചു പൂട്ടിയിരുന്നു.

ബൂചാനി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അതേ ദ്വീപിലെ മറ്റൊരു താവളത്തിലാണ്.ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള (72,650 ഡോളര്‍) പുരസ്‌കാരമായ വിക്ടോറിയന്‍ പുരസ്‌കാരവും അതോടൊപ്പം നോണ്‍ഫിക്ഷന്‍ വിഭാഗത്തിലുള്ള പുരസ്‌കാരവും (18,160 ഡോളര്‍) ബൂചാനിയുടെ ആത്മകഥാംശമുള്ള രചനയ്ക്കു ലഭിച്ചു. ഏകദേശം 65 ലക്ഷം രൂപയുടെ സമ്മാനമാണ് ബൂചാനിക്ക് ലഭിച്ചിരിക്കുന്നത്. അഭയം കിട്ടിയിട്ടില്ലാത്തതിനാല്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എഴുത്തുകാരന്റെ സാന്നിധ്യമില്ലാതെയായിരുന്നു നോവലിന്റെ പ്രകാശനവും.

shortlink

Post Your Comments


Back to top button