KeralaLatest News

എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച വിജയകരം; സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയകരമായതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.

മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സമര സമിതി.എന്നാല്‍ ഇപ്പോള്‍ നടത്തിയ സമരം പൂര്‍ണ്ണ വിജയമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. 2017ല്‍ തയ്യാറാക്കിയ പട്ടികയിലെ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന ധാരണ. ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും. അതിരു ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ഇതില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. ഈ ആവശ്യം അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സമരസമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button