Latest NewsIndia

വഴി തെറ്റി ഓടിയ ലോറിക്ക് 19 ലക്ഷം രൂപ ജിഎസ്ടി പിഴ

തമിഴ്‌നാട്: വഴിതെറ്റി ഏഴുകിലോമീറ്റര്‍ ഓടിയ ലോറിക്ക് 18,96,000  രൂപ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വകുപ്പ് പിഴയായി ചുമത്തി. തമിഴ്‌നാട്ടിലാണ് സംഭവം. ഇരുചക്രവാഹനങ്ങളുമായെത്തിയ കണ്ടെയ്‌നര്‍ ലോറിക്കാണ് ഭീമമായ തുക പിഴ ചുമത്തിയത്. ഒടുവില്‍ കോടതി ഇത് വെറും 5000 ആയി ചുരുക്കി.

പുണെയില്‍നിന്ന് 40 ഇരുചക്ര വാഹനങ്ങളുമായി തമിഴ്നാട്ടിലെ വിരുതുനഗറിലേക്ക് എത്തിയതായിരുന്നു ലോറി. എന്നാല്‍ വഴിതെറ്റി ഡ്രൈവര്‍ എത്തിയത് ശിവകാശിയിലായിരുന്നു. തുടര്‍ന്ന് അവിടെ വാഹന പരിശോധന നടത്തിയ ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ ലോറിയും ചരക്കും പിടികൂടി 18,96,000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഭീമമായ ഈ പിഴയ്‌ക്കെതിരെ വിരുതുനഗറിലെ ഇരുചക്രവാഹന വ്യാപാരി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് വാഹനം കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും നികുതി വെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ലെന്നും കോടതി കണ്ടെത്തി. അതേസമയം സംഭവ സമയത്ത് ലോറി ഡ്രൈവര്‍ ചാദ്യംചെയ്യലില്‍ സഹകരിക്കാത്തതിനാലാണ് ലോറി പിടികൂടിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിന്നീട് ഡ്രൈവര്‍ക്ക് വഴി തെറ്റിയതാണെന്ന കമ്പനിയുടെ വാദം കോടതി ശരിവച്ചു. കൂടാതെ ലോറി ഡ്രൈവറും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയത്തില്‍ വന്ന പ്രശ്‌നമാണിതെന്നും കണ്ടെത്തി. തുടര്‍ന്ന് 5000 രൂപ പിഴ ഈടാക്കി വസ്തുവും ലോറിയും വിട്ടുനല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button