Latest NewsKerala

ചോദ്യം ചെയ്യാനായി സ്‌റ്റേഷനില്‍ വിളിപ്പിച്ചു, ഡിജിപിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കള്ളക്കേസ് ചുമത്തി; കൊല്ലം പോലീസ് കമ്മീഷണറുടെ അധികാര ദുര്‍വിനിയോഗം തുറന്നുകാട്ടി യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊല്ലം പോലീസ് കമ്മീഷണറുടെ അധികാര ദുര്‍വിനിയോഗം ചൂണ്ടിക്കാട്ടിയുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കഴിഞ്ഞദിവസം വൈകീട്ട് ഡിക്‌സണ്‍ സൈറസ് എന്നയാളെ കൊല്ലം വെസ്റ്റ് പോലീസ് വീട്ടില്‍ നിന്നും ബലമായി സ്റ്റേഷനില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ബോറിസ് പോള്‍ എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

വൈകുന്നേരത്തോടെ ഡിക്‌സനെ കൂട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു ചെന്ന സുഹൃത്തുക്കളോടും സഹോദരനോടും എസ്.ഐ കേസൊന്നും ഇല്ല എന്നാണ് വ്യക്തമാക്കിയതെന്നും ബോറിസ് വെളിപ്പെടുത്തുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞിട്ടാണ് ഡിക്‌സനെ കൂട്ടിക്കൊണ്ട് വന്നതെന്നും എറണാകുളത്തെ ഏതോ ഒരു വ്യക്തിയും ആയിട്ടുള്ള തര്‍ക്കം സെറ്റില്‍ ചെയ്യാനാണെന്നും എസ് ഐ പറഞ്ഞതായി ബോറിസ് പറയുന്നു. ഇതിനെത്തുടര്‍ന്ന് കമ്മീഷണറുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും കമ്മീഷണര്‍ ഫോണെടുക്കാന്‍ കൂട്ടാക്കിയില്ല എന്നും ആരോപിക്കുന്നുണ്ട്. തുടര്‍ന്ന് ഡിജിപിയുമായി ബന്ധപ്പെട്ടുവെന്നും അന്വേഷിക്കാം എന്ന് ഉറപ്പു ലഭിച്ചുവെന്നും ബോറിസ് പറയുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഡിക്‌സനെതിരെ 420 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് ബോറിസ് പറയുന്നത്.

വിലയാധാര കരാര്‍ ലംഘനം മൂലമുള്ള തികച്ചും സിവില്‍ തര്‍ക്കത്തിന്റെ പേരിലാണ് പൊലീസ് നടപടിയെടുത്തതെന്നും ആരോപണമുയരുന്നുണ്ട്. സിവില്‍ കോടതിയില്‍ പരാജയപ്പെടുമെന്ന് കണ്ട എതിര്‍കക്ഷി സിറ്റി പോലീസ് കമ്മീഷണറെ സ്വാധീനിച്ചുവെന്നും അതിന്റെ ഫലമായി മാന്യനായ വ്യക്തിയെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തുകയായിരുന്നുവെന്നും ബോറിസ് ആരോപിക്കുന്നു. സംഭവം ഡിജിപിയുടെ ശ്രദ്ധയില്‍ പെട്ടെന്ന് മനസ്സിലായപ്പോള്‍ പാതിരാത്രി കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ എറണാകുളത്ത് നില്‍ക്കുമ്പോള്‍ കൊല്ലത്ത് എഫ്‌ഐആര്‍ ഇട്ടുവെന്നും ബോറിസിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ബോറിസ് പോളിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊല്ലം പോലീസ് കമ്മീഷണറുടെ അധികാര ദുര്‍വിനിയോഗം –
ഇത്തരക്കാരുടെ കാക്കിത്തൊപ്പി ഊരിയെറിയണം!

ഇന്നലെ വൈകീട്ട് 6 മണിയോടെ ഡിക്‌സണ്‍ സൈറസ് എന്നയാളെ കൊല്ലം വെസ്റ്റ് പോലീസ് വീട്ടില്‍ നിന്നും ബലമായി സ്റ്റേഷനില്‍ കൊണ്ടുപോയി. അന്വേഷിച്ചു ചെന്ന സുഹൃത്തുക്കളോടും സഹോദരനോടും എസ്.ഐ കൈമലര്‍ത്തി. കേസൊന്നും ഇല്ല. അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞിട്ടാണ്. എറണാകുളത്തെ ആരോടോ ഉള്ള തര്‍ക്കം സെറ്റില്‍ ചെയ്യാന്‍ അവര്‍ രാവിലെ വരുമത്രേ! വിവരം വൈകി അറിഞ്ഞ ഞാന്‍ സിറ്റി കമ്മീഷണറുടെ ഫോണില്‍ മൂന്ന് തവണ വിളിച്ചു. എടുത്തില്ല.
എസ്.എം.എസ് സന്ദേശമയച്ചു. പ്രതികരിച്ചില്ല. ഞാന്‍ ഡി.ജി.പിയുടെ മൊബൈലില്‍ സന്ദേശമയച്ചു. രണ്ടു മിനിട്ടിനുള്ളില്‍ ഡി.ജി.പി ബെഹ്‌റ ഇങ്ങോട്ട് വിളിച്ചു. ഞാന്‍ വിവരം പറഞ്ഞു. കമ്മീഷണര്‍ക്ക് പരാതി ഫോര്‍വേഡ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. ലോക്കല്‍ പോലീസിനെ വീണ്ടും ബന്ധപ്പെടാനും ഉപദേശിച്ചു. ഞാന്‍ എസ്.ഐയെ വിളിച്ചു. നേരത്തെ സഹോദരനോട് പറഞ്ഞത് അദ്ദേഹം എന്നോടും ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നിസ്സഹായത മനസ്സിലായി. തുടര്‍ന്ന് എ.സി.പിയെ വിളിച്ചു. കേസില്ലെന്നും എറണാകുളത്ത് കാരുടെ പരാതി കമ്മീഷണറുടെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത് ചെയ്യാമെന്നും പറഞ്ഞു. ഞാനും ഡിക്‌സന്റെ സഹോദരനും സുഹൃത്തുക്കളും രാത്രി സ്റ്റേഷനിലെത്തി. ഡിക്‌സണ്‍ അവശനായിരുന്നു. ഇതിനിടെ സുഹൃത്തുക്കള്‍ രാഷ്ട്രീയ നേതാക്കളെ വിവരം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഒന്നും നടന്നില്ല. 11:30ക്ക് പുറത്ത് നില്‍ക്കുന്ന എന്നെക്കണ്ട് ”ഞാനിപ്പോള്‍ കുഴഞ്ഞ് വീഴും” എന്ന് ഡിക്‌സണ്‍ വിളിച്ചു പറഞ്ഞു. ഞാനുടനെ എസ്.ഐയെ വിളിച്ചു വിവരം അറിയിച്ചു. അപ്പോള്‍, ആ വൈകിയ വേളയില്‍ അദ്ദേഹം പറയുകയാണ്… ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. 420 വകുപ്പ് പ്രകാരം! ക്രൈം 108/2019 !
അതിശയകരം മറ്റൊന്നുമല്ല. പറയപ്പെടുന്ന കുറ്റകൃത്യം നടന്നത് എറണാകുളത്ത്. വിലയാധാര കരാര്‍ ലംഘനമാണ് കുറ്റം. തികച്ചും സിവില്‍ തര്‍ക്കം. സിവില്‍ കോടതിയില്‍ പരാജയപ്പെടുമെന്ന് കണ്ട എതിര്‍കക്ഷി സ്വാധീനിച്ചത് സിറ്റി പോലീസ് കമ്മീഷണറെ! മാന്യനായ വ്യക്തിയെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തി. സംഗതി ഡി.ജി.പിയുടെ ശ്രദ്ധയില്‍ പെട്ടെന്ന് മനസ്സിലായപ്പോള്‍ പാതിരാത്രി കള്ളക്കേസ് എടുപ്പ്! അതും പരാതിക്കാരന്‍ എറണാകുളത്ത് നില്‍ക്കുമ്പോള്‍ കൊല്ലത്ത് FIR!
ഇന്ന് രാവിലെ 4 മണി വരെയും ഈ കള്ള FIR പോലീസ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല
സ്റ്റേഷനില്‍ കുഴഞ്ഞ് വീണ ഡിക്‌സനെ രാത്രി ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ച് വീണ്ടും സ്റ്റേഷനില്‍ കൊണ്ടുവന്ന് ഇരുത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉടനെ പൊതുജന സമക്ഷം പ്രസിദ്ധീകരിക്കാം.
ഇത്തരം അധികാര ദുര്‍വിനിയോഗം ചെയ്യുന്ന പോലീസുകാരാണ് കേരള പോലീസിന് നാണക്കേട് ഉണ്ടാക്കുന്നത്.
ഇവര്‍ സര്‍ക്കാരിനെയും കളങ്കപ്പെടുത്തുന്നു.
ഇവരുടെ തൊപ്പികള്‍ ഊരിയെറിയാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അപേക്ഷ…..
അങ്ങ് ഇവരെ ചുമക്കരുത്…

https://www.facebook.com/photo.php?fbid=10215408280695028&set=a.1491277276713&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button